ലണ്ടൻ: സെപ്റ്റംബർ 19 ന് വെസ്റ്റ്മിനിസ്റ്റർ അബെയിൽ നടക്കുന്ന മരണാനന്തര ശുശ്രൂഷകൾക്ക് ശേഷം ബ്രിട്ടീഷ് രാജ്ഞിയുടെ ഭൗതിക ശരീരം വിൻഡ്സർ കാസിലിലെ സെയിന്റ് ജോർജ്ജ് ചാപ്പലിലേക്ക് കൊണ്ടു വരും. അന്ത്യകർമ്മങ്ങൾ ചെയ്യുന്നത് അവിടെയായിരിക്കും. ബ്രിട്ടീഷ് രാജാവ്, ചാൾസ് മൂന്നാമനും മറ്റ് രാജകുടുംബാംഗങ്ങളും മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

ഇതിനിടയിൽ നിരവധി പേർ രാജ്ഞിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവർ ആദരപൂർവ്വം സമർപ്പിക്കുന്ന പുഷ്പചക്രങ്ങൾ ലോംഗ്വേയിലെ കേംബ്രിഡ്ജ് ഗെയ്റ്റിനു മുൻപിൽ സമർപ്പിക്കുവാനാണ് ഇപ്പോൾ നിർദ്ദേശം നൽകിയിരിക്കുന്നത്. രാജ്ഞിയെ അവസാനമായി ഒരു നോക്കു കാണാൻ എത്തുന്ന പൊതുജനങ്ങളെ നിയന്ത്രിക്കുവാനും അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുവാനും തെംസ് പൊലീസ് തയ്യാറായിക്കഴിഞ്ഞു.

ദുഃഖാചരണ കാലത്ത് ബ്രിട്ടണിലെ ബെർക്ക്ഷയർ പട്ടണത്തിലെ പൊലീസ് സാന്നിദ്ധ്യം വർദ്ധിപ്പിച്ചിട്ടുണ്ട്. അതൊടൊപ്പം ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ കാമറകൾ ഉൾപ്പടെയുള്ള് ആധുനിക സാങ്കേതിക വിദ്യകളും സുരക്ഷ ഉറപ്പാക്കുവാനായി പൊലീസ് ഉപയോഗിക്കുന്നുണ്ട്. കല്യാണം, മാമോദീസ, സംസ്‌കാരം തുടങ്ങിയ ചടങ്ങുകൾക്കായി രാജകുടുംബാംഗങ്ങൾ പ്രധാനമായും സെയിന്റ് ജോർജ്ജ് ചാപ്പലിനെയാണ് ആശ്രയിക്കാറുള്ളത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു ഇവിടെ ഫിലിപ്പ് രാജകുമാരനെ അടക്കം ചെയ്തത്.

ഇന്ന് എഡിൻബർഗിലെ ഹോളിറൂഡ്ഹൗസ് കൊട്ടാരത്തിൽ രാജ്ഞിയുടെ മൃതദേഹം എത്തിച്ചേരും. തിങ്കളാഴ്‌ച്ച അവിടെ നിന്നും സെയിന്റ് ഗിൽസ് കത്തീഡ്രലിൽ എത്തിക്കുന്ന മൃതദേഹം കർമ്മങ്ങൾക്ക് ശേഷം അവിടെ തന്നെ സൂക്ഷിക്കും. പിന്നീട് ചൊവ്വാഴ്‌ച്ചയായിരിക്കും വ്യോമമാർഗം അത് ബക്കിങ്ഹാം പാലസിൽ എത്തിക്കുക.

പിന്നീട് വെസ്റ്റ്മിനിസ്റ്ററിലേക്ക് കൊണ്ടു പോകുന്ന മൃതദേഹം കൃത്യം നാലു ദിവസം വെസ്റ്റ്മിനിസ്റ്റർ ഹോളിൽ തന്നെ വെയ്ക്കും. സെപ്റ്റംബർ 14 മുതൽ 18 വരെ അത് അവിടെ തുടരും. ലണ്ടനിലേക്ക് മൃതദേഹം കൊണ്ടു വരുമ്പോൾ രാജകുടുംബത്തിൽ നിന്നും രാജ്ഞിയുടെ മകൾ ആനി രാജകുമാരി മാത്രമായിരിക്കും അതിനെ അനുഗമിക്കുക എന്ന് ബക്കിങ്ഹാം പാലസ് വ്യക്തമാക്കിയിട്ടുണ്ട്.

സംസ്‌കാര നാളിൽ, വിലാപയാത്രയായി മൃതദേഹം വെസ്റ്റ്മിനിസ്റ്റർ കൊട്ടാരത്തിൽ നിന്നും വെസ്റ്റ്മിനിസ്റ്റർ ആബെയിലേക്ക് കൊണ്ടു പോകും. അവിടെ വച്ചായിരിക്കും മരണാനന്തര ചടങ്ങുകൾ നടത്തുക. ചടങ്ങുകൾക്ക് ശേഷം മൃതദേഹം വെല്ലിങ്ടൺ ആർച്ചിലേക്കും , പിന്നീട് അവിടെ നിന്ന് വിൻഡ്സറിലേക്കും റോഡ് മാർഗ്ഗം കൊണ്ടുപോകും. അവിടെ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ ഉറങ്ങുന്നതിനു തൊട്ടടുത്തായി രാജ്ഞിക്കും അന്ത്യവിശ്രമത്തിന് ഇടം ഒരുക്കും.