മുംബൈ: രാജ്കുമാർ ഹിറാനിയുടെ സംവിധാനത്തിൽ ആമിർ ഖാൻ നായകനായ 'പികെ'യുടെ ഒറിജിനൽ ക്യാമറ നെഗറ്റീവ് ഇനി നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ (എൻഎഫ്എഐ) യുടെ സംരക്ഷണത്തിൽ. ചിത്രത്തിന്റെ ക്യാമറ നെഗറ്റീവിനൊപ്പം 300 കാനോളം വരുന്ന റഷസും ഹിറാനിയുടെ തന്നെ മറ്റൊരു ജനപ്രിയ ചിത്രമായിരുന്ന '3 ഇഡിയറ്റ്‌സി'ന്റെ റഷസും എൻഎഫ്എഐ ഡയറക്ടർ പ്രകാശ് മഗ്ദൂമിന് സംവിധായകൻ കൈമാറി. എൻഎഫ്‌ഐയുടെ പ്രീമിയർ ഫിലിം ആർക്കൈവിൽ ഇവയെല്ലാം ഇനി സംരക്ഷിക്കും. മുംബൈയിൽ വച്ചാണ് ആർക്കൈവ് ഡയറക്ടർ ഇവ ഏറ്റുവാങ്ങിയത്.

സറ്റയർ കോമഡി ഡ്രാമ ഗണത്തിൽ പെടുന്ന 'പികെ' 2014ലാണ് തിയറ്ററുകളിൽ എത്തിയത്. ഇന്ത്യയിലെ സിനിമാ ചിത്രീകരണം ഫിലിമിൽ നിന്ന് ഡിജിറ്റലിലേക്ക് അതിവേഗം മാറിക്കൊണ്ടിരുന്ന കാലത്ത്, പൂർണ്ണമായും ഫിലിമിൽ ചിത്രീകരിച്ച അവസാനത്തെ ഒരു ശ്രദ്ധേയ ചിത്രമാണ് പികെ. ആമിർ ഖാനൊപ്പം അനുഷ്‌ക ശർമ്മ, സുശാന്ത് സിങ് രാജ്പുത്, സഞ്ജയ് ദത്ത് തുടങ്ങി വൻ താരനിരയാൽ സമ്പന്നമായിരുന്ന ചിത്രം ഇന്ത്യയിലും വിദേശരാജ്യങ്ങളിലും വൻ ബോക്‌സ് ഓഫീസ് വിജയം സ്വന്തമാക്കി. ചിത്രവുമാണ്.

അതേസമയം രാജ്കുമാർ ഹിറാനിയുടെ തന്നെ മുന്നാഭായി എംബിബിഎസ്, ലഗേ രഹോ മുന്നാഭായി, 3 ഇഡിയറ്റ്‌സ് എന്നീ ചിത്രങ്ങളുടെ നെഗറ്റീവുകൾ നേരത്തേ തന്നെ എൻഎഫ്എഐയുടെ സംരക്ഷണത്തിലാണ്.