ന്യൂഡൽഹി: അഞ്ചു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് പോളിയോ തുള്ളിമരുന്ന് നൽകുന്ന-നാഷണൽ ഇമ്യുണൈസേഷൻ ദിനം മാറ്റിവെച്ചു. കോവിഡ് വാക്‌സിൻ വിതരണത്തിലേക്ക് രാജ്യം കടക്കുന്ന പശ്ചാത്തലത്തിലാണ് ഇമ്യുണൈസേഷൻ നടപടി മാറ്റിവെച്ചത്. ജനുവരി 16-ൽനിന്ന് ജനുവരി 31ലേക്കാണ് പോളിയോ മരുന്നു നൽകാനുള്ള ദിവസം മാറ്റിവെച്ചത്.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം രാഷ്ട്രപതിയുടെ ഓഫീസുമായി നടത്തിയ കൂടിയാലോചനയ്ക്കു പിന്നാലെയാണ് നാഷണൽ ഇമ്യുണൈസേഷൻ ദിനം മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് കേന്ദ്രസർക്കാർ പ്രസ്താവനയിൽ അറിയിച്ചു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ കോവിഡ് വാക്സിൻ വിതരണ പ്രക്രിയയാണ് രാജ്യത്ത് ശനിയാഴ്ച നടക്കുന്നത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ച കോവിഷീൽഡും ഭാരത് ബയോടെക്ക് തയ്യാറാക്കിയ കോവാക്സിനുമാണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുള്ളത്. ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണിപ്പോരാളികൾ തുടങ്ങിയവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുക.