ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനു പിന്നാലെ സാഹചര്യം വിലയിരുത്താൻ യോഗങ്ങൾ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരുമായി പ്രധാനമന്ത്രി വിഡിയോ കോൺഫറൻസിലൂടെ വൈകിട്ട് ചർച്ച നടത്തും. തുടർന്ന് രാജ്യത്തെ പ്രമുഖ മരുന്ന് കമ്പനികളുടെ പ്രതിനിധികളുമായും വിഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തും.

രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ തുടർച്ചയായ രണ്ടാം ദിവസമാണ് പ്രധാനമന്ത്രി യോഗങ്ങൾ വിളിക്കുന്നത്. ഞായറാഴ്ച രാജ്യത്ത് പ്രതിദിന കേസുകൾ 2.73 ലക്ഷം എന്ന റെക്കോർഡ് വർധന രേഖപ്പെടുത്തിയതിനു പിന്നാലെയാണ് യോഗം നടക്കുന്നത്. തന്റെ ലോക്‌സഭാ മണ്ഡലമായ വാരാണസിയിലെ രോഗപ്രതിരോധ നടപടികൾ ഞായറാഴ്ച പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു.

45 വയസിനു മേൽ പ്രായമുള്ളവർ കോവിഡ് വാക്‌സീൻ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയവ നിർബന്ധമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഓക്‌സിജൻ ക്ഷാമം പരിഹരിക്കുന്നതിന് ഉദ്പാദനം വർധിപ്പിക്കണമെന്ന് വിവിധ മന്ത്രായലങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഓക്‌സിജൻ ഇറക്കുമതി ഉൾപ്പെടെയുള്ള നടപടികളുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തി. ഓക്‌സിജൻ ക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സംബന്ധിച്ച് ചീഫ് സെക്രട്ടറിമാരും മുതിർന്ന ഉദ്യോഗസ്ഥരുമായി കാബിനറ്റ് സെക്രട്ടറി ചർച്ച നടത്തി.

മഹാരാഷ്ട്ര, ഡൽഹി, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഏറ്റവുമധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 68,631, ഡൽഹിയിൽ 25,462, കർണാടകയിൽ 19,067 എന്നിങ്ങനെയാണ് പുതിയ രോഗികളുടെ എണ്ണം. പ്രതിസന്ധി തരണം ചെയ്യുന്നതിന് കർഫ്യു ഉൾപ്പെടെയുള്ള നടപടികൾ വിവിധ സർക്കാരുകൾ നാടപ്പാക്കിത്തുടങ്ങി. ഡൽഹിയിൽ ഒരാഴ്ചത്തെ കർഫ്യു ഇന്ന് രാത്രി ആരംഭിക്കും. നേരത്തെ, ഡൽഹിയിൽ വാരാന്ത്യ കർഫ്യു നടപ്പാക്കിയിരുന്നു. മഹാരാഷ്ട്രയിൽ മെയ്‌ ഒന്ന് വരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.