ലഹോർ: തോഷഖാന കേസിൽ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് (പിടിഐ) പാർട്ടി അധ്യക്ഷനുമായ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ ഇസ്ലമാബാദ് പൊലീസ് എത്തിയതിനു പിന്നാലെ ലഹോറിലെ വസതിക്കു സമീപം സംഘർഷം. അറസ്റ്റ് തടയാൻ ഇമ്രാൻ ഖാന്റെ വസതിക്കുമുന്നിൽ സംഘടിച്ച പിടിഐ പ്രവർത്തകരും പൊലീസും തെരുവിൽ ഏറ്റുമുട്ടി.

പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ ഇസ്ലമാബാദ് ഡിഐജിക്ക് പരുക്കേറ്റു. ഇതിനിടെ, പ്രവർത്തകരോട് സംഘടിക്കാൻ വിഡിയോ സന്ദേശത്തിലൂടെ ഇമ്രാൻ ഖാൻ ആഹ്വാനം ചെയ്തു. ഇതിനു പിന്നാലെ ലഹോറിൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു.

അറസ്റ്റിനുള്ള നീക്കങ്ങൾക്ക് പിന്നാലെയാണ് പിടിഐ പ്രവർത്തകരോട് സംഘടിക്കാൻ ഇമ്രാൻ ഖാന്റെ വിഡിയോ സന്ദേശം നൽകിയത്. താൻ ജയിലിൽ പോകേണ്ടി വന്നാലും കൊല്ലപ്പെട്ടാലും അവകാശങ്ങൾക്കായി പോരാടാൻ ഇമ്രാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇമ്രാന്റെ വിഡിയോ സന്ദേശത്തിനു പിന്നാലെ ലഹോറിൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു.

''എന്നെ അറസ്റ്റ് ചെയ്യാനാണു പൊലീസ് എത്തിയിരിക്കുന്നത്. ഇമ്രാൻ ഖാൻ ജയിലിൽ പോയാൽ ജനങ്ങൾ ഉറങ്ങുമെന്ന് അവർ കരുതുന്നു. അതു തെറ്റാണെന്നു നിങ്ങൾ തെളിയിക്കണം. നിങ്ങൾ ജീവിച്ചിരിക്കുന്നു എന്നു തെളിയിക്കണം. നിങ്ങളുടെ അവകാശങ്ങൾക്കായി നിങ്ങൾ പോരാടണം. നിങ്ങൾ തെരുവിലിറങ്ങണം'' അദ്ദേഹം ആവശ്യപ്പെട്ടു.

''ദൈവം ഇമ്രാൻ ഖാന് എല്ലാം തന്നു. ഞാൻ എന്റെ ജീവിതകാലം മുഴുവൻ പോരാടി. അതു തുടരും. പക്ഷേ, എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, എന്നെ ജയിലിൽ അടയ്ക്കുകയോ കൊല്ലുകയോ ചെയ്താൽ, ഇമ്രാൻ ഖാനെ കൂടാതെ പോലും നിങ്ങൾക്കു പോരാടാൻ കഴിയുമെന്ന് നിങ്ങൾ തെളിയിക്കണം. ഈ അടിമത്തവും ഭരണവും നിങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്നു തെളിയിക്കണം. പാക്കിസ്ഥാൻ സിന്ദാബാദ്'' വിഡിയോ സന്ദേശത്തിൽ ഇമ്രാൻ പറഞ്ഞു.

ഇമ്രാന്റെ വീട്ടിലേക്കുള്ള എല്ലാ റോഡുകളും പൊലീസ് കണ്ടെയ്നറുകൾ സ്ഥാപിച്ചു തടഞ്ഞു. അറസ്റ്റ് തടയാൻ പിടിഐ പ്രവർത്തകർ വസതിക്കുമുന്നിൽ സംഘടിച്ചിട്ടുണ്ട്. പ്രവർത്തകർ പൊലീസിനുനേരെ കല്ലേറിഞ്ഞു. പിന്നാലെ, പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.

കള്ളക്കേസുകളിൽ ഇമ്രാൻ ഖാൻ പൊലീസിനു കീഴടങ്ങില്ലെന്നു മുതിർന്ന പിടിഐ നേതാവ് ഫാറൂഖ് ഹബീബ് മാധ്യമങ്ങളോടു പറഞ്ഞു. ''വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയ കേസിലെ അറസ്റ്റ് വാറന്റ് ഇസ്ലാമാബാദ് ഹൈക്കോടതി ഇന്നു സസ്പെൻഡ് ചെയ്തിരുന്നു. പ!!ൊലീസ് ഇപ്പോൾ കൊണ്ടുവന്ന പുതിയ വാറന്റുകൾ എന്താണെന്നു നോക്കാം'' ഹബീബ് പറഞ്ഞു. തോഷഖാന കേസിൽ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാനാണു പൊലീസ് സംഘം എത്തിയിട്ടുള്ളതെന്ന് ഇസ്ലാമാബാദ് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ച, ലഹോറിലെ ഇമ്രാന്റെ വസതിക്ക് പുറത്ത് തടിച്ചുകൂടിയ അനുയായികൾക്കു നേരെയുണ്ടായ ആക്രമണത്തിനിടെ പിടിഐ പ്രവർത്തകൻ അലി ബിലാൽ എന്ന സിൽലെ ഷാ കൊല്ലപ്പെട്ടിരുന്നു. ഷായുടെ കൊലപാതകത്തിൽ ഖാനും മറ്റു 400 പേർക്കുമെതിരെ ലഹോർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വസ്തുതകളും തെളിവുകളും മറച്ചുവച്ചതിനാണ് എഫ്ഐആർ. കഴിഞ്ഞ വർഷം പ്രധാനമന്ത്രി സ്ഥാനത്തുനിന്നു പുറത്തായശേഷം ഇമ്രാനെതിരെയുള്ള 81-ാമത്തെ എഫ്ഐആറാണിത്.