ഭോപ്പാൽ: ഭാര്യ എഴുതിയ കവിതയെന്ന പേരിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പങ്കുവെച്ച കവിതക്ക് മറ്റൊരു അവകാശി. എഴുത്തുകാരി ഭൂമിക ബിർതാരെയാണ് മുഖ്യമന്ത്രിക്കും ഭാര്യക്കുമെതിരെ കവിത മോഷണം ആരോപണവുമായി രംഗത്തുവന്നത്. കഴിഞ്ഞ മാസം തന്റെ ഭാര്യാപിതാവ് മരിച്ച സമയത്ത് ഈ കവിത ചൗഹാൻ ട്വിറ്ററിൽ പങ്കുവെച്ചത്.

നാല് ദിവസത്തിന് ശേഷമാണ് ബാവുജി (പിതാവ്) എന്ന തലക്കെട്ടിലുള്ള ഹിന്ദി കവിതയുടെ വരികൾ അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. 'എന്റെ കവിത മോഷ്ടിച്ചതുകൊണ്ട് നിങ്ങൾക്ക് എന്താണ് കിട്ടാനുള്ളത്? ഈ കവിത എഴുതിയത് ഞാനാണ്,' ഭൂമിക ട്വീറ്റ് ചെയ്തു. കവിതയുടെ കടപ്പാട് തനിക്ക് തരണമെന്നും അത് മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ട ഭാര്യയുടെതല്ലെന്നും ഭൂമിക മറ്റൊരു ട്വീറ്റിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉൾപ്പെടെയുള്ളവരെ ഭൂമിക പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.

തന്റെ പിതാവ് നഷ്ടപ്പെട്ട വേദനയിലാണ് ആ കവിത എഴുതിയതെന്നും കവിതയുടെ പേര് ഡാഡി എന്നാണ് 'ബാവുജി'എന്നല്ലെന്നും ഭൂമിക പറഞ്ഞു. തന്റെ പിതാവിന്റെ ആത്മാവിനെ ഓർത്തെങ്കിലും ആ കവിതയുടെ ടൈറ്റിൽ തനിക്ക് തരണമെന്നാണ് ഭൂമികയുടെ അഭ്യർത്ഥന.

'നവംബർ 21ന് ഞാനിത് ഫേസ്‌ബുക്കിലിട്ടു. മുഖ്യമന്ത്രിയുടെ ഭാര്യ ആ കവിത വാട്‌സ് ആപ്പിൽ ഷെയർ ചെയ്തതിന്റെ സ്‌ക്രീൻ ഷോട്ടുകൾ സുഹൃത്തുക്കൾ കാണിച്ചു തന്നു. പിന്നീടാണ് ചൗഹാൻ തന്റെ ഭാര്യയുടെ കവിതയാണെന്ന് പറഞ്ഞ് എന്റെ കവിത ട്വിറ്ററിൽ പങ്കുവെച്ച വിവരം അറിഞ്ഞത്,' ഭൂമിക പറഞ്ഞു. സംഭവം വിവാദമായതോടെ നിരവധി പേരാണ് ഭൂമികയെ പിന്തുണച്ചും ചൗഹാനെ പരിഹസിച്ചും രംഗത്തെത്തിയത്.