മലപ്പുറം: വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയതിന് സിപിഎം എടക്കര ഏരിയാ സെന്റർ അംഗമായ അദ്ധ്യാപകനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. സിപിഎം നിയന്ത്രണത്തിലുള്ള നിലമ്പൂർ കോ ഓപ്പറേറ്റീവ് കോളേജ് അദ്ധ്യാപകൻ ചുങ്കത്തറ പള്ളിക്കുത്ത് എം.സുകുമാരനെതിരെയാണ് കേസ്.

കർഷകസംഘം മുൻ ഏരിയാ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുംകൂടിയാണ്. നാല് വിദ്യാർത്ഥിനികളുടെ പരാതിയിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. മജിസ്ട്രേറ്റിന് മുമ്പാകെ വിദ്യാർത്ഥിനികൾ മൊഴി നൽകി. പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പിനു ശ്രമിച്ചെന്നും ആക്ഷേപമുണ്ട്. പരാതിക്കാരും രക്ഷിതാക്കളും കർശന നിലപാടെടുത്തതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ നിർബന്ധിതരായത്.