പുടിന്റെ വിശ്വസ്ത ഉപദേശകൻ, റാസ്പുടിൻ എന്നറിയപ്പെടുന്ന അലക്സാണ്ടർ ഡുഗിന്റെ മകളുടെ മരണം വിവാദമാവുകയാണ്. പിതാവിനായി ഒരുക്കിയ കെണിയിൽ മകൾ ദരിയ ഡുഗിന വന്ന് വീഴുകയായിരുന്നു എന്നാണ് ഇപ്പോൾ അനുമാനിക്കുന്നത്. സംഭവം നടക്കുന്നതിനു മുൻപായി അലക്സാണ്ടർ ഡുഗിന് യുക്രെയിനിൽ നിന്നും നിരവധി വധഭീഷണികൾ ലഭിച്ചിരുന്നതായി റഷ്യ ആരോപിക്കുന്നു. ദാരിയ ഡുഗിനയുടെ കൊലപാതകത്തിന് യുക്രെയിനോട് പകരംവീട്ടണമെന്നും പലരും ആവശ്യപ്പെടുന്നുണ്ട്.

മോസ്‌കോയൊട് ചേർന്ന് കിടക്കുന്ന ബോൾഷെയെ വ്യാസ്യോമി ഗ്രാമത്തിലൂടെ ഹൈവേയിൽ സഞ്ചരിക്കുന്നതിനിടയിലായിരുന്നു ദാരിയ ഡുഗിന ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെടുന്നത്. അലക്സാണ്ടർ ഡുഗിൻ സഞ്ചരിക്കാൻ ഇരുന്ന കാറായിരുന്നു സ്ഫോടനത്തിൽ പെട്ടത്. അവസാന നിമിഷം, ഡുഗിൻ മറ്റൊരു കാറിൽ യാത്ര ചെയ്യുകയായിരുന്നു. ഡുഗിനായി ഒരുക്കിയിട്ട കാറിൽ മകളും കയറി. ദാരിയ സഞ്ചരിച്ചിരുന്ന ടൊയോട്ട ലാൻഡ് ക്രൂയിസ്സർ പ്രാഡോയുടെ അടിയിൽ സ്ഫോടക വസ്തു ഘടിപ്പിച്ചിട്ടുണ്ടായിരുന്നു എന്ന് റഷ്യൻ അന്വേഷണ സംഘം ഇന്നലെ സ്ഥിരീകരിച്ചിരുന്നു.

അതേസമയം, കൊലപാതകത്തിൽ തങ്ങൾക്ക് പങ്കൊന്നുമില്ലെന്നാണ് വൊളോഡിമിർ സെലെൻസ്‌കിയുടെ സർക്കാരിന്റെ നിലപാട്. യുക്രെയിൻ റഷ്യയെ പോലെ ഒരു കുറ്റവാളി രാജ്യമോ, ഭീകരപ്രവർത്തനം പ്രോത്സാഹിപ്പിക്കുന്ന രാജ്യമോ അല്ലെന്നായിരുന്നു സെലെൻസ്‌കി പ്രതികരിച്ചത്. അധിനിവേശം തുടങ്ങിയ അന്നു മുതൽ തന്നെ നിരവധി യുദ്ധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ഒരു സേനയാണ് റഷ്യയുടേതെന്നും സെലെൻസ്‌കി ഓർമ്മിപ്പിച്ചു.

അതിനിടയിലാണ്, ഡുഗിനെ കൊല്ലാൻ ശ്രമിച്ചത് റഷ്യ തന്നെയായിരിക്കുമെന്ന പ്രസ്താവനയുമായി ചില വിദഗ്ദ്ധർ രംഗപ്രവേശനം ചെയ്തിരിക്കുന്നത്. പ്രമുഖ ചരിത്രപണ്ഡിതനും എഴുത്തുകാരനുമായ യൂറി ഫെൽഷിന്റിസ്‌കിയാണ് ഇത് റഷ്യൻ സുരക്ഷാ സൈന്യത്തിന്റെ നടപടിയാകാം എന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ചുറ്റും അതീവ സുരക്ഷയൊരുക്കിയ മുറ്റത്ത് കിടന്ന കാറിൽ സ്ഫോടക വസ്തു ഘടിപ്പിച്ചിട്ടുണ്ടായിരുന്നു എന്ന റഷ്യൻ അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ഇത് അടിവരയിടുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

