ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ നിന്ന് രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും മോചനം നേടിയിട്ടും കേരളത്തിൽ രോഗികളുടെ എണ്ണം കുറയാത്തതിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. രണ്ടാം തരംഗത്തിന്റെ ഒരു ഘട്ടത്തിൽ കേരളത്തിൽ 40,000ലധികം പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ജൂൺ ആദ്യത്തോടെ ഇത് കുറയുകയും പിന്നീട് അശാസ്ത്രീയമായി ഇളവുകൾ അനുവദിച്ച് ജൂൺ മൂന്നാം വാരത്തോടെ കേസുകൾ വീണ്ടും വർധിക്കുന്ന സ്ഥിതിയുണ്ടാക്കിയെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിലയിരുത്തുന്നത്.

ടൈംസ് നൗ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യുന്ന രോഗികളിൽ 50 ശതമാനത്തിലധികവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പിന്തുടരുന്നതിന് പകരം സ്വന്തം നിലയിൽ കേരളം ചികിത്സാ രീതികൾ ആവിഷ്‌കരിച്ചതാണ് രോഗവ്യാപനം നിയന്ത്രണത്തിലാകാത്തതിന് കാരണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ കുറ്റപ്പെടുത്തി. ടെസ്റ്റ് നടത്തി പോസിറ്റീവായവരെ കണ്ടെത്തി ചികിത്സിച്ച് വ്യാപനം നിയന്ത്രിക്കുക എന്നതാണ് ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശം. ആരോഗ്യ സംവിധാനങ്ങളിൽ കേരളം ശ്രദ്ധ കേന്ദ്രീകരിച്ചില്ല. ചില പ്രത്യേക വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വി.മുരളീധരൻ കുറ്റപ്പെടുത്തി. ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വിമർശനങ്ങൾ ഉന്നയിച്ചത്.

'ലോക്ഡൗൺ പ്രഖ്യാപിക്കുന്നത് പോലും ശാസ്ത്രീയ അടിസ്ഥാനത്തിലല്ല. ശനിയും ഞായറും ലോക്ഡൗൺ ഏർപ്പെടുത്തി. അതോടെ ആളുകൾ വെള്ളിയാഴ്ച മാർക്കറ്റിലേക്ക് ഒഴുകി. ഐസിഎംആർ മാനദണ്ഡം പാലിക്കാൻ തയ്യാറാവണം. കോവിഡിനെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത്'-വി മുരളീധരൻ പറഞ്ഞു

ഈ കാലയളവിൽ കേരളത്തിലെ കോവിഡ് മരണനിരക്കും വർധിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്ത് നാല് ലക്ഷത്തോളം ആക്റ്റിവ് കേസുകളുള്ളതിൽ ഒന്നരലക്ഷത്തോളവും കേരളത്തിൽ നിന്നാണ്. കഴിഞ്ഞ രണ്ട് മാസങ്ങൾ കൊണ്ട് കേരളത്തിൽ 13 ശതമാനത്തോളമാണ് മൊത്തം കേസുകളിലെ വർധനയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

വിദഗ്ധ സംഘത്തെ ഉടനെ കേരളത്തിലേക്ക് അയക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും കേരളത്തിനയച്ച കത്തിൽ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.