ഷിംല: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചൽ പ്രദേശ് ശനിയാഴ്ച പോളിങ് ബൂത്തിലേക്ക്. 55,92,828 വോട്ടർമാർ 7,881 പോളിങ് ബൂത്തുകളിലെത്തി ശനിയാഴ്ച രാവിലെ മുതൽ വിധിയെഴുതും.

ദേശീയ നേതാക്കളെ ഇറക്കി പ്രചാരണം നയിക്കുകയും വൻ വാഗ്ദാനങ്ങൾ ജനങ്ങൾക്ക് മുന്നിൽ വയ്ക്കുകയും ചെയ്ത ബിജെപി ഭരണ വിരുദ്ധ വികാരം മറികടന്ന് അധികാരം നിലനിർത്തുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

സംസ്ഥാനത്തെ വിഷയങ്ങൾ സജീവ ചർച്ചയാക്കിയാണ് കോൺഗ്രസും തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിപ്പിച്ചത്. എന്നാൽ ഭരണ വിരുദ്ധ വികാരമാണോ വൈകാരിക വിഷയങ്ങളാണോ വോട്ടർമാരെ സ്വാധീനിച്ചത് എന്നത് ഫലപ്രഖ്യാപനത്തോടെ വ്യക്തമാകും.

അഞ്ച് വർഷം സംസ്ഥാനം ഭരിച്ച ബിജെപി ചെയ്ത വികസനം ഉയർത്തിക്കാട്ടിയല്ല പ്രചാരണം നയിച്ചത്. ഇനി ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ റാലികളിൽ വിശദീകരിച്ചു നേതാക്കൾ. ഏകീകൃത സിവിൽകോഡ് നടപ്പിലാക്കും എന്നതാണ് ബിജെപിയുടെ ഏറ്റവും പ്രധാന വാഗ്ദാനം. തൊഴിലും പെൻഷനും ആപ്പിളിന് താങ്ങുവിലയും ചോദിക്കുന്ന മനുഷ്യരോടാണ് ഞങ്ങൾ ഏകീകൃത സിവിൽകോഡ് നടപ്പിലാക്കും എന്ന് ബിജെപി പറയുന്നത്.

ആദ്യം പ്രകടന പത്രിക പുറത്തിറക്കിയ കോൺഗ്രസ് അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ ഉറപ്പു നൽകിയപ്പോൾ ബിജെപി എട്ട് ലക്ഷം തൊഴിൽ നൽകും എന്ന് പ്രഖ്യാപിച്ചു. ഭൂരിപക്ഷ വൈകാരികതയെ കൂട്ടുപിടിച്ച് ഹിമാചൽ നിലനിർത്താം എന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ. ദേശീയ നേതാക്കളുടെ പ്രചാരണ പരിപാടികളിൽ നിന്ന് ആ അജണ്ട വ്യക്തവുമാണ്.

ബിജെപിയേയും കോൺഗ്രസിനേയും വിമത പ്രശ്‌നം അലട്ടുന്നുണ്ട്. എന്നാൽ വിമതർ ഏറ്റവും കുഴപ്പമുണ്ടാക്കുന്നത് ബിജെപിക്ക് തന്നെ. മുൻ മുഖ്യമന്ത്രിയും ഹിമാചൽ ബിജെപിയിലെ ഒരു ഗ്രൂപ്പിന്റെ നേതാവുമായ പ്രേം കുമാർ ധൂമലിന്റെ പക്ഷത്തെ നിരവധി പേർക്ക് പാർട്ടി ഇത്തവണ സീറ്റ് നൽകിയില്ല. ഇവരിൽ മിക്കവരും വിമതരായി മത്സരിക്കുന്നു. വോട്ടർമാരുടെ എണ്ണം തീരെ കുറഞ്ഞ മണ്ഡലങ്ങളാണ് ഹിമാചലിൽ. വ്യക്തി ബന്ധങ്ങളും വോട്ടായി മാറുന്ന ഇടം.

