തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് സുരക്ഷയൊരുക്കിയ പൊലീസുകാർക്ക് മതിയായ സൗകര്യങ്ങൾ ലഭിച്ചില്ലെന്ന് സായുധ സേനാ കമാൻഡന്റ്ജെ ജയനാഥിന്റെ റിപ്പോർട്ട്. സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോർട്ടിലാണ് ജയനാഥ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. കന്നുകാലി കൂട്ടങ്ങളെ എന്നപോലെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോ​ഗസ്ഥരെ കണ്ടതെന്ന് ചില പൊലീസുകാർ അഭിപ്രായപ്പെട്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം അനുഭവങ്ങളാണ് പൊലീസുകാരെ ഭാവി ‘മൈക്കിളും വർഗീസു'മൊക്കെ ആക്കാൻ പ്രചോദനം നൽകുന്നതെന്നും കത്തിൽ പറയുന്നു. അഭയ കേസ് അന്വേഷിച്ച മുൻ അന്വേഷണ ഉദ്യോഗസ്ഥരെയാണ് സൂചിപ്പിക്കുന്നതെന്നാണ് പൊലീസുകാർക്കിടയിലെ സംസാരം.

കെ.എ.പി. മൂന്നാം ബറ്റാലിയനിൽനിന്ന് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത പൊലീസുകാർക്കിടയിൽ സർവേ നടത്തിയാണ് അ‌ടൂർ കമാൻഡന്റ് ജെ. ജയനാഥ് വീഴ്ചകൾ ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകിയത്. കെ.എ.പി. മൂന്നാം ബറ്റാലിയനിൽനിന്ന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ 720 പേരുടെ അഭിപ്രായങ്ങൾ പരിഗണിച്ചായിരുന്നു കത്ത്. വരും തിരഞ്ഞെടുപ്പുകളിൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുമ്പോൾ ആവശ്യമായ സൗകര്യമൊരുക്കണമെന്ന നിർദ്ദേശവും വെച്ചിട്ടുണ്ട്.

സായുധസേനാ എ.ഡി.ജി.പി.ക്ക് കത്തിന്റെ പകർപ്പ് നൽകിയതിനൊപ്പം പൊലീസ് സംഘടനകൾക്കും പകർപ്പ് കൈമാറി. സേനയിൽ പ്രവേശിച്ച് മൂന്ന് ദിവസമായവരെപ്പോലും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചെന്നും അവർക്ക് തുടക്കത്തിൽ ലഭിച്ച അനുഭവങ്ങൾ ഭാവിയിൽ സ്വാധീനിക്കുമെന്നും കത്തിൽ പറയുന്നു. ലഭിക്കേണ്ട യാത്രാബത്തപോലും കൃത്യമായി നൽകാനായില്ല. ബി.ഐ.എം.എസ്. സോഫ്റ്റ്‌വേറിനുണ്ടായ പിഴവാണ് കാരണം. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഇത് പരിഹരിക്കണം. ആസൂത്രണത്തിലുള്ള പിഴവാണ് ദുരവസ്ഥയ്ക്ക് കാരണമെന്നും കത്തിൽ പറയുന്നു.

പൊലീസ് മേധാവിയുടെ കത്തുകൾക്ക് പരിഹാസരൂപേണ മറുപടി നൽകുന്നുവെന്ന പരാതിയിൽ വകുപ്പുതല അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് ജെ. ജയനാഥ്. പൊലീസ് മേധാവിയുടെ നിർദ്ദേശങ്ങൾ പാലിക്കാത്തതിനും അച്ചടക്കലംഘനത്തിനും ജയനാഥിനെതിരേ കഴിഞ്ഞ ദിവസം വകുപ്പുതല അന്വേഷണത്തിന് ഉത്തവിട്ടിരുന്നു. നികുതിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, റോഡ് സുരക്ഷാ കമ്മിഷണർ ഡോ. ബി. അശോക് എന്നിവരെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്.

ഡി.ജി.പി ഇടുന്ന ഉത്തരവായാലും തെറ്റാണെന്ന് തോന്നിയാൽ രേഖാമൂലം എതിർപ്പ് അറിയിക്കുന്ന ഉദ്യോഗസ്ഥനാണ് ജെ.ജയനാഥ്. ഉന്നത ഉദ്യോഗസ്ഥരെ കാണുമ്പോഴെല്ലാം കീഴുദ്യോഗസ്ഥർ സല്യൂട്ട് ചെയ്യുന്നത് പഴഞ്ചൻ ഏർപ്പാടാണെന്നും മാറ്റണമെന്നും പരസ്യമായി പറഞ്ഞത് അതിലൊന്നാണ്. തന്നെ ആരും അങ്ങിനെ സല്യൂട്ട് ചെയ്യേണ്ടെന്ന് ഉത്തരവുമിറക്കി. കോവിഡ് കാലത്തെ മികച്ച ഡ്യൂട്ടിക്കുള്ള അവാർഡ് വേണമെങ്കിൽ പണം നൽകി വാങ്ങണമെന്ന് ഡി.ജി.പി സർക്കുലർ ഇറക്കിയപ്പോൾ കാശ് മുടക്കി ആർക്കും അവാർഡ് വേണ്ടെന്ന് തിരിച്ച് കത്തയച്ചും എതിർപ്പ് അറിയിച്ചിരുന്നു. തദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസുകാർ തൊട്ടടുത്ത ദിവസം അതാത് ജില്ലകളിൽ ഡ്യൂട്ടിക്ക് കയറണമെന്ന് ഉത്തരവിട്ടപ്പോൾ വിശ്രമമില്ലാത്ത ജോലി മനുഷ്യത്വരഹിതമെന്ന് കാണിച്ച് ഡി.ജി.പിക്ക് കത്തയച്ചതും ഏറ്റവും ഒടുവിലെ ഉദാഹരണമാണ്.

ഇതെല്ലാം അച്ചടക്കരാഹിത്യവും സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമെന്നും കാണിച്ചാണ് ജയനാഥിനെതിരെ നടപടിക്കൊരുങ്ങുന്നത്. ഡി.ജി.പി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ അയക്കുന്ന നിർദ്ദേശങ്ങളെ പരിഹസിക്കുന്നൂവെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഡി.ജി.പി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജയനാഥിൽ നിന്ന് വിശദീകരണം തേടിയിരുന്നു. അത് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുടരന്വേഷണത്തിനും നടപടിക്കുമായി ഐ.എ.എസ് ഉദ്യോഗസ്ഥരായ ബിശ്വനാഥ് സിൻഹയുടെയും ബി. അശോകിന്റെയും നേതൃത്വത്തിൽ ചീഫ് സെക്രട്ടറി സമിതി രൂപീകരിച്ചത്.