തിരൂർ: അന്വേഷണ മികവിന് സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥർക്ക് പുരസ്‌ക്കാരം നൽകുന്നത് പതിവാണ്. എന്നാൽ, ഇത് പിൻവലിക്കുന്ന സംഭവം വരളമാണ്. അത്തരമൊരു സംഭവവും കേരളാ പൊലീസിലുണ്ടായി. അന്വേഷണമികവിനു കേന്ദ്ര ആഭ്യന്തരമന്ത്രാലയം തിരുവനന്തപുരം ട്രാഫിക്ക് അസി. കമ്മിഷണർ ജലീൽ തോട്ടത്തിലിനു നൽകിയ മെഡൽ കേന്ദ്രസർക്കാർ തിരിച്ചുവാങ്ങി.

2019-ൽ അന്നത്തെ ഡി.ജി.പി. ലോക്നാഥ് ബെഹ്‌റ നൽകിയ പൊലീസ് മെഡലാണ് പരാതികളെത്തുടർന്നു റദ്ദാക്കിയത്. മഞ്ചേരിയിൽ കാമറൂൺ സ്വദേശികൾ നടത്തിയ ഓൺലൈൻ തട്ടിപ്പുതെളിയിച്ചതിനാണ് ജലീലിനു പുരസ്‌കാരം ലഭിച്ചത്. അന്നു കേസന്വേഷണത്തിന്റെ മേൽനോട്ടച്ചുമതല മലപ്പുറം ഡിവൈ.എസ്‌പി.യായിരുന്ന ജലീലിനായിരുന്നു. അന്വേഷണത്തിൽ വിവിധ പൊലീസുദ്യോഗസ്ഥർ പങ്കാളികളായെങ്കിലും ജലീലിന്റെ പേരുമാത്രമാണു ശുപാർശചെയ്തത്. അന്ന് മുതൽ ഈ വിഷയത്തിൽ അതൃപ്തി വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ടായിരുന്നു.

അന്വേഷണസംഘത്തിലെ മറ്റുദ്യോഗസ്ഥരെ മെഡലിനു ശുപാർശചെയ്യാത്തത് അതൃപ്തിക്കിടയാക്കി. അന്വേഷണസംഘത്തിൽപ്പെട്ട ഉദ്യോഗസ്ഥന്റെ ബന്ധു ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിയും നൽകിയതോടെയാണ് ജലീൽ തോട്ടത്തിലിന് പണി കിട്ടിയത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇക്കാര്യം അന്വേഷിച്ചു. തുടർന്നാണ് ജൂലായ് 13-ന് പുറത്തിറങ്ങിയ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ ആഭ്യന്തരവകുപ്പ് ജോ. സെക്രട്ടറി രാകേഷ് കുമാർ സിങ് മെഡൽ റദ്ദാക്കി ഉത്തരവിട്ടത്. മലപ്പുറത്തിനു പുറമെ തിരൂരിൽ ഡിവൈ.എസ്‌പി. ആയിരുന്ന ജലീൽ, വിജിലൻസ് ഡിവൈ.എസ്‌പി.യായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നൽകിയമെഡൽ റദ്ദാക്കുന്ന സംഭവം കേരള പൊലീസിന്റെ ചരിത്രത്തിൽ ആദ്യമാണെന്നാണു കരുതുന്നതെന്നു വിശിഷ്ടസേവനത്തിനുള്ള മെഡൽ ജേതാവും മലപ്പുറം ജില്ലാ റിട്ട. പൊലീസ് മേധാവിയുമായ യു. അബ്ദുൾകരീം പറഞ്ഞു. മെഡൽറദ്ദാക്കിയതായി മാധ്യമങ്ങളിൽ നിന്നാണറിഞ്ഞത്. ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്നാണ് ജലീൽ തോട്ടത്തിൽ പ്രതികരിച്ചു. മഞ്ചേരിയിലെ ഓൺലൈൻ തട്ടിപ്പുകേസ് എന്റെ മേൽനോട്ടത്തിലാണ് നടന്നത്. ഇതിനുള്ള അന്വേഷണമികവിനാണ് മെഡലിനായി എന്നെ ശുപാർശചെയ്തത്.

രാജ്യത്തെ ഏറ്റവും മികച്ച 96 കേസുകൾക്കാണ് പൊലീസ് മെഡൽ ലഭിച്ചിരുന്ന്ത. നേരത്തെ സ്തുത്യർഹ സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ, കുറ്റാന്വേഷണ മികവിന് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ എന്നിവയും ഡിവൈഎസ്‌പി ജലീൽ തോട്ടത്തിൽ നേടിയിട്ടുണ്ട്. കൊല്ലം അഞ്ചൽ കറുകോൺ സ്വദേശിയാണ് ജലീൽ.