ന്യൂഡൽഹി: പ്ലസ്വൺ പരീക്ഷ നടത്താനുള്ള കേരള സർക്കാർ തീരുമാനം നടക്കാൻ ഇടയില്ല, പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പരീക്ഷ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഏപ്രിലിൽ നടത്തിയിരുന്നു. സെപ്റ്റംബറിൽ പ്ലസ്വൺ പരീക്ഷ നടത്താനാണ് കേരളത്തിന്റെ തീരുമാനം. എന്നാൽ ഇതിനോട് സുപ്രീംകോടതിക്ക് യോജിപ്പില്ലെന്നതാണ് പുറത്തു വരുന്ന സൂചനകൾ.

പ്ലസ് വൺ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിനും ആന്ധ്രപ്രദേശിനും സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നു. രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ ആശങ്ക ഇപ്പോഴും നിലനിൽക്കുകയാണ്. ഈ ഘട്ടത്തിൽ കുട്ടികളെ അപകടത്തിൽ ആക്കാനാകില്ല. കൃത്യമായ വിവരങ്ങൾ നൽകിയില്ലെങ്കിൽ പരീക്ഷ നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞ സുപ്രീം കോടതി ഇക്കാര്യത്തിൽ കേരളം നൽകിയ സത്യവാങ്മൂലം അംഗീകരിക്കില്ലെന്നും അറിയിച്ചു.

പരീക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് കേരളവും ആന്ധ്രപ്രദേശും നൽകിയ സത്യവാങ്മൂലങ്ങൾ അംഗീകരിക്കാനാകില്ലെന്നായിരുന്നു കോടതി നിലപാട്.  അഞ്ച് ലക്ഷത്തോളം കുട്ടികൾ ആന്ധ്രപ്രദേശിൽ പരീക്ഷ എഴുതുന്നുണ്ടെന്നാണ് ആന്ധ്ര സർക്കാരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. 38000 ക്ലാസ് മുറികളാണ് സജ്ജമാക്കിയിട്ടുണ്ടെന്നും കോടതിയിൽ അഭിഭാഷകൻ പറഞ്ഞു. കോവിഡ് ആശങ്ക നിലനിൽക്കെ എന്തിനാണ് പരീക്ഷ നടത്തണമെന്ന വാശിയെന്നും മറ്റെന്തെങ്കിലും ക്രമീകരണം ബന്ധപ്പെട്ട ബോർഡുകളുമായി ആലോചിച്ച് ഉണ്ടാക്കിക്കൂടെ എന്നും സുപ്രീം കോടതി ചോദിച്ചു.

ആന്ധ്രപ്രദേശിനോട് പറഞ്ഞതെല്ലാം കേരളത്തിനും ബാധകമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സെപ്റ്റംബറിൽ പരീക്ഷ നടത്തുമെന്നാണ് കേരളം അറിയിച്ചത്. ഇതിന് തയ്യാറാക്കിയ ഷെഡ്യൂളുകളൊന്നും അംഗീകരിക്കത്തക്കതല്ലെന്നും വിദഗ്ധരുമായി കൂടിയാലോചിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വ്യക്തമായ വിവരങ്ങൾ എഴുതി നൽകണം. പതിനൊന്നാം ക്‌ളാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് ഹർജി നൽകിയ കുട്ടികളോട് കേരള ഹൈക്കോടതിയെ സമീപിക്കാനും കോടതി നിർദ്ദേശിച്ചു

വിവിധ സംസ്ഥാനബോർഡുകളുടെ പന്ത്രണ്ടാംക്ലാസ് പരീക്ഷകൾ റദ്ദാക്കണമെന്ന ഹർജിക്കിടെയാണ് കേരളത്തിലെ പതിനൊന്നാംക്ലാസ് പരീക്ഷയുടെ വിഷയവുമെത്തിയത്. പ്ലസ്വൺ പരീക്ഷയും യോഗ്യത കണക്കാക്കാൻ ആവശ്യമാണെന്നും റദ്ദാക്കുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നും കേരളം വ്യക്തമാക്കിയിരുന്നു. ആറുസംസ്ഥാനങ്ങൾ അവരുടെ പന്ത്രണ്ടാംക്ലാസ് പരീക്ഷ നടത്തിക്കഴിഞ്ഞു. ആന്ധ്രാപ്രദേശ് ഒഴികെയുള്ള ബാക്കി സംസ്ഥാനങ്ങൾ പരീക്ഷ റദ്ദാക്കുകയും ചെയ്തു. ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ പ്ലസ്ടു പരീക്ഷ നടത്താനാണ് തീരുമാനമെന്ന് ആന്ധ്ര അറിയിച്ചു.

എന്നാൽ, ഇക്കാര്യത്തിൽ സുപ്രീംകോടതി ആശങ്കയറിയിച്ചു. ഒരാൾക്കെങ്കിലും കോവിഡ് ബാധിച്ച് ആപത്ത് സംഭവിച്ചാൽ സംസ്ഥാന സർക്കാരാകും അതിന് ഉത്തരവാദിയെന്ന് സുപ്രീംകോടതി ആന്ധ്രയ്ക്ക് മുന്നറിയിപ്പ് നൽകി. കേരളത്തോടും ഇതേ സമീപനമാണ് സുപ്രീംകോടതി തുടരുന്നത്.