പിഎം കെയേഴ്‌സിലെ കോവിഡ് ഫണ്ടിനെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. പിഎം കെയേഴ്സ് ഫണ്ട് വിവരാവകാശ നിയനത്തിന്റെ പരിധിക്ക് പുറത്താണെങ്കിൽ ആരാണ് തന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയെന്നും ചിദംബരം തന്റെ ട്വീറ്റിൽ ചോദിക്കുന്നു. ഫണ്ട് ആരംഭിച്ച് ആദ്യത്തെ അഞ്ചു ദിവസത്തിനുള്ളിൽ 3,076 കോടി രൂപ സംഭാവന നൽകിയത് ആരൊക്കെയാണ് എന്നതുൾപ്പെടെയുള്ള ​ഗൗരവമേറിയ ചോദ്യങ്ങളാണ് ചിദംബരം ഉയർത്തുന്നത്. പിഎം കെയേഴ്‌സിൽനിന്നുള്ള കോവിഡ് ഫണ്ട് ദേശീയ ദുരന്ത നിവാരണ ഫണ്ടിലേക്കു മാറ്റാൻ കഴിയില്ലെന്നു സുപ്രീംകോടതി വിധിച്ചിരുന്നു. എന്നാൽ, ഫണ്ടിന്റെ സുതാര്യതയെക്കുറിച്ചാണ് ചിദംബരം ആശങ്ക പ്രകടിപ്പിക്കുന്നത്.

മാർച്ചിൽ ഫണ്ട് ആരംഭിച്ച് ആദ്യത്തെ അഞ്ചു ദിവസത്തിനുള്ളിൽ 3,076 കോടി രൂപ സംഭാവന നൽകിയത് ആരൊക്കെയാണ്?, ചൈനീസ് കമ്പനികളും ഇതിൽ ഉൾപ്പെടുന്നുണ്ടോ?. ഏപ്രിൽ 1 മുതൽ എത്ര രൂപയാണ് ഫണ്ടിലേക്കു വന്നത്?. ആരൊക്കെയാണ് സംഭാവന നൽകിയത്? തുടങ്ങിയ ചോദ്യങ്ങൾ ചിദംബരം ട്വിറ്ററിൽ ഉന്നയിച്ചു. ഫണ്ട് വിവരാവകാശ നിയമത്തിന്റെ പരിധിക്കു പുറത്താണെങ്കിൽ ആരാണ് ഇതിനൊക്കെ ഉത്തരം നൽകുകയെന്നും ചിദംബരം ട്വീറ്റ് ചെയ്തു.

പിഎം കെയേഴ്‌സിൽനിന്നുള്ള പണം എൻഡിആർഎഫിലേക്കു മാറ്റാൻ സർക്കാരിനു നിർദ്ദേശം നൽകണമെന്ന ഹർജി ഇന്നലെ സുപ്രീംകോടതി തള്ളിയിരുന്നു. ചാരിറ്റബിൾ ട്രസ്റ്റിനു സമാനമായാണ് പിഎം കെയേഴ്‌സ് ഫണ്ട് സമാഹരിച്ചതെന്നും എൻഡിആർഎഫിൽനിന്നു തികച്ചും വ്യത്യസ്തമാണെന്നും കോടതി വ്യക്തമാക്കി.