ബെംഗളൂരു: കർണാടകത്തിൽ വോട്ടെടുപ്പ് കഴിഞ്ഞു. ഇനി ഫലമറിയാൻ ശനിയാഴ്ച വരെ കാത്തിരിക്കണം. പതിവുപോലെ എക്‌സിറ്റ് പോളുകൾ പുറത്തുവന്നു. തങ്ങൾക്ക് അനുകൂലമല്ലാത്ത എക്‌സിറ്റ് പോളുകളെ രാഷ്ട്രീയ കക്ഷികൾ തള്ളിപ്പറഞ്ഞു. മിക്ക എക്‌സിറ്റ് പോളുകളിലും കോൺഗ്രസിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നു. തൂക്കുസഭ വരുമെന്നാണ് കണക്കുകൂട്ടൽ. ചുരുക്കി പറഞ്ഞാൽ ജനതാദൾ സെക്കുലർ കിങ് മേക്കറാകാം. 224 അംഗ സഭയിൽ 113 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്.

മെയ് 13 ന് എന്തുപ്രതീക്ഷിക്കണം എന്നതിലേക്ക് എക്‌സിറ്റ് പോളുകൾ സൂചന നൽകുന്നു. 2018 ൽ ആറ് ദേശീയ ടെലിവിഷൻ ചാനലുകളും, ഒരു പ്രാദേശിക ചാനലും എട്ട് പ്രധാന എക്‌സിറ്റ് പോളുകൾ സംഘടിപ്പിച്ചിരുന്നു. ബിജെപി ഏറ്റവും കൂടുതൽ സീറ്റുകൾ നേടുമെന്നായിരുന്നു പ്രവചനം. ഏഴ് പോളുകൾ തൂക്ക് സഭ പ്രവചിച്ചു. ഇത്തവണ ഏഴു മുതൽ വൈകീട്ട് ആറുവരെ നടന്ന പോളിങ്ങിൽ 72.5 ശതമാനം വോട്ട് രേഖപ്പെടുത്തി. അന്തിമ ശതമാനം ഇനിയും ഉയരുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. കഴിഞ്ഞ തവണയായിരുന്നു കർണാടകയിൽ ഇതുവരെയുള്ള റെക്കോഡ് പോളിങ് രേഖപ്പെടുത്തിയത്; 72.36 ശതമാനം. നഗര മേഖലകളിൽ പോളിങ്ങ് കുറഞ്ഞപ്പോൾ ഗ്രാമങ്ങളിൽ ജനം ആവേശത്തോടെ വോട്ടെടുപ്പിൽ പങ്കാളികളായി.

ഇന്ത്യാ ടുഡേ- ആക്സിസ് മൈ ഇന്ത്യ, എബിപി- സി വോട്ടർ, ഇന്ത്യ ടിവി- സിഎൻഎക്സ്, റിപ്പബ്ലിക് ടിവി- പി മാർക്, ടൈംസ് നൗ- ഇടിജി, സി ന്യൂസ്- മെട്രിക്സ് എക്സിറ്റ് പോളുകൾ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് പ്രവചിക്കുന്നു. സുവർണ ന്യൂസ്, ന്യൂസ് നേഷൻ എക്സിറ്റ് പോളുകൾ ബിജെപിക്കാണ് മുൻതൂക്കം പ്രവചിക്കുന്നത്. എന്തായാലും കർണാടക സർക്കാർ രൂപീകരണത്തിൽ ജെഡിഎസിന്റെ നിലപാട് നിർണായകമാകുമെന്ന സൂചനയാണ് എക്സിറ്റ് പോൾ നൽകുന്നത്.

122 മുതൽ 140 സീറ്റുകൾ വരെ കോൺഗ്രസ് നേടുമെന്നാണ് ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചനം. ബിജെപിക്ക് 62 മുതൽ 80 സീറ്റുകളാണ് ലഭിക്കുകയെന്നും പ്രവചനമുണ്ട്. ജെഡിഎസിന് 20 മുതൽ 25 സീറ്റുകൾ വരെ ലഭിക്കും. മറ്റുള്ളവർക്ക് മൂന്ന് സീറ്റുകൾ വരെയേ ലഭിക്കൂ എന്നും ഇന്ത്യാ ടുഡേ എക്സിറ്റ് പോൾ പറയുന്നു.

കോൺഗ്രസ് മുന്നിട്ട് നിൽക്കുമെന്ന് എബിപി-സി വോട്ടർ എക്സിറ്റ് പോൾ. കോൺഗ്രസ് 81 മുതൽ 101 സീറ്റ് വരെ നേടുമെന്നാണ് എബിപി-സി വോട്ടർ എക്സിറ്റ് പോൾ പറയുന്നത്. ബിജെപി 66 മുതൽ 86 സീറ്റ് നേടിയേക്കും. ജെഡിഎസ് 20 മുതൽ 27 സീറ്റ് വരെ നേടുമെന്നും എബിപി-സി വോട്ടർ എക്സിറ്റ് പോളിൽ പറയുന്നു.

