ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനായി തുടങ്ങിയ പിഎം-കെയർ ഫണ്ട് സംബന്ധിച്ച് വീണ്ടും വിവാദം ഉയരുന്നു. ഫണ്ട് ആരംഭിച്ച് ആദ്യ അഞ്ച് ദിവസം കൊണ്ട് ഉറവിടം വ്യക്തമാക്കാത്ത 3,076 കോടി രൂപയാണ് ഫണ്ടിലേക്ക് എത്തിയത്. സർക്കാരിന്റെ ഓഡിറ്റ് രേഖയിലും ഇത് വ്യക്തമാണ്. അധികൃതർ പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 3,076 കോടിയിൽ 3,075.85 കോടിരൂപയും കിട്ടിയത് രാജ്യത്തുനിന്നാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 39.67ലക്ഷം രൂപയാണ്. സംഭാവനകിട്ടിയ തുകകളുടെ കണക്കുകൾ പി എം കെയർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും സംഭാവന നൽകിയ വ്യക്തികളുടെയോ സംഘടനകളുടെയോ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരം രം​ഗത്തെത്തി.

ഫണ്ട് തുടങ്ങിയ മാർച്ച് 27 മുതൽ മാർച്ച് 31 വരെയുള്ള ദിവസങ്ങളിലാണ്‌ ഇത്രയും തുക എത്തിയതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഉറവിടം വ്യക്തമാക്കാത്ത ഫണ്ടിനെ കുറിച്ച് മുൻ ധനമന്ത്രി പി.ചിദംബരം ട്വീറ്റിലൂടെയാണ് ആരോപണം ഉന്നയിച്ചത്. ഓഡിറ്റ് രേഖ പിഎം-കെയർ ഫണ്ടിന്റെ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ടെങ്കിലും ഒന്ന് മുതൽ ആറ് വരെയുള്ള കുറിപ്പുകൾ പരസ്യമാക്കിയിട്ടില്ല. ഫണ്ടിലേക്ക് സംഭാവന ചെയ്ത ആഭ്യന്തര-വിദേശ ദാതാക്കളുടെ വിവരമാണ് ഈ കുറിപ്പിലുള്ളത്. ഇത് സർക്കാർ വെളിപ്പെടുത്തിയിട്ടില്ല.

എന്തുകൊണ്ടാണ് ഈ ഉദാരമായ ദാതാക്കളുടെ പേരുകൾ വെളിപ്പെടുത്താത്തതെന്ന് മുൻ ധനമന്ത്രി പി.ചിദംബരം ട്വിറ്ററിലൂടെ ചോദ്യം ചെയ്തു. പരിധിയിൽ കൂടുതൽ തുക സംഭാവന ചെയ്യുന്നവരുടെ പേരുകൾ വെളിപ്പെടുത്താൻ എല്ലാ എൻജിഒകളും ട്രസ്റ്റുകളും ബാധ്യസ്ഥരാണ്. എന്തുകൊണ്ടാണ് പിഎം-കെയർ ഫണ്ടിനെ ഈ നിബന്ധനയിൽ നിന്നൊഴിവാക്കിയതെന്ന് ചിദംബരം ചോദിച്ചു. ദാതാക്കളുടെ പേരുകൾ വെളിപ്പെടുത്താൻ ട്രസ്റ്റികൾ ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

ഈ വർഷം മാർച്ചിൽ ആരംഭിച്ച പിഎം-കെയർ ഫണ്ടിന്റെ ചെയർപേഴ്‌സൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. മുതിർന്ന കാബിനറ്റ് അംഗങ്ങൾ ഇതിലെ ട്രസ്റ്റുകളുമാണ്. നേരത്തെ പിഎം-കെയർ സംബന്ധിച്ച് വിവരാവകാശം വഴി രേഖകൾ നൽകാൻ പ്രധാനമന്ത്രിയുടെ ഓഫീസ് വിസമ്മതിച്ചിരുന്നു. 3076 കോടി രൂപയിൽ 3075.85 കോടി രൂപ തദ്ദേശീയരിൽ നിന്ന് ലഭിച്ച സംഭാവനയാണെന്നും 39.67 ലക്ഷം രൂപ വിദേശ സംഭാവനയിലൂടെ ലഭിച്ചെന്നും പറയുന്നു. പ്രാരംഭ തുകയായി 2.25 ലക്ഷം ഫണ്ടിലുണ്ടായിരുന്നു. ഫണ്ടിന് ഏകദേശം 35 ലക്ഷത്തോളം പലിശയായി ലഭിച്ചുവെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയി​ലെ കോവി​ഡ് പ്രതി​രോധത്തി​നും ദുരി​താശ്വാസത്തി​നുമായാണ് പി എം കെയേഴ്സ് ഫണ്ട് നി​ലവി​ൽ വന്നത്. പിഎം കെയർ ട്രസ്‌റ്റിനാണ്‌ പി എം കെയർ ഫണ്ടിന്റെ മേൽനോട്ടചുമതല. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്‌ ട്രസ്‌റ്റ്‌ ചെയർമാൻ. ആഭ്യന്തരമന്ത്രി അമിത്‌ ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരാണ്‌ ട്രസ്‌റ്റംഗങ്ങൾ.