തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. അപേക്ഷ സമർപ്പിക്കാനും കാൻഡിഡേറ്റ് ലോ​ഗിൻ ക്രിയേറ്റ് ചെയ്യാനുമുള്ള സമയപരിധി 25 ന് വൈകീട്ട് അഞ്ചു മണി വരെയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. അപേക്ഷകൾ https://www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം. അപേക്ഷയ്‌ക്കൊപ്പം വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്.

നേരത്തെ ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാനുള്ള തീയതി 20വരെ നീട്ടിയിരുന്നു. സംവരണ ഇതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായുള്ള 10 ശതമാനം സീറ്റ് സംബന്ധിച്ച് ഉത്തരവിറങ്ങിയ പശ്ചാത്തലത്തിലാണ് സമയം നീട്ടിയത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായുള്ള സർട്ടിഫിക്കറ്റുകൾ വില്ലേജ് ഓഫീസിൽ നിന്നാണ് വാങ്ങേണ്ടത്. സംവരണ ഇതര വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അപേക്ഷകർ മുഴുവൻ സീറ്റുകളിലും ഇല്ലെങ്കിൽ ബാക്കിവരുന്ന സീറ്റുകൾ അവസാന അലോട്ട്‌മെന്റിൽ പൊതു സീറ്റുകൾ ആയി പരിഗണിച്ച് അലോട്ട്‌മെന്റ് നടത്തും.