തിരുവനന്തപുരം: ബി ജോയി സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകുന്നത് ശിവഗിരി തീർത്ഥാടന ഓപ്പറേഷന്റെ വിജയം. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നേടശനുമായി നിർണ്ണായക ചർച്ചകൾ വെള്ളാപ്പള്ളി നടത്തിയിരുന്നു. തിരുവനന്തപുരത്ത് പാർട്ടി സെക്രട്ടറിയായി വി ജോയി വേണമെന്ന് വെള്ളാപ്പള്ളി, മുഖ്യമന്ത്രി പിണറായി വിജയനോട് നിർദ്ദേശിച്ചിരുന്നു. ഇതിനൊപ്പം എം വിജയകുമാറിന്റേയും കടകംപള്ളി സുരേന്ദ്രന്റേയും നിലപാട് നിർണ്ണായകമായി. അനത്തലവട്ടം ആനന്ദനും കോലിയക്കോട് കൃഷ്ണൻനായരും ജോയിയെ പിന്തുണച്ചു. ഇതോടെ വർക്കല എംഎൽഎയ്ക്ക് സാഹചര്യവും സാധ്യതയും കൂടി. മന്ത്രി വി ശിവൻകുട്ടി കോഴിക്കോടായതോടെ എല്ലാ അർത്ഥത്തിലും ആനാവൂർ നാഗപ്പൻ ഒറ്റപ്പെട്ടു. ഇതോടെ ആനാവൂരിന്റെ നോമിനി സുനിൽ കുമാറിന്റെ സാധ്യതയും അടഞ്ഞു.

വർക്കലയിലെ തീർത്ഥാടന കാലത്ത് വെള്ളാപ്പള്ളിയുമായി പലവട്ടം ജോയി ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ഉദ്ഘാടന വേദിയിൽ പോലും കാര്യങ്ങൾ ചർച്ചയാക്കി. ഈയിടെ പല വേദിയിലും മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും ഒരുമിച്ചെത്തി. ഇവിടെയെല്ലാം ജോയിക്ക് വേണ്ടി ശക്തമായ വാദം വെള്ളാപ്പള്ളി ഉയർത്തി. തിരുവനന്തപുരം ജില്ലാ കമ്മറ്റി സെക്രട്ടറിയായി ഈഴവ സമുദായാംഗം എത്തണമെന്നതായിരുന്നു ആവശ്യം. ആറ്റിങ്ങൽ ലോക്സഭയിലെ സിപിഎം സാധ്യതകൾ ഇതുമൂലം ഉയരുമെന്നും വാദിച്ചു. അങ്ങനെ പിണറായി സമ്മർദ്ദത്തിന് വഴങ്ങി. നേരത്തേയും ജോയിക്ക് വേണ്ടി വെള്ളാപ്പള്ളി രംഗത്തു വന്നിട്ടുണ്ട്. അങ്ങനെയാണ് സി ജയൻബാബുവിനെ വെട്ടി സംസ്ഥാന സമിതിയിൽ ജോയി എത്തിയത്. അതിന്റെ തുടർച്ചയാണ് ജില്ലാ സെക്രട്ടറി സ്ഥാനവും. സിപിഎം സംസ്ഥാന സമിതിയിൽ ഒരു ഒഴിവ് ഇപ്പോഴുമുണ്ട്. ഇത് തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് വേണ്ടിയാണെന്നായിരുന്നു വാദം. സംസ്ഥാന സമിതി അംഗമായ ജോയി ജില്ലാ സെക്രട്ടറിയാകുന്നതോടെ മറ്റൊരു മുഖത്തിനും സംസ്ഥാന സമിതിയിലേക്ക് സാധ്യത ഉയരും.

