കൊച്ചി: ജനങ്ങളെ കബളിപ്പിച്ച് വോട്ടുതേടി എന്നാരോപിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി. ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്നാണ് ആർ.ബിന്ദു ജയിച്ചത്. ബിന്ദു പ്രൊഫസർ അല്ലാതിരുന്നിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ടു നേടി ജയിച്ചെന്ന് ആരോപിച്ച് എതിർ സ്ഥാനാർത്ഥിയായിരുന്ന യുഡിഎഫിന്റെ തോമസ് ഉണ്ണിയാടനാണ് ഹർജി നൽകിയത്. ബിന്ദുവിന്റെ തിരഞ്ഞെടുപ്പു ജയം റദ്ദാക്കണമെന്നാണ് ആവശ്യം.

ബിന്ദു പ്രൊഫസറല്ലാതിരുന്നിട്ടും പോസ്റ്ററുകളിലും നോട്ടീസുകളിലും പ്രഫ.ബിന്ദു എന്നാണ് വച്ചിരുന്നത്. ബാലറ്റ് പേപ്പറിലും പ്രഫ. ബിന്ദു എന്നാണ് കൊടുത്തിരുന്നത്. അതുകൊണ്ടുതന്നെ ഇവർ ജനങ്ങളെ കബളിപ്പിച്ചാണ് വോട്ടു നേടിയിരിക്കുന്നത്. ഇതിനു പുറമേ എതിർ സ്ഥാനാർത്ഥിയായിരുന്ന തനിക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് ലഘുലേഖകൾ ഇറക്കിയിരുന്നു. ഇത് ബിന്ദുവിന്റെ അറിവോടെയായിരുന്നു. അതുകൊണ്ടു ബിന്ദുവിന്റെ ജയം അസാധുവാക്കണമെന്നും തോമസ് ഉണ്ണിയാടൻ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നു.

നേരത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയതായി ബോധ്യപ്പെട്ടതിനെ തുടർന്ന് സർക്കാർ തന്നെ തെറ്റ് തിരുത്തി പ്രത്യേക ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തിൽ മന്ത്രി വീണ്ടും ഗവർണറുടെ മുമ്പാകെ സത്യപ്രതിജ്ഞ നടത്തണമെന്ന് ആവശ്യപ്പെട്ടു സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയിരുന്നു.

മെയ് 20ന് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പേര് പ്രൊഫസർ.ആർ. ബിന്ദു എന്ന് രേഖപ്പെടുത്തിയിട്ടുള്ളത് ഡോക്ടർ. ആർ. ബിന്ദുവെന്ന് തിരുത്തിയതായി അറിയിച്ചുകൊണ്ടാണ് ജൂൺ എട്ടിന് ചീഫ് സെക്രട്ടറി ഡോക്ടർ.വി. പി. ജോയി അസാധാരണ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.

പ്രൊഫസർ. ആർ.ബിന്ദു വെന്ന പേരിലാണ് മന്ത്രി ഗവർണറുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തത്. തൃശൂർ കേരളവർമ്മ കോളേജിലെ അദ്ധ്യാപികയായ ഡോ: ബിന്ദു പ്രൊഫസറല്ലെന്നും ഇത് ആൾമാറാട്ടത്തിന് തുല്യവും ഭരണഘടനാ ലംഘനവുമാണെന്നും ഗസറ്റ് വിജ്ഞാപനത്തിലൂടെ തെറ്റ് സർക്കാർ തന്നെ തിരുത്തിയിരിക്കുന്ന സാഹചര്യത്തിൽ തെറ്റ് തിരുത്തി വീണ്ടും സത്യപ്രതിജ്ഞ നടത്താൻ മന്ത്രിക്ക് നിർദ്ദേശം നൽകണമെന്നും ഗവർണർക്കു നൽകിയ നിവേദനത്തിൽ പറഞ്ഞിരുന്നു.