ലണ്ടൻ: ബ്രിട്ടണിൽ ഭിന്നിച്ചു നിന്ന കൊച്ചുമക്കളെ മരണത്തിലൂടെ ഒന്നിപ്പിച്ച് എലിസബത്ത് രാജ്ഞി. രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങുകൾക്ക് മുൻപായി പടലപ്പിണക്കങ്ങൾ മാറ്റിവക്കാൻ ചാൾസിന്റെ ഉഗ്ര ശാസനം. അതോടെ പതിനൊന്നാം മണിക്കൂറിൽ സമാധാനത്തിന്റെ ഒലീവില തന്റെ അനുജന് നേരെ നീട്ടി വില്യം രാജകുമാരൻ. ചാൾസിന്റെ ഒരൊറ്റ ഫോൺ വിളിയിലായിരുന്നു കാര്യങ്ങൾ മാറിമറിഞ്ഞത്. കറുത്ത വസ്ത്രങ്ങൾ അണിഞ്ഞ് സഹോദരന്മാർ തങ്ങളുടെ ഭാര്യമാർക്കൊപ്പം വിൻഡ്സർ കൊട്ടാരത്തിനു മുൻപിൽ എത്തിയപ്പോൾ ആദരാഞ്ജലികൾ അർപ്പിക്കാൻ അവിടെ തടിച്ചുകൂടിയ നൂറുകണക്കിന് രാജ ഭക്തർ ആവേശം കൊണ്ടു.

രാജ്ഞിയുടെ കൊട്ടാരകവാടത്തിനു പുറത്ത് ആരാധകർ സമർപ്പിച്ച ആദരവിന്റെ പുഷ്പചക്രങ്ങൾ കണ്ടുകൊണ്ട് ഇരു ദമ്പതിമാരും ഏകദേശം 40 മിനിറ്റോളം പുറത്ത് ചെലവഴിച്ചു. വെയിൽസ് രാജകുമാരനായി പദവിയേറ്റെടുത്ത വില്യമിനും സഹോദരനുമിടയിലെ മഞ്ഞുരുകാൻ ഇത് സഹായിക്കുമെന്നാണ് രാജകുടുംബത്തിലെ സംഭവങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നവർ പറയുന്നത്.

രാജ്ഞിയുടെ മരണത്തിനു മുൻപ് തന്നെ ഹാരിയും മേഗനും ബ്രിട്ടനിലെത്തിയിരുന്നു. ചില പൊതു പരിപാടികളുമായി ബന്ധപ്പെട്ട് ബ്രിട്ടനിലെത്തിയ ദമ്പതിമാർ, വില്യമിന്റെ വസതിക്ക് ഏറെ അടുത്തുള്ള ഫ്രോഗ്മോർ കോട്ടേജിലായിരുന്നു താമസിച്ചിരുന്നതെങ്കിലും, വില്യമിനെയും കുടുംബത്തെയും സന്ദർശിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. എന്നാൽ, രാജ്ഞിയുടെ ആരോഗ്യനില വഷളാകുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന് ഇരുവരും ബാൽമൊറാലിൽ എത്തിയിരുന്നു.

സായാഹ്നത്തിലെ നടത്തത്തിൽ, തന്നോടൊം വെയിൽസിലെ രാജകുമാരിക്കും ഒപ്പം ചേരാൻ പുതിയ പ്രിൻസ് ഓഫ് വെയിൽസ്, വില്യം തന്നെ ഹാരിയെ ക്ഷണിച്ചു എന്നാണ് കെൻസിങ്ടൺ പാലസ് വൃത്തങ്ങൾ സൂചിപ്പിച്ചത്. അവസാന നിമിഷത്തിലായിരുന്നു ക്ഷണം വന്നതെന്ന് ഹാരിയുടേയും മേഗന്റെയും സുഹൃത്ത് കൂടിയായ മാധ്യമ പ്രവർത്തകൻ ഓമിഡ് സ്‌കൂബ് പിന്നീട് ട്വീറ്ററിൽ കുറിച്ചു. ഇരു സഹോദരന്മാർക്കും ഇടയിലെ ബന്ധത്തിൽ ഇതൊരു ചരിത്ര മുഹൂർത്തമാണെന്നും സ്‌കൂബ് പറഞ്ഞു.

