പൊൻകുന്നം: ഭർത്താവ് മാലമോഷണക്കേസിൽ അറസ്റ്റലായതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവതിയുടെ അന്ത്യകര്മ്മകൾക്ക് നേതൃത്വം നൽകി കേരളാ പൊലീസ്. മോഷണക്കേസിൽ ഭർത്താവ് അറസ്റ്റിലായതോടെയാണ് മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തത്.

ഇതോടെ ഇവരുടെ മകനെ ചൈൽഡ് ലൈൻ ഏറ്റെടുക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് സ്ത്രീയുടെ മാല പൊട്ടിച്ചെടുത്ത കേസിൽ അറസ്റ്റിലായ പീരുമേട് ആലടിയിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം പാറശാല സ്വദേശിയുടെ ഭാര്യ, ഭർത്താവിന്റെ അറസ്റ്റിനെത്തുടർന്ന് ആത്മഹത്യ ചെയ്തത്.

ഇരുവരുടെയും ബന്ധുക്കളെക്കുറിച്ച് പൊലീസിനോ അയൽക്കാർക്കോ കൂടുതൽ വിവരം ലഭിച്ചില്ല. ബന്ധുക്കളാരും എത്താത്തതിനെത്തുടർന്ന് പൊൻകുന്നം പൊലീസ് മുൻകൈയെടുത്ത് ശവസംസ്‌കാരത്തിന് ക്രമീകരണം ഏർപ്പെടുത്തുകയായിരുന്നു.

റിമാൻഡിലായിരുന്ന ഭർത്താവിനെ പ്രത്യേക അനുമതി വാങ്ങി പൊലീസ് അന്ത്യോപചാരം അർപ്പിക്കാൻ എത്തിച്ചു. കട്ടപ്പന ഇരുപതേക്കറിലെ പൊതുശ്മശാനത്തിലായിരുന്നു ശവസംസ്‌കാരം. മകനെ ചൈൽഡ് ലൈൻ പ്രവർത്തകർ അവിടെയെത്തിച്ചു. പിന്നീട് ഹിന്ദുആചാരപ്രകാരം ചടങ്ങുകൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എസ്.രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം ഏർപ്പെടുത്തി. ഇതിന്റെ ചെലവും പൊലീസ് വഹിച്ചു.