മുൻ എംഎൽഎമാർ പോലും ബിജെപി വിമതരായതോടെ പത്തിലധികം സീറ്റിൽ പാർട്ടി പ്രതിസന്ധിയിലാണ്. കോൺഗ്രസിൽ വിമത പ്രശ്‌നം അത്ര രൂക്ഷമല്ല എങ്കിലും ഭരണം കിട്ടിയാലാണ് പ്രശ്‌നം ആരംഭിക്കാൻ പോകുന്നത്. പിസിസി അധ്യക്ഷ പ്രതിഭ സിങ്, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി, സുഖ്വീന്ദർ സിങ് സുഖു എന്നിവർ മുഖ്യമന്ത്രി കുപ്പായം കിട്ടാൻ കാത്തു നിൽക്കുന്നു. ജയിച്ചാലും തോറ്റാലും പ്രതിസന്ധി എന്നതാണ് കോൺഗ്രസിന്റെ അവസ്ഥ.

അടുത്ത കാലത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മറ്റൊരു സംസ്ഥാനത്തും കാണാത്ത ആവേശം ഹിമാചലിലെ കോൺഗ്രസിൽ കണ്ടു. തൊഴിലില്ലായ്മ, പുതിയ പെൻഷൻ പദ്ധതിയിലെ വലിയ കുഴപ്പം, അഗ്നിപഥ് പദ്ധതി, ആപ്പിൾ കർഷകരുടെ പ്രതിസന്ധി തുടങ്ങിയ അടിസ്ഥാന ജനകീയ വിഷയങ്ങളെക്കുറിച്ച് വോട്ടർമാരിൽ ബോധമുണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടുണ്ട്. കോൺഗ്രസിന്റെ പൊതുയോഗങ്ങളിൽ വലിയ ആൾക്കൂട്ടത്തെ കണ്ടു.

പ്രചാരണത്തിന് നേതൃത്വം നൽകിയ പ്രിയങ്ക ഗാന്ധിക്ക് കൂടുതൽ സ്ഥലങ്ങളിൽ പ്രസംഗിക്കാമായിരുന്നുവെന്ന് സംസ്ഥാനത്തെ നേതാക്കൾക്കിടയിൽ തന്നെ അഭിപ്രായമുണ്ട്. രാഹുൽ ഗാന്ധി എത്തും എന്ന് പ്രതീക്ഷിച്ചുവെങ്കിലും അതുണ്ടാവാത്തത് പ്രവർത്തകരിൽ നിരാശ സമ്മാനിക്കുകയും ചെയ്തു. രണ്ട് സംസ്ഥാനത്ത് മാത്രം അധികാരത്തലുള്ള കോൺഗ്രസിന് ഹിമാചലിലെ വിജയം സുപ്രധാനമാണ്. ആ ഗൗരവം പാർട്ടി തിരഞ്ഞെടുപ്പിന് നൽകി എന്ന് തന്നെയാണ് വിലയിരുത്താനാകുക. അതുകൊണ്ട് തന്നെ കോൺഗ്രസുകാർ പ്രതീക്ഷയിലാണ്.

തിയോഗിലെ സിറ്റിങ് എംഎൽഎ രാകേഷ് സിൻഹ ഇത്തവണയും വിജയിക്കും എന്ന് സിപിഎം കരുതുന്നു. എന്നാൽ അതിശക്തമായ മത്സരമാണ് ഈ മണ്ഡലത്തിൽ നടക്കുന്നത്. ടിക്കെന്ദർ പൻവർ മത്സരിക്കുന്ന ഷിംല അർബനിലും പ്രതീക്ഷ വയ്ക്കുന്നു. മത്സരിക്കുന്ന മറ്റ് പത്ത് മണ്ഡലങ്ങളിൽ വലിയ മത്സരം കാഴ്ചവെയ്ക്കാം എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ.

