ലണ്ടൻ: ബ്രിട്ടന്റെ ആദ്യത്തെ ഏഷ്യൻ വംശജനായ പ്രധാനമന്ത്രിയായി ഋഷി സുനക് ഇന്ന് ചുമതലയേൽക്കുകയാണ്. ഈ ചരിത്ര മുഹൂർത്തത്തിൽ അഭിമാനത്തിലാണ് ഒരു ഇന്ത്യൻ കോടീശ്വരൻ. മറ്റാരുമല്ല, ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയാണത്. തന്റെ മരുമകനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരിക്കുന്നത്. മരുമകന് ബ്രിട്ടനുവേണ്ടി നന്നായി പ്രവൃത്തിക്കാൻ മരുമകനു കഴിയുമെന്ന് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി അഭിപ്രായപ്പെടുന്നത്.

മരുമകൻ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുന്ന സാഹചര്യത്തിലാണ് നാരായണ മൂർത്തിയുടെ പ്രസ്താവന. ഋഷിയെ അഭിനന്ദിക്കുന്നു. അയാളുടെ വിജയത്തിൽ അഭിമാനിക്കുയാണിപ്പോൾ. എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും ബ്രിട്ടനിലെ ജനയ്ക്ക് വേണ്ടി അയാൾ നല്ലത് ചെയ്യാൻ കഴിയു'മെന്ന് നാരായണ മൂർത്തി പറഞ്ഞു.

ഇന്ത്യയിലെ പഞ്ചാബിൽ വേരുകളുള്ള നാൽപ്പത്തിരണ്ടുകാരനാണ് ഋഷി സുനക്. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടേയും എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാമൂർത്തിയുടേയും മകളായ അക്ഷതാ മൂർത്തിയാണ് സുനാകിന്റെ ജീവിതപങ്കാളി. 2009 ഓഗസ്റ്റ് 13-ന് ബെംഗളൂരുവിലെ ലീലാ പാലസ് ഹോട്ടലിലായിരുന്നു വിവാഹം. കൃഷ്ണ, അനൗഷ്‌ക എന്നുപേരുള്ള രണ്ടു പെൺകുട്ടികളാണ് ഇവർക്ക്.

ഇന്ത്യൻ ഐ ടി വ്യവസായത്തിന്റെ തന്നെ പിതാവെന്ന് വിളിക്കാവുന്ന, എക്കാലത്തേയും 12 വലിയ ബിസിനസ്സുകാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന എൻ ആർ നാരായണ മൂർത്തിയുടെ പുത്രി സമ്പന്നയായതിൽ അതിശയമൊന്നുമില്ല. ഇൻഫോസിസ് സ്ഥാപകനായ നാരായണമൂർത്തിയുടെ മകൾ എന്നനിലയിലും, ഋഷി സുനാകിന്റെ ഭാര്യ എന്ന നിലയിലും മാത്രമല്ല അക്ഷതയെ ലോകം അറിയുന്നത്. ബിസിനസ്സ് രംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച ഇവർ ഇന്ന് ബ്രിട്ടനിലെ ഏറ്റവും സമ്പന്നായ വനിതയാണ്. തന്റെ കുടുംബ സ്ഥാപനമായ ഇൻഫോസിസിൽ ഇവർക്കുള്ള ഓഹരികളുടെ മൂല്യം 430 ദശലക്ഷം പൗണ്ടാണ്. ബ്രിട്ടീഷ് രാജ്ഞിയുടെ ആകെ സ്വത്തിന്റെ മൂല്യം 350 ദശലക്ഷം പൗണ്ടാണെന്ന് അറിയുമ്പോഴാണ് ഈ ഇന്ത്യൻ വംശജയുടെ സ്വത്തിന്റെ വലിപ്പം മനസ്സിലാകുക.

