ലണ്ടൻ: കേവലം ബ്രിട്ടീഷ് രാജ്ഞി മാത്രമായിരുന്നില്ല എലിസബത്ത് രാജ്ഞി.കോമൺവെൽത്ത് രാഷ്ട്രങ്ങളിൽ പലതിന്റെയും രാഷ്ട്രത്തലവ കൂടിയായിരുന്നു അവർ. ജനാധിപത്യ വ്യവസ്ഥതിയിൽ അത് തികച്ചും ഒരു ആലങ്കാരിക പദവി മാത്രമാണെങ്കിലും, ആ അധികാരത്തിനുമപ്പുറം ജനങ്ങളുടെ ഹൃദയത്തെ സ്പർശിക്കാൻ ആയി എന്നതാണ് എലിസബത്ത് രാജ്ഞിയുടെ ഏറ്റവും സുപ്രധാന നേട്ടം. ഇത്രയും നീണ്ട കാലം ഭരണത്തിലിരുന്ന ഒരു ഭരണാധികാരി വേറെയില്ല എന്നു തന്നെ പറയാം. നീണ്ടകാലത്തെ ഭരണം എന്നും എവിടെയും ജനങ്ങളെ വെറുപ്പിച്ചിട്ടേയുള്ളു.

എന്നാൽ, നീണ്ട് 70 വർഷക്കാലം രാജ്ഞി പദവിയിൽ ഇരുന്നിട്ടും ഇന്നും ചോർന്ന് പോകാത്ത സ്നേഹവും ആദരവുമാണ് ബ്രിട്ടീഷുകാർ അവർക്ക് നൽകുന്നത്. മനസ്സിലെ ഈ നന്മ തന്നെയാണ് എലിസബത്ത് രാജ്ഞിയെ ലോകത്തിന്റെ പ്രിയപ്പെട്ട രാജ്ഞിയാക്കിയത്. ആ വേർപാട് ആരാധകരിൽ ഉണ്ടാക്കിയിരിക്കുന്ന ആഘാതം പറഞ്ഞറിയിക്കാൻ സാധിക്കുകയില്ല. അതുകൊണ്ടു തന്നെ തങ്ങളുടെ പ്രിയപ്പെട്ട രാജ്ഞിയുടെ അന്ത്യയാത്ര കാണാൻ ലോകമെമ്പാടുമുള്ള ആരാധകർ ടെലിവിഷൻ സ്‌ക്രീനിനു മുൻപിൽ തടിച്ചുകൂടും എന്നതുറപ്പാണ്.

മുൻകാലങ്ങളിലെ സകല റെക്കോർഡുകളേയും ഭേദിച്ചുകൊണ്ട്, ലോകത്തിൽ ഏറ്റവും അധികം ആളുകൾ കണുന്ന പരിപാടിയായി രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകളുടെ സംപ്രേഷണം മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്. ലോക ജനസംഖ്യയിലെ പകുതിയോളം പേർ അടുത്തയാഴ്‌ച്ച ഇതു കാണാൻ ടി വി സ്‌ക്രീനുകൾക്ക് മുൻപിലായിരിക്കും. ബി ബിസി വൺ, ബി ബി സി ന്യുസ്, ഐ പ്ലെയർ എന്നിവയിൽ ദിവസം മുഴുവൻ ഇത് കാണിക്കും. ഐ ടി വി അവരുടെ പ്രധാന ചാനലിൽ സംസ്‌കാര ചടങ്ങുകളുടെ തത്സമയം ദൃശ്യങ്ങൾ കാണിക്കും.

ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നത് ലോകമാസകലമായി 400 കോടിയിലേറെ ജനങ്ങൾ ഈ സംപ്രേഷണം കാണുമെന്നാണ്. 1996- ൽ ബോക്സിങ് ഇതിഹാസമായ മുഹമ്മദ് അലി അറ്റ്ലാന്റ ഒളിംപിക്സ് ഉദ്ഘാടനം ചെയ്യുന്നതായിരുന്നു ഇതിനു മുൻപ് ഏറ്റവും അധികം ആളുകൾ കണ്ട പരിപാടി. 350 കോടി ജനങ്ങളായിരുന്നു അന്ന് അത് കണ്ടത്. 25 വർഷങ്ങൾക്ക് മുൻപ് ഡയാന രാജകുമാരിയുടെ സംസ്‌കാര ചടങ്ങുകൾ കണ്ടത് 250 കോടി ജനങ്ങളായിരുന്നു.

അതേസമയം, സിറിയ, വെനിൻസുല, താലിബാൻ ഭരണത്തിൻ കീഴിലുള്ള അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾക്ക് രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാനുള്ള ക്ഷണം നൽകിയിട്ടില്ല. ഒട്ടു മിക്ക രാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാരെ ഉദ്ദേശിച്ചാണ് ക്ഷണക്കത്ത് നൽകിയിരിക്കുന്നത്. സിറിയൻ നേതാവ് ബാഷർ അൽ അസ്സാദ്, വെനിൻസുലയിലെ നിക്കോളാസ് മഡുരോ, അഫ്ഗാനിസ്ഥാനിലെ താലിബാൻ നേതാക്കൾ എന്നിവരെ അതിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ്.

ക്ഷണക്കത്ത് നൽകിയ റഷ്യ, ബെലാറൂസ്, മിയാന്മാർ എന്നീ രാജ്യങ്ങളിൽ നിന്നും പ്രതിനിധിയെ അയയ്ക്കുവാൻ ആവശ്യപ്പെട്ടിട്ടില്ല. അതേസമയം ഉത്തര കൊറിയക്ക് നയതന്ത്ര തലത്തിൽ മാത്രമാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. ഉത്തരകൊറിയൻ ഏകാധിപതി ഉന്നിന് ക്ഷണമില്ല. യു കെയുമായി നയതന്ത്ര ബന്ധമുള്ള രാജ്യങ്ങൾക്കെല്ലാം തന്നെ ക്ഷണം നൽകിയിട്ടുണ്ട്. സിറിയയും വെനിൻസുലയുമായി യു കെക്ക് നയതന്ത്ര ബന്ധമില്ല. അഫ്ഗാനിലെ വർത്തമാന കാല രാഷ്ട്രീയ സ്ഥിതിയാണ് അഫ്ഗാനെ ഒഴിവാക്കാൻ കാരണമായത്.

അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ, ഫ്രാൻസിലെ ഇമ്മാനുവൽ മാക്രോൺ, ജസ്റ്റിൻ ട്രുഡേവ്, ജാപ്പനീസ് ചക്രവർത്തി നരുഹിതോ എന്നിവർ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്. വിവിധ രാഷ്ട്രത്തലവന്മാരും മറ്റ് പ്രമുഖരുമായി 500 ഓളം പേരെയാണ് പ്രതീക്ഷിക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബവുമായി അടുത്ത ബന്ധമുള്ള യൂറോപ്പിലെ മറ്റു രാജകുടുംബങ്ങളിൽ നിന്നുള്ളവരും ചടങ്ങിൽ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.