പഞ്ചാബിലെ ആവേശം ഹിമാചലിലേയ്ക്ക് കൊണ്ടുവരാൻ ആംആദ്മി പാർട്ടി ശ്രമിച്ചതാണ്. സംസ്ഥാനത്തിന്റെ ചുമതലയുണ്ടായിരുന്ന ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ കള്ളപ്പണക്കേസിൽ ജയിയിലായതോടെ പ്രവർത്തനം മന്ദഗതിയിലായി. നേതാക്കൾ ഗുജറാത്തിൽ കേന്ദ്രീകരിച്ചു. ഹിമാചലിലെ സാധ്യതകൾ മങ്ങുകയും ചെയ്തു. മറ്റ് പാർട്ടികൾ വിട്ട് വന്ന അഞ്ച് നേതാക്കൾ മത്സരിക്കുന്ന മണ്ഡലങ്ങളാണ് എഎപിക്ക് പ്രതീക്ഷയുള്ളത്.

മുൻ ബിജെപി എംപി രജൻ സുശാന്ത് ഫത്തേപൂരിൽ, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ മനീഷ് താക്കൂർ പോന്ത സാഹേബിൽ, ബിജെപി എസ്.സി മോർച്ചയുടെ പഴയ അധ്യക്ഷൻ ഹർമേൽ ദിമൻ കസൗളിയിൽ, കോൺഗ്രസ് മുൻ ജില്ലാ പരിഷത്ത് ചെയർമാൻ ധരംപാൽ ചൗഹാൻ സോളനിൽ, ജബ്ന കുമാരി നാചനിൽ നിന്നും ജനവിധി തേടുന്നു. ഹിമാചലിൽ എത്തുന്ന പ്രധാന എഎപി നേതാക്കൾ ഈ മണ്ഡലങ്ങളിലാണ് കേന്ദ്രീകരിക്കുന്നത്. വിജയിച്ചില്ലെങ്കിലും ഇവിടങ്ങളിൽ എഎപി വിധി നിശ്ചയിക്കും.

ഒപിഎസ്: അവസാനം വാങ്ങിയ ശമ്പളത്തിന്റെ ഏതാണ്ട് പകുതി പെൻഷനായി ലഭിച്ചിരുന്ന പഴയ പദ്ധതിക്കു (ഒപിഎസ്) പകരമുള്ള ന്യൂ പെൻഷൻ സ്‌കീമിനെതിരെ (എൻപിഎസ്) വൻ എതിർപ്പു സംസ്ഥാനത്തുണ്ട്. ആകെ 55 ലക്ഷം വോട്ടർമാർ മാത്രമുള്ള സംസ്ഥാനത്ത് 2.25 ലക്ഷം സംസ്ഥാന സർക്കാർ ജീവനക്കാരും 1.9 ലക്ഷം പെൻഷൻകാരുമുണ്ട്. അവരുടെ പിന്തുണ തിരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിക്കും. കേന്ദ്രാനുമതിയില്ലാതെ എൻപിഎസിൽനിന്നു പിന്മാറാൻ കഴിയില്ലെന്നാണ് ബിജെപി നിലപാട്.

അഗ്‌നിപഥ്: ഹിമാചലിലെ മിക്കവാറും കുടുംബങ്ങളിൽ ഒരു സൈനികനെങ്കിലുമുണ്ട്. സൈനികനാകുക എന്നതാണു യുവാക്കളുടെ ലക്ഷ്യം. ഇതാണു ഹ്രസ്വകാല സർവീസായി അഗ്‌നിപഥ് വരുന്നതിലെ എതിർപ്പിനു കാരണം. അഗ്‌നിപഥ് കഴിഞ്ഞുവരുന്നവർക്കു സംസ്ഥാന സർവീസിൽ അവസരം നൽകുമെന്നു വാഗ്ദാനം ചെയ്താണ് ബിജെപിയുടെ പ്രതിരോധം.