സതാംപ്ടണിൽ ജനിച്ച റിഷി ഓക്‌സ്ഫഡിലെ പഠനത്തിനുശേഷം കാലിഫോർണിയയിലെ സ്റ്റാൻഫഡ് സർവകലാശാലയിൽ ചേർന്നപ്പോഴാണ് അക്ഷതയെ കണ്ടുമുട്ടിയത്. ആ പ്രണയം 2009-ൽ വിവാഹത്തിലേക്കെത്തി. ബെംഗളൂരുവിൽ രണ്ടുനാൾ നീണ്ടുനിന്ന വിവാഹച്ചടങ്ങായിരുന്നു ഇവരുടേത്. നിക്ഷേപക രംഗത്ത് പ്രവർത്തിച്ചിരുന്ന റിഷി, വിവാഹത്തിനുശേഷം സ്വന്തം ബിസിനസിന് തുടക്കമിട്ടു. തെലീം പാർട്‌ണേഴ്‌സ് എന്ന സ്ഥാപനം 2010-ലാണ് തുടങ്ങിയത്. തുടക്കത്തിൽ ആഴ്ചയിൽ രണ്ടുദിവസമായിരുന്നു രാഷ്ട്രീയ പ്രവർത്തനം. 700 മില്യൺ പൗണ്ട് മൂലധനവുമായി തുടങ്ങിയ തെലീം വളർന്ന് വികസിച്ചതോടെ, റിഷി മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് തിരിഞ്ഞു.

ഇപ്പോൾ ഈ കമ്പനിയുടെ ചുമതല ഭാര്യ അക്ഷതയ്ക്കാണ്. അക്ഷതയും കഠിനാധ്വാനിയാണ്. അക്ഷത ഡിസൈൻസ് എന്ന പേരിൽ സ്വന്തമായൊരു ഫാഷൻ ബ്രാൻഡ് അവർക്കുണ്ട്. ഇതിന് പുറമെ, നാരായണമൂർത്തി 2010-ൽ സ്ഥാപിച്ച നിക്ഷേപ സ്ഥാപനത്തിന്റെ ഡയറക്ടർകൂടിയാണവർ. തിരക്കുപിടിച്ച ബിസിനസ്സ് ജീവിതത്തിനിടയിൽ കൺസർവേറ്റീവ് പാർട്ടിക്ക് വേണ്ടി കുറച്ചു ദിവസം മാത്രം ചെയ്ത വോളന്ററി പ്രവർത്തനമാണ് ഋഷി സുനാകിനെ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ എത്തിച്ചത്. ഒരു ജി പി ആയ പിതാവും ഫാർമസിസ്റ്റായ മാതാവുമാണ് തനിക്കെന്നും പ്രോത്സാഹനങ്ങൾ നൽകിയിട്ടുള്ളതെന്ന് ഋഷി കൂടെക്കൂടെ പറയാറുണ്ട്.

കാര്യങ്ങൾ കൃത്യമായി വിശദീകരിച്ചിട്ടും, ചെയ്തതെല്ലാം നിയമവിധേയമായിട്ടാണെന്ന് തെളിഞ്ഞിട്ടും ചാൻസലർ ഋഷി സുനാകിന്റെ പത്നിയെ വെറുതെ വിടാൻ ബ്രിട്ടീഷ് മാധ്യമങ്ങൾ ഒരുക്കമല്ലായിരുന്നു. അക്ഷതയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും ഇൻഫോസിസിൽ നിന്നുള്ള ലാഭവിഹിതമാണെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ പറയുന്നത്. 0.91 ഓഹരികളാണ് അവർക്ക് ഇൻഫോസിസിലുള്ളത്. അതായത്, 727 മില്യൺ പൗണ്ട് മൂല്യം വരുന്ന 39 മില്യൺ ഓഹരികൾ അവർക്ക് സ്വന്തമായുണ്ട്. എന്നാൽ, അവർക്ക് നോൺ-ഡോം സ്റ്റാറ്റസ് ഉള്ളതിനാൽ വിദേശത്തുനിന്നുള്ള വരുമാനത്തിന് അവർ ബ്രിട്ടനിൽ നികുതി നൽകേണ്ടതായിട്ടില്ല. ഇതിൽ ഇൻഫോസിസിൽ നിന്നുള്ള ഓഹരി വിഹിതവും ഉൾപ്പെടും.കഴിഞ്ഞ വർഷം 11.6 മില്യൺ പൗണ്ടാണ് ഓഹരി വിഹിതമായി ലഭിച്ചതെന്ന് പറയുന്നു. ഈ തുകയ്ക്ക് ബ്രിട്ടീഷ് നികുതി അടയ്ക്കുകയാണെങ്കിൽ അത് 4.4 മില്യൺ പൗണ്ട് വരുമെന്ന് ടൈംസ് പറയുന്നു.

