ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ കർഷകരെ ട്രാക്ടർ റാലി നടത്താൻ അനുവദിക്കില്ലെന്ന് ഡൽഹി പൊലീസ്. കർഷക നേതാക്കളുമായി രണ്ടാംവട്ടം നടത്തിയ ചർച്ചയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. പക്ഷെ ട്രാക്ടർ റാലി നടത്തുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കർഷക സംഘടനകൾ. എന്നാൽ ഡൽഹിക്ക് പുറത്ത് ട്രാക്ടർ റാലി നടത്തുന്നതിൽ തടസ്സമില്ലെന്നും പൊലീസ് വ്യക്തമാക്കി.

'ഡൽഹിക്കുള്ളിൽ തന്നെ ഞങ്ങൾ സമാധാനപരമായി ട്രാക്ടർ റാലി നടത്തും. ഡൽഹിക്ക് പുറത്ത് റാലി നടത്താനാണ് പൊലീസ് ആവശ്യപ്പെടുന്നത്. അത് സാധ്യമല്ല' സ്വരാജ് ഇന്ത്യ അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

കുണ്ഡലി-മനേസർ-പൽവാൽ എക്സ്പ്രസ് ഹൈവേയിൽ ട്രാക്ടർ റാലി നടത്താൻ അനുവദിക്കാമെന്നാണ് പൊലീസിന്റെ നിലപാട് എന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

ഡൽഹി നോർത്ത് റെയ്ഞ്ച് ജോയിന്റ് കമ്മീഷണർ എസ് എസ് യാദവിന്റെ നേതൃത്വത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർ കർഷക സംഘടന നേതാക്കളുമായി ചർച്ച നടത്തിയത്.