ഭരണവിരുദ്ധ മനോഭാവം: 1990 മുതൽ പാർട്ടികൾ മാറിമാറി ഭരിക്കുന്നതാണ് ഹിമാചലിലെ രീതി. അതുകൊണ്ടു കോൺഗ്രസ് വരുമെന്ന പ്രതീതി പാർട്ടിക്കാരിൽ ശക്തം. കഴിഞ്ഞ നവംബറിലെ ഉപതിരഞ്ഞെടുപ്പുകൾ തൂത്തുവാരിയത് കോൺഗ്രസിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.

ജാതി: ജാതിരാഷ്ട്രീയമുണ്ടെങ്കിലും വർഗീയപ്രചാരണം കാര്യമായി ഏൽക്കാറില്ല. 36% വരെയുള്ള രജ്പുത്ത് വിഭാഗമാണു ഭൂരിപക്ഷം. ഇതുവരെയുള്ള ആറിൽ 5 മുഖ്യമന്ത്രിമാരും ഈ വിഭാഗത്തിൽ നിന്നാണ്. ബിജെപിയുടെ ശാന്തകുമാർ മാത്രമായിരുന്നു ഏക ബ്രാഹ്മണ മുഖ്യമന്ത്രി. 20% ആണ് ബ്രാഹ്മണ സാന്നിധ്യം. 25% ദലിത് വിഭാഗങ്ങളുണ്ടെങ്കിലും ഇവർ ഭിന്നിച്ചു നിൽക്കുന്നു. എല്ലാ വിഭാഗങ്ങളെയും പ്രീണിപ്പിച്ചുള്ള സ്ഥാനാർത്ഥി പട്ടികയാണ് പാർട്ടികളുടേത്.
ആം ആദ്മിയും വിമതരും: കോൺഗ്രസും ബിജെപിയും നേർക്കുനേർ പോരാടുന്ന സംസ്ഥാനത്ത് ഇക്കുറി ആം ആദ്മി പാർട്ടിയുടെ സാന്നിധ്യവും വിമത ശല്യവും പാർട്ടികൾക്കു തിരിച്ചടിയാകുമെന്നു പ്രതീതിയുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് അവസാന ലാപ്പിലെത്തുമ്പോൾ ആം ആദ്മിക്കു കാര്യമായ ചലനമുണ്ടാക്കാനായില്ല. അതേസമയം, വിമതശല്യം ഇരു പാർട്ടികൾക്കുമുണ്ട്.

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന 26 പേർക്ക് മുഖ്യമന്ത്രി ജയറാം ഠാക്കൂറിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഇതിനിടെ, കംഗ്ര ജില്ലയിലെ ഫത്തേപുരിൽ ബിജെപി ടിക്കറ്റ് പ്രതീക്ഷിച്ച മുൻ രാജ്യസഭാംഗം കൃപാൽ പാർമറും അനുയായി ബാൽദേവ് ഠാക്കൂറും ബിജെപിക്കു തലവേദന സൃഷ്ടിക്കുന്നുണ്ട്. ബിജെപി സംസ്ഥാന ഉപാധ്യക്ഷനായിരുന്ന റാം സിങ് ഉൾപ്പെടെ ചിലരും ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ രംഗത്തുണ്ട്.

പ്രാദേശികത: ആകെയുള്ള 68 സീറ്റിൽ 15 സീറ്റുകളുള്ള കാഗ്ര മേഖലയിലെ ഫലം നിർണായകമാകും. തൊട്ടടുത്ത ഹാമിർപുരിലും 5 സീറ്റുകളുണ്ട്. ഹിമാചലിലെ ഈ ഉയരം കൂടിയ മേഖലയിൽ (അപ്പർ ഹിമാചൽ) ബിജെപിക്കും ഷിംല, കുളു, സിർമൗർ, സ്പിതി, സോളൻ, കിന്നോർ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ (ലോവർ ഹിമാചലും) കോൺഗ്രസിനും നേരിയ മേൽക്കൈ ഉണ്ട്. തൊഴിലില്ലായ്മ, വിലക്കയറ്റം, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് എന്നിവയും പ്രചാരണ ഘട്ടത്തിൽ ഉയർന്നുവന്നു.