യുദ്ധത്തിന് നിർബന്ധിതമായ യുക്രെയിൻ പ്രധാനമായും റഷ്യയുടെ സൈനിക കേന്ദ്രങ്ങളേയായിരിക്കും ഉന്നം വയ്ക്കുക എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പുടിന്റെ ഒരു സഹായിയെ വധിച്ചതുകൊണ്ട് അവർക്ക് എന്തെങ്കിലും നേട്ടം കൈവരിക്കാനില്ല. മാത്രമല്ല, കനത്ത സുരക്ഷാവലയത്തിനകത്ത് കയറി ഇത്തരത്തിൽ ഒരു കാര്യം നിർവഹിക്കുന്നതിലെ അപകടം വളരെ വലുതാണ്. അതിനു മത്രം പ്രയോജനം ലഭിക്കാത്തപ്പോൾ യുക്രെയിൻ എന്തിന് അത് ചെയ്യണം എന്നാണ് അദ്ദേഹം ചോദിക്കുന്നത്. നേരെ മറിച്ച്, യുക്രെയിൻ, സാധാരണക്കാർക്ക് നേരെയും ആക്രമണം അഴിച്ചുവിടുന്നു എന്ന് സ്ഥാപിക്കാൻ റഷ്യക്ക് ഇതിനാൽ കഴിയും.

ഒരു രാഷ്ട്രീയ നിരീക്ഷകയും, പുടിൻ അനുകൂല ജേർണലായ യുണൈറ്റഡ് വേൾഡ് ഇന്റർനാഷണലിന്റെ എഡിറ്ററുമായ ഡുഗിനപുടിന്റെ യുക്രെയിൻ യുദ്ധങ്ങളെ കുറിച്ചുള്ള ഒരു ഗ്രന്ഥത്തിന്റെ സഹ രചയിതാവ് കൂടിയാണ്. പിതാവിനൊപ്പം ഒരു സാംസ്‌കാരിക സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങവേയാണ് അവർക്ക് ദാരുണമായ അന്ത്യം സംഭവിച്ചത്. തീവ്ര വലതുപക്ഷ നിലപാടുകൾ പുലർത്തുന്ന അലക്സാണ്ടർ ലോകത്ത് റഷ്യൻ മേൽക്കോയ്മ കൈവരുന്നതിനെ കുറിച്ച് ഒരു ഗ്രന്ഥം രചിച്ചിരുന്നു. ഇതായിരുന്നു അദ്ദേഹത്തെ പുടിനുമായി അടുപ്പിക്കുവാൻ കാരണമായത്.

1997-ൽ പ്രസിദ്ധീകരിച്ച തന്റെ ഫൗണ്ടേഷൻസ് ഓഫ് ജിയോപൊളിറ്റിക്സ് എന്ന ഗ്രന്ഥത്തിൽ ഡുബ്ലിൻ മുതൽ വ്ളാഡിവോസ്റ്റോക്ക് വരെ നീണ്ടുകിടക്കുന്ന റഷ്യൻ സാമ്രാജ്യത്തെ കുറിച്ച സ്വപ്നം കണ്ട ഡുഗിൻ, യൂറേഷ്യയ്ക്ക് വൻ ഭീഷണിയായിട്ടായിരുന്നു യുക്രെയിനിനെ കണ്ടിരുന്നത്. യുക്രെയിനിലെ റഷ്യൻ അനുകൂല വിമതർക്കായി സൈനിക റിക്രൂട്ട്മെന്റ് നടത്തിയെന്ന ആരോപണത്തെ തുടർന്ന് അമേരിക്ക ഡുഗിന് ഉപരോധം ഏർപ്പെടുത്തിയിരുന്നു.

2016- ൽ അമേരിക്കൻ തെരെഞ്ഞെടുപ്പിൽ അനാവശ്യ ഇടപെടലുകൾ നടത്തി എന്ന് ആരോപിക്കപ്പെടുന്ന യവ്ജെനി പ്രിഗോസിന്റെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് വേൾഡ് ഇന്റർനാഷണലിന്റെ എഡിറ്ററായതിനെ തുടർന്ന് ഡുഗിനയ്ക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു.