തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഈ മാസം ആറ് വരെ നീട്ടി നൽകി. മറ്റന്നാൾ ആയിരുന്നു അവസാന തീയ്യതി. ട്രയൽ അലോട്ട്‌മെന്റ് ഏഴാം തീയതിയിൽ നിന്ന് പതിമൂന്നാം തീയതിയിലേക്കും, ആദ്യ അലോട്ട്‌മെന്റ് 13ൽ നിന്ന് 22ലേക്കും മാറ്റി. എന്നാൽ ക്ലാസുകൾ എപ്പോൾ തുടങ്ങുമെന്ന കാര്യത്തിൽ ഇത് വരെയും തീരുമാനം ആയിട്ടില്ല.

പത്താം ക്ലാസിൽ റെക്കോർഡ് വിജയമായിരുന്നു ഇത്തവണത്തേത്. ഉന്നതപഠനത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിന് അനുസരിച്ച് പ്ലസ് വൺ സീറ്റുകൾ ഇല്ലാത്തതിനാൽ വലിയ പ്രതിസന്ധിയാണ് ഇത്തവണ വിദ്യാഭ്യാസ വകുപ്പിന് മുന്നിലുള്ളത്. സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഹയർസെക്കന്ററിയിൽ 20 ശതമാനം അധിക സീറ്റുകൾ അനുവദിച്ചെങ്കിലും പ്രവേശനം ലഭിക്കുമോ എന്ന ആശങ്കയാണ് വിദ്യാർത്ഥികൾ പങ്കുവയ്ക്കുന്നത്.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട്, എന്നീ ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർസെക്കന്ററി സ്‌കൂളുകളിൽ 2021 വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് എല്ലാ വിഷയങ്ങളിലും 20 ശതമാനം സീറ്റ് അധികമായി അനുവദിക്കാനാണ് തീരുമാനം.

വടക്കൻ ജില്ലകളിൽ മാത്രം ഇരുപതിനായിരത്തോളം പ്‌ളസ് വൺ സീറ്റുകളുടെ കുറവാണുള്ളത്. മുഴുൻ വിഷയങ്ങൾക്കും എപ്‌ളസ് കിട്ടിയവർക്കു പോലും സീറ്റ് ഉറപ്പില്ലാത്ത സ്ഥിതിയാണ് നിലവിൽ ഉള്ളത്.