തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ കേന്ദ്ര സർക്കാരിനെതിരെ കടന്നാക്രമണമില്ല. പേരിന് വേണ്ടി മാത്രമുള്ള വിമർശനമാണുള്ളത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനേയും വിമർശിച്ചില്ല. കിഫ്ബിയെ കേന്ദ്രം ഞെരുക്കുന്നതിനെതിരെ കഴിഞ്ഞവർഷം പ്രകടിപ്പിച്ച രോഷവുമില്ല. സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രവിമർശനമുണ്ടെങ്കിലും കടന്നാക്രമണമില്ല. ഇഡിയുടേയും ആർ ഒ സിയുടേയും അന്വേഷണ കാലത്ത് കേരള സർക്കാർ മതിയായ കരുതൽ നയപ്രഖ്യാപനത്തിൽ എടുത്തിരുന്നു. എന്നിട്ടും ഈ പ്രസംഗം ഗവർണ്ണർ സഭയിൽ വായിച്ചില്ല. ഇത് പിണറായി സർ്ക്കാരിനെ പോലും അമ്പരപ്പിച്ചു.

സാമ്പത്തികകാര്യങ്ങളിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ അസമത്വമുണ്ട്. പണഞെരുക്കത്തിന് ഇതാണു കാരണം. സംസ്ഥാനങ്ങൾ സ്രോതസ്സിന്റെ പരിമിതി മറികടന്നു ചെലവുകൾ ഏറ്റെടുക്കാൻ നിർബന്ധിതരാകുന്നു. ധനകാര്യ കമ്മിഷൻ അനുവദിക്കുന്ന നികുതി വിഹിതങ്ങളിലെ കുറവ് നിർബന്ധമായും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ജിഎസ്ടി നഷ്ടപരിഹാരം നിർത്തിയതും റവന്യൂ കമ്മി ഗ്രാന്റ് കുറച്ചതും ബജറ്റിനു പുറത്തെ കടമെടുപ്പിനു നിയന്ത്രണംവച്ചതും സംസ്ഥാനത്തെ ബാധിച്ചു. സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കുന്നതിനു സുപ്രീംകോടതിയെ സമീപിക്കാൻ നിർബന്ധിതമായി. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗ്രാന്റ് തടഞ്ഞുവയ്ക്കുന്നിൽ ആശങ്ക. മുൻകാല പ്രാബല്യത്തോടെ വായ്പാപരിധി വെട്ടിക്കുറച്ചതു മൂലം പണഞെരുക്കം-ഇതെല്ലാമാണ് നയപ്രഖ്യാപനത്തിലുള്ളത്. ഇതിന് അപ്പുറം കേന്ദ്ര നയങ്ങളെ ആക്രമിക്കുന്നില്ല. അയോധ്യയിലെ സർക്കാരിന്റെ രാഷ്ട്രീയ നയപ്രഖ്യാപനവും ഉണ്ടായില്ല.

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്‌സാലോജിക്കിനിതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണത്തിലാണ്. അതുകൊണ്ടാണ് കേന്ദ്ര വിമർശനത്തിന്റെ കാഠിന്യം കുറച്ചതെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിക്കാൻ സാധ്യത ഏറെയാണ്. ഇനി അവതരിപ്പിക്കുന്ന കേരള ബജറ്റിലും എന്താണ് സംഭവിക്കുകയെന്ന് പ്രതിപക്ഷം ഉറ്റുനോക്കുന്നുണ്ട്. സാധാരണ അതും കേന്ദ്രത്തിനെതിരായ നയപ്രഖ്യാപനം ആകാറാണ് പതിവ്. ഇത്തവണ എത്രത്തോളം രൂക്ഷത വിമർശനത്തിലുണ്ടാകുമെന്നതും ശ്രദ്ധേയമാണ്. ഏതായാലും പ്ര്തീക്ഷിച്ച കേന്ദ്ര വിമർശനം നയപ്രഖ്യാപനത്തിൽ ഉണ്ടായില്ലെന്നതാണ് വസ്തുത.

ഭരണഘടനാ മൂല്യങ്ങൾ വെല്ലുവിളി നേരിടുന്നുവെന്നത് അടക്കമുള്ള വിമർശനം കഴിഞ്ഞ തവണത്തെ നയപ്രഖ്യാപനത്തിൽ ഉണ്ടായിരുന്നു. ജനാധിപത്യം, മതനിരപേക്ഷത, ബഹുസ്വരമൂല്യങ്ങൾ, ഫെഡറലിസം എന്നിവ സംരക്ഷിക്കപ്പെടണമെന്നും മത, ഭാഷാ മേഖലകളിലെ ആധിപത്യ പ്രവണത രാജ്യത്തിന്റെ ഐക്യത്തിനും ജനാധിപത്യത്തിനും തടസ്സമാണെന്നും കുറ്റപ്പെടുത്തി. ഇത്തരത്തിലെ പരാമർശങ്ങൾ 2024ൽ പിണറായി സർക്കാർ ഒഴിവാക്കി. ദേശീയ പാഠ്യപദ്ധതി പരിഷ്‌കരിച്ചപ്പോൾ മുഗൾ ചരിത്രവും ഗാന്ധിജിയുടെ രക്തസാക്ഷിത്വവും മറ്റും എടുത്തുമാറ്റിയതിനെ ചരിത്രം വളച്ചൊടിക്കാനുള്ള ബിജെപിയുടെ ശ്രമമായാണ് ഇതുവരെ ഇടതുപക്ഷം വ്യാഖ്യാനിച്ചിരുന്നതെങ്കിൽ, എൻസിഇആർടിയുടെ സാധാരണ നടപടി മാത്രമായാണു നയപ്രഖ്യാപനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അങ്ങനെ എല്ലാ അർത്ഥത്തിലും മയപ്പെടുത്തുന്ന നയപ്രഖ്യാപനമാണ് കേരളം തയ്യാറാക്കിയത്.

