കോഴിക്കോട്: സോളർ തട്ടിപ്പുകേസിൽ റിമാൻഡിൽ കഴിയുന്ന സരിത എസ്.നായർ നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട 2 കേസുകളിൽ കൂടി അറസ്റ്റിലാകുമ്പോൾ ചർച്ചയാകുന്നതും രാഷ്ട്രീയ ഇടപെടലുകൾ. ഭരണ തുടർച്ചയുണ്ടായില്ലെങ്കിൽ സരിതയ്‌ക്കെതിരായ നിയമന തട്ടിപ്പ് വലിയ കുരുക്കായി മാറും. ഇതൊഴിവാക്കാനാണ് ഇപ്പോൾ പേരിന് മാത്രമുള്ള അറസ്റ്റെന്നാണ് സൂചന.

സരിത റിമാൻഡിൽ കഴിയുന്ന കണ്ണൂരിലെ വനിതാ തടവുകാരുടെ സിഎഫ്എൽടിസിയിൽ എത്തിയാണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഓലത്താന്നി, തിരുപുറം സ്വദേശികളിൽ നിന്ന് കെടിഡിസി, ബെവ്‌കോ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു 25 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ഈ കേസിൽ തിരുവനന്തപുരത്ത് സരിത വിലസി നടക്കുമ്പോൾ പോലും പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. ഇപ്പോഴത്തെ അറസ്റ്റിലൂടെ ഫലത്തിൽ എല്ലാ കേസുകളിൽ കൂടി ജയിൽ വാസം ഒരുമിച്ചാകും.

കോഴിക്കോട്ടെ സോളർ തട്ടിപ്പ് കേസിൽ വ്യാഴാഴ്ച തിരുവനന്തപുരത്ത് അറസ്റ്റിലായ സരിതയെ കോഴിക്കോട് മജിസ്‌ട്രേട്ട് കോടതി(3) 27 വരെ റിമാൻഡ് ചെയ്തിരുന്നു. നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ടു കേസുകളിൽ സരിതയെ അറസ്റ്റ് ചെയ്യാനുള്ള അനുമതി തേടി ഇന്നലെ നെയ്യാറ്റിൻകര പൊലീസ് കോഴിക്കോട് മജിസ്‌ട്രേട്ട് കോടതി(3)യിൽ അപേക്ഷ നൽകി. കോടതി അനുമതി ലഭിച്ചതോടെ വൈകിട്ട് കണ്ണൂരിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ കേസിൽ ഇനി സരിതയെ ആർക്കും അറസ്റ്റു ചെയ്യേണ്ട അവസ്ഥയുണ്ടാകില്ല.

സരിത പ്രതിയായ വിവിധ കേസുകളിലെ അറസ്റ്റ് വാറന്റുകൾ കണ്ണൂർ വനിതാ ജയിൽ സൂപ്രണ്ടിനു ലഭിച്ചിട്ടുണ്ട്. ഈ കേസുകളിലും അടുത്ത ദിവസങ്ങളിൽ സരിതയുടെ അറസ്റ്റ് രേഖപ്പെടുത്തും. എല്ലാ വാറന്റ് കേസുകളിലും ജാമ്യമെടുത്ത ശേഷമേ സരിതയ്ക്ക് ഇനി പുറത്തിറങ്ങാനാകൂ. ഇത് വേഗത്തിലാക്കാനാണ് സരിതയുടെ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിൽ ഫലം വരുന്നതിന് മുമ്പേ ജാമ്യം കിട്ടിയാൽ പിന്നീട് ഈ കേസുകളിൽ അടുത്ത സർക്കാർ നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്ക് മുമ്പിൽ ചോദ്യം ചെയ്യലിന് ഭീതിയോടെ ഇരിക്കേണ്ട അവസ്ഥ ഒഴിവാക്കും.

അതിന് വേണ്ടിയാണ് ഇപ്പോൾ സരിതയെ അറസ്റ്റ ്‌ചെയ്യുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. നേരത്തേ സംസ്ഥാനത്തെ പല കോടതികളും ഒന്നിലധികം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടും സരിതയെ കാണാനില്ലെന്ന മറുപടിയായിരുന്നു പൊലീസ് നൽകിയിരുന്നത്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിന്റെ അനുമതിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന്റെ വിവരം നെയ്യാറ്റിൻകര കോടതിയിൽ അന്വേഷണ സംഘം അറിയിക്കും.

സോളാർ തട്ടിപ്പ് കേസിൽ റിമാൻഡിലായ സരിത കണ്ണൂർ ജില്ലാ ജയിലിലെ സിഎഫ്എൽടിസിയിലാണുള്ളത്. തിരുപുറം മുള്ളുവിളയിലെ എസ്എസ് ആദർശിനെ ബിവറേജസ് കോർപ്പറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് 11.49 ലക്ഷം രൂപ സരിതയും സംഘവും തട്ടിയെന്നാണ് കേസ്. കുന്നത്തുകാൽ പാലിയോട് സ്വദേശികളായ രതീഷ്, ഷാജു പാലിയോട് എന്നിവരാണ് കേസിലെ ഒന്നും മൂന്നും പ്രതികൾ. രതീഷിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

കോഴിക്കോട് സ്വദേശിയായ അബ്ദുൽ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാർ പാനൽ സ്ഥാപിക്കാനായി പണം വാങ്ങി വഞ്ചിച്ചു എന്ന കേസിലാണ് കോടതി ഉത്തരവ്. നേരത്തെ സരിതയുടെയും ബിജു രാധാകൃഷ്ണന്റെയും ജാമ്യം റദ്ദാക്കി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.