മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായതോടെ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ മലപ്പുറത്ത് കുതിരയുമായി കറങ്ങിയ യുവാവിനെ പൊലീസ് പൊക്കി. മലപ്പുറം താനൂരിലാണ് സംഭവം നടന്നത്.

ലോക്ഡൗൺ സമയത്ത് എന്തിനാണ് പുറത്തിറങ്ങിയതെന്ന ചോദ്യത്തിന് കുതിര വീട്ടിൽ ഇരിക്കാൻ സമ്മതിക്കുന്നില്ലെന്നും കുതിരയ്ക്ക് മാനസിക ഉല്ലാസത്തിനുമായാണ് പുറത്തിറങ്ങിയതെന്ന് യുവാവ് മറുപടി നൽകി.

എന്നാൽ പൊലീസ് യുവാവിനെ വീട്ടിലേക്ക് തിരിച്ചയച്ചു. ഉല്ലാസം റോഡിൽ വേണ്ടെന്നും വീട്ടു പറമ്പിൽ മതിയെന്നും യുവാവിന് താക്കീതും നൽകി. കോവിഡ് വ്യാപനം രൂക്ഷമായ മലപ്പുറത്ത് കർശന നിയന്ത്രണങ്ങളാണുള്ളത്.

ട്രിപ്പിൾ ലോക്ഡൗൺ നിലവിലുള്ള മലപ്പുറത്ത് ഇന്ന് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. അടിയന്തര മെഡിക്കൽ സേവനങ്ങൾ മാത്രമേ ഞായറാഴ്ച ജില്ലയിൽ പ്രവർത്തിക്കൂവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.

തിങ്കളാഴ്ച സാധാരണ നിലയിലുള്ള നിയന്ത്രണങ്ങളാവും ഉണ്ടാവുക. നിലവിൽ മലപ്പുറത്ത് മാത്രമാണ് സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗണുള്ളത്.