വർഗീയതയ്‌ക്കെതിരെ സർക്കാരിന്റെ നയവും നിലപാടും നയപ്രഖ്യാപനത്തിലില്ല. അയോധ്യയും വിട്ടു കളഞ്ഞു. അഞ്ചുമാസത്തെ സാമൂഹിക ക്ഷേമപെൻഷൻ കുടിശികയാണെങ്കിലും ക്ഷേമപെൻഷൻ പദ്ധതി വിജയകരമായി നടപ്പാക്കുന്നുവെന്നാണ് അവകാശവാദം. കേന്ദ്ര വിർശനം കേരളം കുറയ്ക്കുമ്പോഴും നിയമസഭയിലെ നയപ്രഖ്യാപനപ്രസംഗം ഒന്നരമിനിറ്റിലൊതുക്കി സർക്കാരിനോടു സമരസപ്പെടാനില്ലെന്ന നയം വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിൽ നിന്നും മടങ്ങി. 63 പേജുള്ള പ്രസംഗം ഗവർണർ വായിച്ചത് വെറും 1.24 മിനിറ്റ്. 136 ഖണ്ഡികകളുള്ള ഉള്ളടക്കത്തിൽ ആദ്യത്തെയും അവസാനത്തെയും ഭാഗംമാത്രം വായിച്ച് അദ്ദേഹം 'ചടങ്ങ്' തീർത്തു.

ഗവർണറുടെ സഭാപ്രവേശവും പ്രസംഗവും മടക്കവുമടക്കം നയപ്രഖ്യാപനച്ചടങ്ങ് അഞ്ചുമിനിറ്റിൽ അവസാനിച്ചു. സർക്കാരിനെ പരസ്യമായി വെല്ലുവിളിച്ച് ചർച്ചകളിൽനിറഞ്ഞ അദ്ദേഹം, കേരള നിയമസഭയിൽ ആദ്യമായി ഒന്നരമിനിറ്റിൽ നയപ്രഖ്യാപനംനടത്തി ചരിത്രവുമെഴുതി. സമ്മേളനത്തിനെത്തിയ ഗവർണറെ സ്പീക്കർ എ.എൻ. ഷംസീർ, മുഖ്യമന്ത്രി പിണറായി വിജയൻ, പാർലമെന്ററികാര്യമന്ത്രി കെ. രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ സഭാകവാടത്തിൽ വരവേറ്റു. പൂച്ചെണ്ടുനൽകി സ്വീകരിച്ച മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിക്കാനോ മുഖംകൊടുക്കാനോ അദ്ദേഹം തയ്യാറായില്ല.

സഭയിൽ പ്രവേശിച്ചപ്പോഴും മടങ്ങുമ്പോഴും എല്ലാവരോടുമായി കൈകൂപ്പിയെങ്കിലും ആരോടും സൗഹൃദത്തിന്റെ ഒരു നിഴലാട്ടംപോലും ആ മുഖത്ത് പ്രകടമായില്ല. പ്രതിപക്ഷത്തെപ്പോലും ഗൗനിക്കാതെ, 'സഗൗരവം' ഗവർണർ തന്റെ ഭരണഘടനാദൗത്യം നിറവേറ്റി. ഗവർണർ പ്രസംഗപീഠത്തിലേക്കു കയറുമ്പോൾ 'പ്രശ്‌നങ്ങളെല്ലാം ഒത്തുതീർപ്പാക്കിയോ' എന്നായിരുന്നു ഭരണപക്ഷത്തെനോക്കി പ്രതിപക്ഷത്തിന്റെ പരിഹാസം. ബില്ലുകൾ തടഞ്ഞുവെച്ച ഗവർണറുടെ നടപടിക്കെതിരേ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും അതൊന്നും പ്രസംഗത്തിലില്ല. ഗവർണർ നിയമസഭയിൽ വന്നാൽ, പ്രസംഗം മുഴുവൻ വായിച്ചാലും ഇല്ലെങ്കിലും നയപ്രഖ്യാപനം അവതരിപ്പിച്ചതായി കണക്കാക്കാമെന്നാണ് സഭാചട്ടം. അതിനാൽ, പ്രസംഗം ഒന്നരമിനിറ്റിൽ ചുരുങ്ങിയതിൽ നിയമപ്രശ്‌നങ്ങളില്ല.

ഗവർണർ പങ്കെടുക്കുന്ന ചടങ്ങ് തുടങ്ങുമ്പോഴും അവസാനവും ദേശീയഗാനം ആലപിക്കണമെന്നാണ് പ്രോട്ടക്കോൾ. നയപ്രഖ്യാപനപ്രസംഗത്തിനായി വ്യാഴാഴ്ച രാവിലെ 8.57-ന് അദ്ദേഹം നിയമസഭയിൽ പ്രവേശിച്ചു. തുടർന്ന്, സ്പീക്കറുടെ അധ്യക്ഷസ്ഥാനത്തിനു സമീപമുള്ള പ്രസംഗപീഠത്തിൽ കയറിയശേഷം ദേശീയഗാനം ആലപിക്കപ്പെട്ടു. ഒന്നരമിനിറ്റിൽ പ്രസംഗംനിർത്തി അദ്ദേഹം ഇരിന്നു. അപ്പോൾ എല്ലാവരും മൗനത്തിലായി. ഇതിനിടെ 'ദേശീയഗാനം' എന്ന് ഗവർണർതന്നെ ഓർമിപ്പിച്ചതും ശ്രദ്ധേയമായി. തുടർന്ന്, 9.02-ന് അദ്ദേഹം മടങ്ങി.