തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി കോഴ്‌സുകളിൽ കൂടുതൽ സീറ്റുകൾ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട്, എന്നീ ഏഴ് ജില്ലകളിലാണ് 20 ശതമാനം സീറ്റുകൾ വർധിപ്പിക്കുക. ഈ ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 20-21 വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് എല്ലാ വിഷയങ്ങളിലും സീറ്റുകൾ അധികമായി അനുവദിക്കാനാണ് തീരുമാനം. ഉത്തരവ് ഉടൻ പുറത്തിറങ്ങും.

ഇത്തവണ കൂടുതൽ വിദ്യാർത്ഥികൾ എസ്എസ്എൽസി പരീക്ഷയിൽ തുടർപഠനത്തിന് യോഗ്യത നേടിയ പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം. സീറ്റ് വർധിപ്പിക്കണമെന്നത് സംബന്ധിച്ച് നിരവധി അപേക്ഷകൾ സർക്കാരിന് മുന്നിലെത്തിയിരുന്നു.

ഇതിന് പുറമെ കുടുംബശ്രീ അംഗങ്ങൾക്ക് റീസർജന്റ് കേരള ലോൺ സ്‌കീം (ആർകെഎൽഎസ്) മുഖേന അനുവദിച്ച ബാങ്ക് വായ്പയുടെ ഈ വർഷത്തെ മൂന്നാം ഗഡു പലിശ സബ്‌സിഡി തുകയായ 75,12,91,693 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മുൻകൂറായി കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർക്ക് അനുവദിക്കാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് വിവിധ സേവനങ്ങൾക്കായി ഏകീകൃത വിവര സംവിധാനം കൊണ്ടുവരാനുള്ള തീരുമാനവും നിർണായകമാകും. സംസ്ഥാനത്തെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും തെരഞ്ഞെടുക്കുന്നതിനുമുള്ള കേന്ദ്രീകൃത പൊതു പ്ലാറ്റ് ഫോമാകും ഇത്.

ഇതിന് പുറമെ നിക്ഷേപകരുടെ പരാതി,ബുദ്ധിമുട്ടുകൾ എന്നിവ സമയബന്ധിയമായി പരിഹരിക്കുവാൻ ജില്ലാ/ സംസ്ഥാന പരാതി പരിഹാര കമ്മിറ്റികൾ രൂപീകരിക്കുന്നതിനുള്ളഓർഡിനൻസ് കൊണ്ടുവരും. അതിനുള്ള ശുപർശ ഗവർണർക്ക് സമർപ്പിക്കാനും തീരുമാനമായി.