ജോയിയെ ജില്ലാ സെക്രട്ടറിയാക്കാതിരിക്കാൻ രണ്ട് കാരണമാണ് ആനാവൂർ നിരത്തിയത്. അതിലൊന്ന് ആറ്റിങ്ങളിൽ ജോയി ലോക്സഭാ സ്ഥാനാർത്ഥിയാകട്ടേ എന്നതായിരുന്നു. ഇതിനൊപ്പം എംഎൽഎയായ ജോയി ജില്ലാ സെക്രട്ടറിയാകുന്നതിന്റെ ഇരട്ട പദവി വാദവും ചർച്ചയാക്കി. എന്നാൽ എം വി ഗോവിന്ദനും എംഎൽഎയാണ്. സംസ്ഥാന സെക്രട്ടറിയായി ഗോവിന്ദൻ എത്തിയതോടെ ജില്ലാ സെക്രട്ടറിയാകുന്ന വ്യക്തി എംഎൽഎയാകുന്നതിന് എതിരായ വാദം പൊളിഞ്ഞു. ഈഴവ സമുദായത്തിന് വേണ്ടിയുള്ള വെള്ളാപ്പള്ളിയുടെ നിലപാട് കൂടിയായപ്പോൾ എല്ലാം ജോയിക്കെതിരായി. എസ് എഫ് ഐ നേതൃത്വത്തിനെതിരെ ഉയർന്ന ആക്ഷേപവും മാറ്റുമെല്ലാം ആനാവൂരിന് തിരിച്ചടിയായി. ഇതോടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി മാത്രം മാറേണ്ട അവസ്ഥ ആനാവൂരിന് വന്നു. യുവ പ്രാതിനിധ്യം എന്ന നിർദ്ദേശവുമായാണ് കെ എസ് സുനിൽകുമാറിനെ സിപിഎം ജില്ലാ സെക്രട്ടറിയാക്കാൻ ആനാവൂർ ശ്രമിച്ചത്.

സംസ്ഥാന സെക്രട്ടറിയേറ്റിൽ ആനാവൂർ എത്തിയതോടെ ഇതിനുള്ള സാധ്യത കൂടി. വിജയകുമാറിനേയും കടകംപള്ളിയേയും മറികടന്നാണ് പിണറായിയുടെ പിന്തുണയിൽ ആനാവൂർ സെക്രട്ടറിയേറ്റിലെത്തിയത്. സിപിഎം മുൻ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും അടുത്ത ബന്ധം ആനാവൂരിനുണ്ടായിരുന്നു. എംവി ഗോവിന്ദൻ എത്തിയതോടെ സ്ഥിതി മാറി. തിരുവനന്തപുരത്ത് പാർട്ടി സെന്ററിന് കൂടുതൽ സ്വാധീനം ചെലുത്താൻ കഴിയുന്ന വ്യക്തി ജില്ലാ സെക്രട്ടറിയാകണമെന്ന വാദം ശക്തമായി. അങ്ങനെ വർക്കല എംഎൽഎയ്ക്ക് നറുക്കു വീണു. നിയമസഭയിൽ അടക്കം പിണറായി വിജയന്റെ കുടുംബത്തിന് വേണ്ടി വാദിച്ച നേതാവാണ് ജോയി. ഇതിന് പിന്നാലെയാണ് ജോയ് സിപിഎം സംസ്ഥാന സമിതി അംഗമാകുന്നത്.

വർക്കല കഹാറിന്റെ കുത്തകയായിരുന്നു വർക്കല മണ്ഡലം. കോൺഗ്രസിന്റെ ഉറച്ച സീറ്റാണ് ഏഴു കൊല്ലം മുമ്പ് ജോയി പിടിച്ചെടുത്തത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഉയർത്തി കരുത്തു കാട്ടി. എല്ലാ വിഭാഗത്തിലും ഉള്ള പിന്തുണയാണ് ഈ വിജയത്തിന് കാരണം. വർക്കലയെ വീണ്ടും സിപിഎം കോട്ടയാക്കി മാറ്റിയ ജോയിക്ക് തിരുവനന്തപുരത്ത് ജില്ലാ സെക്രട്ടറിയായി തിളങ്ങാനാകുമെന്നാണ് സിപിഎം വിലയിരുത്തൽ. ജില്ലാ സെക്രട്ടറിയായ ആനാവൂർ നാഗപ്പൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സാഹചര്യത്തിലാണ് ജോയ് ആ സ്ഥാനത്തേക്ക് എത്തുന്നത്.

