കൽപ്പറ്റ: ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന ഊട്ടി, ഗൂഢല്ലൂർ മേഖലകൾ ഉൾക്കൊള്ളുന്ന നീലഗിരി ജില്ലയിൽ പ്ലാസ്റ്റികിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തി ജില്ലകലക്ടർ. പ്ലാസ്റ്റിക് കാരിബാഗുകൾ, കപ്പുകൾ, തെർമോകോളിലും മറ്റും തീർത്ത പ്ലേറ്റുകൾ തുടങ്ങിയവക്കാണ് കർശന വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

മഴക്കാലജന്യരോഗങ്ങളെ തടയുന്നതിന്റെ ഭാഗമായാണ് നടപടി. മേൽപ്പറഞ്ഞ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിൽപ്പനയും നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ ഇത്തരത്തിലുള്ള പ്ലാസ്റ്റിക് സാമഗ്രികൾ വലിച്ചെറിഞ്ഞാൽ പിഴയീടാക്കാനും കലക്ടർ ഇന്നസെന്റ് ദിവ്യ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

നീലഗിരിയിലേക്ക് വരുന്നവർ പ്ലാസ്റ്റിക് സാമഗ്രികൾ കൊണ്ടുവരരുതെന്നും കലക്ടർ അഭ്യർത്ഥിച്ചിട്ടുണ്ട്. നിർദ്ദേശം ലംഘിച്ചാൽ കനത്ത പിഴ ഈടാക്കാനാണ് തീരുമാനം. കേരളത്തിൽ സിക വൈറസ് റിപ്പോർട്ട് ചെയ്തതിന് ശേഷം തമിഴ്‌നാട് അതിർത്തിയിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും ജാഗ്രത കൈവിടാതെ നോക്കാൻ ജില്ല ഭരണകൂടം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.