ബിജെപിക്ക് കേവല ഭൂരിപക്ഷം പ്രവചിക്കുന്നതാണ് ന്യൂസ് നേഷൻ- സിജിഎസ് എക്‌സിറ്റ് പോൾ. 114 സീറ്റുകളാണ് ബിജെപിക്ക് പ്രവചിക്കുന്നത്. കോൺഗ്രസിന് 86 സീറ്റുകൾ ലഭിക്കുമെന്നും ജെഡിഎസിന് 21 സീറ്റുകളും മറ്റുള്ളവർക്ക് മൂന്ന് സീറ്റുകളുമാണ് ന്യൂസ് നേഷൻ എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്.

അതേസമയം കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്നതാണ് റിപ്പബ്ലിക് ടിവി-മാർക് സർവേ ഫലം. കോൺഗ്രസ് 94 മുതൽ 108 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം ബിജെപിക്ക് 85 മുതൽ 100 സീറ്റ് വരെയാണ് റിപ്പബ്ലിക് ടിവി എക്‌സിറ്റ് പോൾ പ്രവചിക്കുന്നത്. ജെഡിഎസ് 24 മുതൽ 32 സീറ്റുകൾ വരെ നേടുമെന്നും മറ്റുള്ളവർക്ക് രണ്ട് മുതൽ ആറ് സീറ്റുകൾ വരെ ലഭിച്ചേക്കുമെന്നും പ്രവചനമുണ്ട്.

224 അംഗ നിയമസഭയിൽ കോൺഗ്രസിന് 103 മുതൽ 118 സീറ്റ് വരെ ലഭിച്ചേക്കാമെന്നാണ് സീ ന്യൂസ്-മാട്രിസ് എക്സിറ്റ് പോൾ ഫലം. ബിജെപിക്ക് 79 മുതൽ 94 സീറ്റുകൾ വരെ ലഭിക്കാം. ജെഡിഎസിന് 25 മുതൽ 33 സീറ്റുകൾ വരെ ലഭിക്കും. മറ്റുള്ളവർക്ക് രണ്ട് മുതൽ അഞ്ച് സീറ്റുകൾ വരെ ലഭിക്കുമെന്നും സീ ന്യൂസ് എക്സിറ്റ് പോൾ പറയുന്നു.

ബിജെപി അധികാരം നിലനിർത്തുമെന്ന് ബസവരാജ ബൊമ്മെ

'ഞങ്ങൾക്ക് 100 ശതമാനം ഭൂരിപക്ഷം കിട്ടും. എക്‌സിറ്റ് പോളുകൾ എക്‌സിറ്റ് പോളുകളാണ്. എല്ലാ എക്‌സിറ്റ് പോളുകളിലും അഞ്ചുശതമാനം കൂടിയോ കുറഞ്ഞോ ഇരിക്കും. ഇത് മൊത്തം ചിത്രത്തെ മാറ്റാം, മുഖ്യമന്ത്രി ബസവരാജ ബൊമ്മെ പറഞ്ഞു. ഉയർന്ന പോളിങ് ശതമാനം 
 കോൺഗ്രസിനല്ല, ബിജെപിക്കാണ് നേട്ടമുണ്ടാകുക എന്നും അദ്ദേഹം പറഞ്ഞു. നഗരമേഖലകൡ സാധാരണ വോട്ടുചെയ്യാൻ മടിക്കുന്നവരും വോട്ടുചെയ്തു. ഇത് ബിജെപിക്ക് അനുകൂല ഘടകമാണ്, ബൊമ്മെ പറഞ്ഞു.

തൂക്ക് സഭ വന്നാൽ, കാര്യങ്ങൾ സുഗമമാക്കാൻ ജെഡിഎസുമായി പിൻവാതിൽ ചർച്ചകൾ തുടങ്ങിയെന്ന ഊഹാപോഹങ്ങൾ അദ്ദേഹം നിഷേധിച്ചു. റിസോർട്ട് രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുന്നതൊക്കെ നിങ്ങളുടെ ഭാവനാസൃഷ്ടി എന്നാണ് ബൊമ്മെ തള്ളിയത്

തൂക്ക് സഭ വരില്ലെന്ന് ഡികെ

എക്‌സിറ്റ് പോളുകളുടെ തൂക്ക് സഭ പ്രവചനം താൻ വിശ്വസിക്കുന്നില്ലെന്ന് കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാർ പറഞ്ഞു. 146 സീറ്റെങ്കിലും കോൺഗ്രസിന് കിട്ടും. മിക്ക പോളുകളിലും തൂക്ക്‌സഭയായിരിക്കുമെന്നും കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നുമാണ് പ്രവചനം. എന്നാൽ, ഇന്ത്യ-ടുഡേ ആക്‌സിസ്് മൈ ഇന്ത്യയും, ന്യൂസ് 24 ടുഡേയുടെ ചാണക്യയും കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നു. ഇന്ത്യ ടുഡെ ആക്‌സിസ് കോൺഗ്രസിന് 122 മുതൽ 140 സീറ്റ് വരെയാണ് പ്രവചിക്കുന്നത്. ടുഡേയ്‌സ് ചാണക്യ 120 സീറ്റും. അതിൽ 11 സീറ്റ് അങ്ങോട്ട് ഇങ്ങോട്ടോ മാറാം.

കർണാടകയിൽ ഡബിൾ എഞ്ചിൻ സർക്കാർ പരാജയപ്പെട്ടെന്നും, ഒരുപാർട്ടിയുമായും സഖ്യമുണ്ടാക്കാതെ സർക്കാർ രൂപീകരിക്കാനാകുമെന്നും ഡികെ ശിവകുമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.