തിരുവനന്തപുരം: പ്ലസ് വൺ രണ്ടാം ഘട്ട അലോട്ട്മെന്റ് ഒക്ടോബർ ഏഴിന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം സെപ്റ്റംബർ 23ന് പുറമേ 25, 29 തീയതികളിലും ഒക്ടോബർ ഒന്നിനുമായി പൂർത്തീകരിക്കും. തുടർന്ന് ഒക്ടോബർ ഏഴിന് രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുമെന്ന് വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ഹയർസെക്കൻഡറി അൺ എയ്ഡഡ് മേഖലയിൽ സീറ്റുകൾ വർധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്നും ഉപരിപഠന യോഗ്യത നേടിയ എല്ലാ കുട്ടികൾക്കും സീറ്റുകൾ ഉറപ്പുവരുത്തുമെന്നും വി ശിവൻകുട്ടി പറഞ്ഞു.തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ പ്ലസ് വൺ അലോട്ട്മെന്റ് നടപടികൾ നിരീക്ഷിക്കാൻ എത്തിയതായിരുന്നു മന്ത്രി .

20% മാർജിനൽ വർധനവിലൂടെ ഹയർ സെക്കൻഡറി പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും വേണ്ട സീറ്റുകൾ ലഭ്യമാകുമെന്നാണ് കരുതുന്നത് . മുഖ്യഘട്ട പ്രവേശന നടപടികൾ പൂർത്തീകരിച്ചതിന് ശേഷം സ്ഥിതി പരിശോധിച്ച് തുടർനടപടി തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാർത്ഥികളുടെ അപേക്ഷകൾ പരിഗണിച്ച് ട്രയൽ അലോട്ട്മെന്റ് സെപ്റ്റംബർ 13ന് പ്രസിദ്ധീകരിച്ച് ഓപ്ഷനുകൾ ഉൾപ്പെടെ തിരുത്തലുകൾ വരുത്തുന്നതിന് സെപ്റ്റംബർ 17 ന് 5 വരെ സമയം അനുവദിച്ചിരുന്നു. ആകെ 4,65,219 അപേക്ഷകൾ ആദ്യ അലോട്ട്മെന്റിന് പരിഗണിച്ചു. സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ ആകെയുള്ള 2,71,136 മെറിറ്റ് സീറ്റുകളിൽ 2,18,418 അപേക്ഷകർക്ക് അലോട്ട്മെന്റ് നൽകിയതായും മന്ത്രി പറഞ്ഞു.