തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിനായുള്ള അപേക്ഷാതീയതി നീട്ടി. ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 4 വരെ സമർപ്പിക്കാം. hscap.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് ഏകജാലക സംവിധാനം വഴിയുള്ള പ്ലസ്‌വൺ പ്രവേശനത്തിന് അപേക്ഷിക്കേണ്ടത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത് മൂന്നാംതവണയാണ് അപേക്ഷാ തീയതി ദീർഘിപ്പിക്കുന്നത്. 4.76 ലക്ഷം പേരാണ് ഇതുവരെ അപേക്ഷിച്ചിട്ടുള്ളത്.

സെപ്റ്റംബർ 5-ന് ട്രയൽ റണ്ണും 15-ന് ആദ്യ അലോട്ട്‌മെന്റും പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളത്. നിലവിലെ സാഹചര്യത്തിൽ ഇത് നീണ്ടുപോകാൻ സാധ്യതയുണ്ട്. അലോട്ട്‌മെന്റ് നടപടികൾ ഒക്ടോബറിൽ അവസാനിപ്പിച്ച് നവംബറോടെ ക്ലാസുകൾ ആരംഭിക്കാനാകുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.