വ്യാഴാഴ്ച രാവിലെ എ.കെ.ജി സെന്ററിൽ ചേർന്ന ജില്ലയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രത്യേക യോഗത്തിലാണ് തീരുമാനമുണ്ടായത്. ഈ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പങ്കെടുത്തു. യോഗത്തിൽ സംസ്ഥാന നേതൃത്വം തന്നെയാണ് വി.ജോയിയുടെ പേര് മുന്നോട്ടുവച്ചതെന്നാണ് സൂചന. വെള്ളാപ്പള്ളിയുടെ സമ്മർദ്ദമാണ് ഇതിനു കാരണമായത്. പാർട്ടിയിൽ സംഘടനാപരമായി പ്രശ്‌നങ്ങൾ നിലനിൽക്കുന്ന ജില്ലയാണ് തിരുവനന്തപുരം. മേയറുടെ കത്ത് വിവാദവും ഡിവൈഎഫ്‌ഐയിലെ ലഹരിമാഫിയ ബന്ധം വലിയ വിവാദമാകുകയും നടപടി വൈകിയത് ചർച്ചയാകുകയും ചെയ്തിരുന്നു. സംസ്ഥാന നേതൃത്വം തന്നെ തിരുത്തൽ നടപടി നിർദേശിച്ചതിനെ തുടർന്നാണ് ആരോപണവിധേയർക്കെതിരെ ജില്ലാ കമ്മിറ്റി നടപടിയെടുത്തത്.

ഏറെ നാളായി പല പേരുകളും ചർച്ച ചെയ്തെങ്കിലും ധാരണയിലെത്താൻ കഴിഞ്ഞിരുന്നില്ല. മേയറുടെ കത്ത് വിവാദവും, യുവജന സംഘടനകളിലെ നേതാക്കളുടെ വഴിവിട്ട പ്രവർത്തനങ്ങളുമെല്ലാം വിമർശന വിധേയമായ സാഹചര്യത്തിൽ അനാവൂർ നാഗപ്പനെതിരെ പാർട്ടിയിൽ നീക്കം ശക്തമായിരുന്നു. ജില്ലാ നേതൃത്വത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയും അതൃപ്തി വ്യക്തമാക്കിയിരുന്നു. സംസ്ഥാന നേതൃത്വം ഇടപെട്ടതിനെ തുടർന്നാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ ജില്ലാ നേതൃത്വം തയാറായത്.

സംസ്ഥാന സമ്മേളനം കഴിഞ്ഞ് പത്ത് മാസത്തോളമായിട്ടും ആനാവൂർ നാഗപ്പൻ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നു. തിരുവനന്തപുരം സിപിഎമ്മിനുള്ളിൽ നിലനിൽക്കുന്ന ഉൾപ്പോരായിരുന്നു ആനാവൂരിന് പകരക്കാരനെ കണ്ടെത്തുന്നതിൽ ഏറ്റവും വലിയ വെല്ലുവിളി. ആനാവൂർ നാഗപ്പൻ, കടകംപള്ളി സുരേന്ദ്രൻ, വി.ശിവൻകുട്ടി എന്നിവരാണ് സിപിഎമ്മിന്റെ തലസ്ഥാനത്തെ നേതൃമുഖങ്ങൾ.കോർപ്പറേഷനിലെ മേയറുടെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് 'പ്രതിസ്ഥാനത്ത്' നിൽക്കുന്നയാളാണ് ആനാവൂർ നാഗപ്പൻ.

വിവാദം സിപിഎമ്മിന് കടുത്ത അവമതിപ്പ് ഉണ്ടാക്കിയതായി വിലയിരുത്തലുണ്ട്. ആ ഘട്ടത്തിൽ തന്നെ ആനാവൂരിനെ മാറ്റണമെന്ന് അഭിപ്രായങ്ങളുണ്ടായിരുന്നെങ്കിലും ജനുവരി 15ന് നടക്കുന്ന മഹിളാ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന് ശേഷം മതിയെന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷേ അതും മാറി മറിഞ്ഞു.