ന്യൂഡൽഹി: സ്‌കോട്ട്‌ലൻഡിൽ, ഇന്ത്യൻ ഹൈക്കമ്മീഷണറെ ഗുരുദ്വാരയിൽ പ്രവേശിക്കുന്നതിൽ നിന്ന് ഖലിസ്ഥാൻ മൗലികവാദികൾ തടഞ്ഞത് വൻവിവാദമാകുന്നു. സംഭവത്തിൽ യുകെയിലെ വിദേശ മന്ത്രാലയത്തെ ഇന്ത്യ ആശങ്ക അറിയിച്ചു.

വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഗ്ലാസ്‌ഗോയിലെ ഒരു ഗുരുദ്വാരയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിക്രം ദൊരൈസ്വാമിയെ ഖലിസ്ഥാൻ അനുകൂലികൾ തടയുകയായിരുന്നു. അവരുമായി തർക്കത്തിന് നിൽക്കാതെ ഹൈക്കമ്മീഷണർ ഉടൻ സ്ഥലം വിടുകയാണ് ഉണ്ടായത്.

ഗ്ലാസ്‌ഗോയിൽ ആൽബർട്ട് ഡ്രൈവിലുള്ള ഗുരുദ്വാരയിൽ ദൊരൈസ്വാമിയെ തടയുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സിഖ് യൂത്ത് യുകെ എന്ന് ഇൻസ്റ്റ്ഗ്രാം ചാനലിൽ പോസ്റ്റ് ചെയ്തു. ' അവർ സിഖുകാരെ കാനഡയിലും മറ്റുസ്ഥലങ്ങളിലും ദ്രോഹിക്കുകയാണ്. ഇവിടെ ഗ്ലാസ്‌ഗോയിൽ ഞങ്ങൾ ചെയ്തത് പോലെ ഓരോ സിഖുകാരനും, ഏത് ഇന്ത്യൻ അംബാസഡർക്കും എതിരെ പ്രതിഷേധിക്കണം', വീഡിയോയിലെ ഖലിസ്ഥാൻ അനുകൂലിയുടെ ആഹ്വാനം ഇങ്ങനെ.

പാർക്കിങ് ഏരിയിൽ കമ്മീഷണറുടെ കാറിന് അടുത്ത് രണ്ട് പേർ നിൽക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. അതിൽ ഒരാൾ, ഉള്ളിൽ നിന്ന് പൂട്ടിയ കാറിന്റെ ഡോർ തുറക്കാൻ ശ്രമിക്കുന്നുണ്ട്. പിന്നീട് ഗുരുദ്വാര സമുച്ചയം വിട്ട് ഹൈക്കമ്മീഷണറുടെ കാർ മടങ്ങുന്നതാണ് വീഡിയോയിൽ കാണുന്നത്. ഗുരുദ്വാര സന്ദർശിക്കുന്ന ഏത് ഇന്ത്യൻ അംബാസഡറെയും, ഇന്ത്യാ സർക്കാർ ഉദ്യോഗസ്ഥനെയും, ഇതുപോലെയാവണം കൈകാര്യം ചെയ്യേണ്ടതെന്നും മറ്റൊരാൾ വീഡിയോയിൽ പറയുന്നുണ്ട്.

ഗുരുദ്വാര അധികൃതരുമായി ചർച്ച നടത്തുന്നതിന്റെ ഭാഗമായി ഔദ്യാഗിക സന്ദർശനത്തിനെത്തിയതായിരുന്നു ദൊരൈസ്വാമി. ഖലിസ്ഥാൻ ഭീകരൻ ഹർദ്ദീപ് സിങ് നിജ്ജറിന്റെ മരണത്തെ തുടർന്ന് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായതിനിടെയാണ് ബ്രിട്ടണിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസ്വാമിക്കു നേരെയുണ്ടായ പ്രതിഷേധം.

ഔദ്യോഗിക സന്ദർശനത്തിനായി ഗുരുദ്വാരയിൽ എത്തുന്ന ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് വിലക്കുണ്ടെന്ന് സിഖ് യൂത്ത് യുകെ അവകാശപ്പെടുന്നു. ' എന്തുകളികളാണ് അവർ കളിക്കുന്നതെന്ന് ഞങ്ങൾക്കറിയാം. എന്താണ് കാനഡയിൽ സംഭവിക്കുന്നത് എന്നറിയാം. കനേഡിയൻ പ്രധാനമന്ത്രി ഇന്ത്യയുടെ നടപടിയെ അപലപിക്കുകയും, ഇന്ത്യൻ പ്രതിനിധികളെ പുറത്താക്കുകയും ചെയ്തു', വീഡിയോയിൽ ഒരാൾ പറയുന്നു.

സംഭവത്തിൽ, യുകെയിലെ വിദേശകാര്യ ഓഫീസിനെ അറിയിച്ചത് കൂടാതെ, പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. കാനഡ ഭീകരർക്ക് താവളം ഒരുക്കുകയാണെന്ന് വിദേശ കാര്യ മന്ത്രി എസ് ജയശങ്കർ ഇന്നലെ യുഎസിൽ പറഞ്ഞിരുന്നു. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് കാനഡ ഇതുചെയ്യുന്നതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.