ന്യൂഡൽഹി: കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ വർഷത്തെ സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പരീക്ഷ നടക്കില്ലെങ്കിലും പന്ത്രണ്ടാം ക്ലാസ് ഫലങ്ങൾ കൃത്യമായ മാനദണ്ഡങ്ങൾക്കനുസൃതമായി സമയബന്ധിതമായി പ്രസിദ്ധീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തിലാണ് തീരുമാനം. മന്ത്രിമാരായ പ്രകാശ് ജാവഡേക്കർ, രാജ്‌നാഥ് സിങ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

9, 10, 11 ക്ലാസുകളിലെ ശരാശരി മാർക്ക് കണക്കാക്കി പന്ത്രണ്ടാം ക്ലാസിലെ മാർക്ക് നിർണയിക്കുന്നത് അടക്കമുള്ള ക്രമീകരണങ്ങളാണ് നിലവിൽ ചർച്ചകളിൽ ഉള്ളത്. ഉപരിപഠനത്തിനുള്ള അവസരങ്ങളിൽ പിന്തള്ളപ്പെട്ട് പോകുമോ എന്നത് അടക്കമുള്ള ആശങ്ക വിദ്യാർത്ഥികൾക്ക് ഇടയിലും ഉണ്ട്. ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടമാകരുതെന്നും അതിൽ പിന്തള്ളപ്പെട്ട് പോകരുതെന്നും അടക്കമുള്ള ആശങ്കകളും പരിഗണിച്ചേ തീരുമാനം ഉണ്ടാകാവൂ എന്ന തരത്തിലും ചർച്ചകൾ സജീവമാണ്.

മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് പിന്നീട് പരീക്ഷ എഴുതാൻ സാഹചര്യം ഒരുക്കും. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായ ശേഷമാകും ഈ പരീക്ഷ. വിശദ മാർഗ്ഗ നിർദ്ദേശം ഉടൻ പ്രഖ്യാപിക്കും. ഈ മാർഗ്ഗ രേഖ അനുസരിച്ച് സമയബന്ധിതമായി ഫല പ്രഖ്യാപനം നടത്താനാണ് തീരുമാനം. പരീക്ഷ ഉപേക്ഷിച്ച തീരുമാനത്തെ സിബിഎസ് ഇ മാനേജ്‌മെന്റുകളും സ്വാഗതം ചെയ്തു. പരീക്ഷ നടത്തണമെന്നതായിരുന്നു കേരളത്തിന്റെ നിലപാട്.

വിദ്യാർത്ഥികളുടെ താൽപര്യാർഥമാണ് പന്ത്രണ്ടാം ക്ലാസ് സി.ബി.എസ്.ഇ. പരീക്ഷകളിൽ തീരുമാനം എടുത്തതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നമ്മുടെ വിദ്യാർത്ഥികളുടെ ആരോഗ്യവും സുരക്ഷയും വളരെ പ്രാധാന്യമർഹിക്കുന്നതാണെന്നും ഈ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സമ്മർദ്ദ സാഹചര്യത്തിൽ പരീക്ഷയ്ക്ക് ഹാജരാകാൻ വിദ്യാർത്ഥികളെ നിർബന്ധിക്കരുതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മെയ് മാസത്തിൽ നടത്താനിരുന്ന സിബിഎസ്ഇ പത്താംതരം പരീക്ഷയും റദ്ദാക്കിയിരുന്നു. ഇന്റേണൽ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും പത്താതരം വിദ്യാർത്ഥികളുടെ ഫലപ്രഖ്യാപനം ഉണ്ടാവുക.

സംസ്ഥാനങ്ങളിലെ ലോക്ഡൗണും പരിഗണിച്ചു. പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം സ്വാഗതാർഹമെന്ന് സിബിഎസ്ഇ മാനേജ്‌മെന്റുകൾ അറിയിച്ചു. പ്ലസ് ടു മൂല്യനിർണയത്തിന് കൃത്യമായ മാനദണ്ഡം വേണമെന്നും മാനേജ്‌മെന്റുകൾ ആവശ്യപ്പെട്ടു. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നേരത്തേ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കുകയും പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. മാത്രമല്ല, മാറ്റിവച്ച പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വന്ന ഹർജിയിൽ സുപ്രീം കോടതി വ്യാഴാഴ്ച മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്.

കൗൺസിൽ ഫോർ ദ് ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻസ് (സിഐസിഎസ്ഇ) പ്ലസ് ടു പരീക്ഷകളും റദ്ദാക്കി. വിദ്യാർത്ഥികൾ പിന്നീട് പരീക്ഷ എഴുതാൻ അവസരം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം രാജ്യത്ത് അതിരൂക്ഷമാണ്. ചില സംസ്ഥാനങ്ങളിൽ കോവിഡ് കുറഞ്ഞ് വരുന്നുണ്ടെങ്കിലും മറ്റ് ചിലയിടങ്ങളിൽ ലോക് ഡൗൺ അടക്കമുള്ള സാഹചര്യം നിലവിലുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷയിൽ ഒരുതരത്തിലും വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് വിലയിരുത്തിയാണ് പരീക്ഷ വേണ്ടെന്ന നിർണ്ണായക തീരുമാനം എടുക്കുന്നത്.

അതേ സമയം പരീക്ഷ വേണ്ടെന്ന് വയ്ക്കാനുള്ള തീരുമാനത്തിനോട് സമ്മിശ്ര വികാരം ആണ് വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. പരീക്ഷ വേണ്ടെന്ന് വയ്ക്കാൻ തീരുമാനം എടുക്കുമ്പോൾ ബദൽ എന്തെന്ന കാര്യത്തിൽ ആശങ്ക വിദ്യാർത്ഥികളിൽ ഉണ്ട്. മെയ്‌ 23ന് നടന്ന യോഗത്തിൽ സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷകൾ ജൂലൈ 15നും ഓഗസ്റ്റ് 26നും മധ്യേ നടത്താമെന്ന് തത്വത്തിൽ തീരുമാനമെടുത്തതായി റിപ്പോർട്ടുണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളും പരീക്ഷ നടത്തുന്നതിന് അനുകൂലമായാണ് പ്രതികരിച്ചത്.

എന്നാൽ പരീക്ഷ നടത്താതെയുള്ള മറ്റു വഴികൾ നോക്കണമെന്ന നിലപാടാണ് മഹാരാഷ്ട്ര സ്വീകരിച്ചത്. പരീക്ഷയ്ക്കു മുൻപായി എല്ലാ കുട്ടികളെയും വാക്‌സിനേറ്റ് ചെയ്യിക്കണമെന്ന് ഡൽഹിയും കേരളവും നിർദ്ദേശിച്ചു.