നാഗ്പൂർ: മഹാരാഷ്ട്രയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ എട്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കൊട്ഗുൽ-ഗ്യാരപട്ടി മേഖലയിലെ ഉൾവനത്തിൽ ശനിയാഴ്ച പുലർച്ചെയാണ് വെടിവെപ്പ് നടന്നത്.

വെടിവെപ്പിൽ പന്ത്രണ്ടോളം മാവോയിസ്റ്റുകൾക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു. രാവിലെ 6.30ന് ആരംഭിച്ച വെടിവെപ്പ് ഏറെ നേരെ നീണ്ടുനിന്നതായി എസ്‌പി അംഗീത് ഗോയൽ അറിയിച്ചു. വെടിവെപ്പ് നടന്ന സ്ഥലത്ത് നിന്ന് ആയുധങ്ങളും മറ്റും കണ്ടെടുത്തു. പ്രദേശത്ത് പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന ഒരു പ്രദേശമാണ് ഇത്. നാഗ്പൂരിന് സമീപമുള്ള ഗഡ്ചിരോളിയിൽ പത്ത് വർഷം മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസ് മാവോയിസ്റ്റുകൾ അഗ്‌നിക്കിരയാക്കിയിരുന്നു. 18 പൊലീസുകാരെയും അന്ന് അവർ വധിച്ചിരുന്നു.