ഋഷിക്കും ഭാര്യയ്ക്കും കൂടി നാല് വീടുകൾ ഉണ്ടെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ പറയുന്നത്. കെൻസിങ്ടണിലെ 1 മില്യൺ പൗണ്ടിന്റെ ഫ്ളാറ്റ്, ഋഷിയുടെ നിയോജകമണ്ഡലമായ യോർക്ക്ഷയറിൽ ഉള്ള 7 മില്യൺ പൗണ്ടും 2 മില്യൺ പൗണ്ടും വിലവരുന്ന രണ്ട് ആഡംബര വസതികൾ എന്നിവ ഉൾപ്പടെയാണിത്. അതിനുപുറമെ ഇവർക്ക് കാലിഫോർണിയയിൽ 5.5 മില്യൺ പൗണ്ട് വിലവരുന്ന ഒരു പെന്റ്ഹൗസും ഉണ്ട്.

ഇതിൽ കെൻസിങ്ടണിലുള്ള അഞ്ച് കിടപ്പുമുറികളുള്ള വീടാണ് ഇവരുടെ പ്രധാന വീടായി പറയുന്നത്. വളരെ പ്രധാനപ്പെട്ട ഒരു ഭാഗത്താണ് കെൻസിങ്ടണിലെ ഋഷിയുടെ വീട് സ്ഥിതിചെയ്യുന്നത്. അഞ്ച് കിടപ്പുമുറികളൂം സ്വീകരണമുറിയുമൊക്കെയായി നാലുനിലകളിലായാണ് ഈ വീടുള്ളത്. അതിനുപുറമെ ഒരു സ്വകാര്യ ഉദ്യാനവുമുണ്ട്.

യോർക്ക്ഷയറിൽ നോർത്ത് അലേർടനിനടുത്തായി 12 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നതാണ് ഋഷിയുടെ മറ്റൊരു വീട്. സ്വകാര്യ ജിം, സ്വിമ്മിങ്പൂൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. ഋഷിയുടെയും അക്ഷതയുടെയും മക്കൾ ചില വാരാന്ത്യങ്ങളിലൊക്കെ ഇവിടെയാണ് സമയം ചെലവഴിക്കാറുള്ളത്.അതുപോലെ കാലിഫോർണിയയിൽ ഉള്ള വീട് ഇവർ ഒഴിവുകാലങ്ങളിൽ മാത്രമായിരിക്കും സന്ദർശിക്കാറുള്ളത്.

വീടുകളുടെ മാത്രമല്ല, അക്ഷത മൂർത്തിയുടെ എല്ലാ ബിസിനസ്സ് വിവരങ്ങളും ബ്രിട്ടീഷ് മാധ്യമങ്ങൾ അതീവ പ്രാധാന്യം നൽകി പ്രസിദ്ധീകരിച്ചിരുന്നു. ഇൻഫോസിസിനു പുറമെ മൗറീഷ്യസ് ആസ്ഥാനമാക്കിയുള്ള ഒരു അന്താരാഷ്ട്ര നിക്ഷേപ കമ്പനിയും ഇവർക്കുണ്ട്. ഇവിടെ ജീവനക്കാർ ഒന്നുമില്ലെന്നും, ഇന്ത്യയിൽ നികുതി വെട്ടിക്കാനായിട്ടാണ് ഇത്തരമൊരു കടലാസ് കമ്പനി രൂപീകരിച്ചിരിക്കുന്നതെന്നും ബ്രിട്ടീഷ് മാധ്യമങ്ങൾ എഴുതിയിരുന്നു.