അമ്മ, ഡയാന രാജകുമാരിയുടേ പ്രതിമഅനാച്ഛാദനം ചെയ്ത ചടങ്ങിനു ശേഷം ഇതാദ്യമായാണ് വില്യമും ഹാരിയും ഒരു പൊതുവേദിയിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നത്. അതേസമയം, 2020 മാർച്ച് 9 ലെ കോമൺവെൽത്ത് ദിനത്തിനു ശേഷം ഇതാദ്യമായിട്ടാണ് ഇരു ദമ്പതിമാരും ഒരുമിച്ച് ഒരു പൊതുവേദിയിൽ എത്തുന്നത്. രണ്ട് വർഷങ്ങൾക്ക് മുൻപ് രാജകീയ ചുമതലകൾ ഉപേക്ഷിച്ച് അമേരിക്കയിൽ താമസമാക്കിയ ഹാരിയും മേഗനും പിന്നീട് രാജകൊട്ടാരത്തിനെതിരെയും രാജകുടുംബാംഗങ്ങൾക്ക് എതിരെയും നിരവധി ആരോപണങ്ങളുമായി പല സന്ദർഭങ്ങളിലും മാധ്യമങ്ങളിൽ ഇടംപിടിച്ചിരുന്നു.

ഏതായാലും സഹോദരങ്ങൾ വീണ്ടും ഒന്നിച്ച് വന്നത് രാജകുടുംബത്തിന്റെ ആരാധാകർക്ക് ഏറെ സന്തോഷം നൽകി. പലരും അത് മറച്ചു വയ്ക്കാതെ തുറന്നു പറയുകയും ചെയ്തു. ഹാരിക്കും വില്യമിനും ഇടയിലുള്ള ബന്ധം മെച്ചപ്പെടാൻ ഇത് ഒരു കാരണമായേക്കാം എന്ന് അവർ പ്രത്യാശിക്കുകയും ചെയ്തു. പുതിയതായി പ്രിൻസ് ഓഫ് വെയിൽസ് പദവിയിലെത്തിയ വില്യമിനോടുള്ള സ്നേഹവും ആരാധകർ മറച്ചു പിടിച്ചില്ല, അഭിവാദ്യം ചെയ്തവരെയെല്ലാം തിരിച്ച് അഭിവാദ്യം ചെയ്ത് ദുഃഖം ഉള്ളിലൊതുക്കി, മുഖത്ത് ചെറു പുഞ്ചിരി വരുത്തി വില്യം ആരാധകർക്ക് മുന്നിലൂടെ നടന്നു.

രാജ്ഞി ജീവിച്ചിരുന്നുവെങ്കിൽ ഈ കാഴ്‌ച്ച കണ്ട് എത്രമാത്രം സന്തോഷിക്കുമായിരുന്നു എന്നായിരുന്നു ആരാധകർ പൊതുവെ പങ്കുവച്ച വികാരം. ഇരുവർക്കുമൊപ്പം അവരുടെ മക്കൾ കൂടിയുണ്ടായിരുന്നെങ്കിൽ രാജ്ഞി അതിയായി ആഹ്ലാദിക്കുമായിരുന്നു എന്ന് പറയുന്നവരും ഏറെയുണ്ടായിരുന്നു. രാജാവായെങ്കിലും, ചാൾസ് എന്ന പിതാവിന്റെ ഹൃദയത്തിലെ ഒടുങ്ങാത്ത ഒരു വിങ്ങലായിരുന്നു മക്കൾ തമ്മിലുള്ള പോര്. ആ പിതൃഹൃദയവും ഇപ്പോൾ തണുക്കാൻ തുടങ്ങിയിട്ടുണ്ടാകും എന്നും ആളുകൾ അഭിപ്രായപ്പെട്ടു.

അതേസമയം, ഒരു സഹോദരൻ എന്ന നിലയിലല്ല, മറിച്ച് പ്രിൻസ് ഓഫ് വെയിൽസ് എന്ന നിലയിലുള്ള ഉത്തരവാദിത്ത നിർവ്വഹണത്തിന്റെ ഭാഗമായിട്ടായിരുന്നു വില്യം ഹാരിയേയും മേഗനേയും ക്ഷണിച്ചതെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ഇന്നലെ കണ്ട ഒത്തുരുമ ഇനിയങ്ങോട്ട് തുടർന്ന് പോകുമോ എന്ന കാര്യത്തിൽ സംശയം പ്രകടിപ്പിക്കുന്നവരും ഏറെയാണ്.