ന്യൂഡൽഹി: ലോകത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. @narendramodi എന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. പതിവിൽ നിന്നും തീർത്തും വ്യത്യസ്തമായ ട്വീറ്റ് മോദിയുടെ അക്കൗണ്ടിൽ നിന്നും ഉണ്ടായതോടെയാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്തുവന്നത്.

ഇന്ത്യയിൽ ബിറ്റ്കോയ്ൻ നിയമാനുസൃതമാക്കിയെന്നും സർക്കാർ 500 ബിറ്റ്കോയ്ൻ വാങ്ങി ജനങ്ങൾക്ക് വിതരണം ചെയ്യുകയാണ് എന്നുമായിരുന്നു ഹാക്ക് ചെയ്യപ്പെട്ടശേഷമുള്ള ട്വീറ്റ്. ഞെട്ടലോടെയാണ് പലരും മോദിയുടെ ട്വീറ്റിനെ കണ്ടത്. രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകർ ഈ ട്വീറ്റ് വ്യാപകമായി ഷെയർ ചെയ്യുകയും ചെയ്തു. ഇതിനുശേഷമാണ് ട്വിറ്ററിന് ഔദ്യോഗിക പരാതി നൽകി അക്കൗണ്ട് തിരിച്ചുപിടിച്ചത്. ഉടനെ വിവാദ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ഉടൻ തന്നെ ട്വിറ്ററിനെ അറിയിച്ചാണ് വലിയൊരു തെറ്റിദ്ധാരണയിൽ നിന്ന് മുക്തി നേടിയത്. ഈ അക്കൗണ്ട് ഹാക്ക് ചെയ്തത് ജോൺ വിക്ക് ആണെന്ന മറ്റൊരു ട്വീറ്റും ഇതോടൊപ്പം ഉണ്ടായിരുന്നു. ഇത് പിന്നീട് പിൻവലിച്ചു. മോദിയുടെ വ്യക്തിഗത അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പിന്നീട് @PMOIndia എന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ട്വീറ്റ് ചെയ്തു. ഏതാനും സമയത്തിനുള്ള അക്കൗണ്ട് തിരിച്ചുപിടിച്ചുവെന്നും ബിറ്റ്കോയ്ൻ സംബന്ധിച്ച ട്വീറ്റ് അവഗണിക്കണമെന്നും പ്രധാനമന്ത്രി ഔദ്യോഗിക ട്വീറ്റിൽ പറഞ്ഞു.

സംഭവത്തിനു പിന്നാലെ #Hacked എന്ന ഹാഷ് ടാഗും ട്വിറ്ററിൽ ട്രെൻഡ് ചെയ്യുന്നുണ്ട്. പ്രധാനമന്ത്രിയുടെ ട്വിറ്റർ ഹാൻഡിൽ വരെ ഹാക്ക് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ രാജ്യത്തെ സാധാരണക്കാരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് എന്തു സുരക്ഷയാണുള്ളതെന്നാണ് പലരും ചോദിക്കുന്നത്.

'ഗുഡ് മോണിങ് മോദിജി, എല്ലാം ഓക്കെ അല്ലേ?' യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ശ്രീനിവാസ് ബിവി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ ട്വിറ്റർ ഹാക്ക് ചെയ്യപ്പെട്ടോ എന്ന സംശയവുമായി ആക്ടിവിസ്റ്റ് തെഹ്‌സീൻ പൂനാവാലായും രംഗത്തെത്തി. വേരിഫൈഡ് ട്വിറ്റർ ഹാൻഡിൽ തന്നെ ഹാക്ക് ചെയ്യപ്പെടുന്ന സാഹചര്യം ഗുരുതരമാണെന്നും ചിലർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കഴിഞ്ഞ വർഷം പ്രധാനമന്ത്രിയുടെ വ്യക്തിപരമായ പേരിലുള്ള വെബ്‌സൈറ്റും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. 2020 സെപ്റ്റംബറിലായിരുന്നു മോദിയുടെ വെബ്‌സൈറ്റും മൊബൈൽ ആപ്പും അജ്ഞാതസംഘം ഹാക്ക് ചെയ്തത്. സംഭവത്തിൽ ഉന്നതതല അന്വേഷണം നടക്കും. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്ന ട്വിറ്റർ ഹാൻഡിലുകളിൽ ഒന്നാണ് നരേന്ദ്ര മോദിയുടേത്.