ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വിപുലമായ ലോക പര്യടനത്തിന് ഒരുങ്ങുകയാണ് ചാൾസ് മൂന്നാമൻ രാജാവ്. തന്റെ ഭരണത്തിന്റെ തുടക്കം കുറിച്ചുകൊണ്ടുള്ള ഒരു സന്ദേശമായാണ് ഇതിനെ രാജാവ് കാണുന്നത്. ആസ്ട്രേലിയ, ന്യുസിലാൻഡ് എന്നിവയ്ക്കൊപ്പം കരീബിയയിലെ നിരവധി കോമൺവെൽത്ത് രാജ്യങ്ങളും രാജാവ് സന്ദർശിക്കും. നിരവധി ആഭ്യന്തര -വിദേശ യാത്രകൾ രാജാവ് ആസൂത്രണം ചെയ്യുന്നു എന്നതാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇതിൽ മിക്കതിലും ചാൾസ് ഏകനായിരിക്കും സന്ദർശനങ്ങൾ നടത്തുക എന്നും അറിയുന്നു.

പുതിയ രാജാവിനെ ലോകത്തിനു പരിചയപ്പെടുത്തുവാനായിട്ടും, അതുപോലെ സൗഹൃദത്തിന്റെയും പിന്തുണയുടെയും സന്ദേശം നൽകുന്നതിനുമായി രണ്ടു വർഷത്തെ ലോക യാത്രയാണ് പദ്ധതിയിടുന്നതെന്ന് കൊട്ടാരം വൃത്തങ്ങൾ പറയുന്നു. 1970-ൽ കിരീടധാരണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 52 കോമൺവെൽത്ത് രാജ്യങ്ങളും 21 മറ്റ് രാജ്യങ്ങളുമായിരുന്നു എലിസബത്ത് രാജ്ഞി സന്ദർശിച്ചത്. സമാനമായ ഒരു യാത്രയാണ് ചാൾസ് മൂന്നാമനും ആസൂത്രണം ചെയ്യുന്നത് എന്നറിയുന്നു.

ആസ്ട്രെലിയ, കാനഡ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ എത്രയും പെട്ടെന്ന് ആസൂത്രണം ചെയ്യണം എന്നാണ് ബക്കിങ്ഹാം പാലസ് കരുതുന്നത്. അതുപോലെ, താൻ പരമാധികാരിയായ മറ്റു ചില രാജ്യങ്ങൾ കൂടി സന്ദർശിക്കുന്ന കാര്യത്തിൽ രാജാവ് അത്യൂത്സാഹം പ്രകടിപ്പിക്കുന്നുണ്ട്. പ്രിൻസ് ഓഫ് വെയിൽസ് എന്ന പദവിയിൽ ഇരിക്കുമ്പോൾ തന്നെ അദ്ദേഹം 56 കോമൺവെൽത്ത് രാജ്യങ്ങളിൽ 45 ഇടത്ത് ഒന്നിലധികം തവണ സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്.

പല കരീബിയൻ രാജ്യങ്ങളും തന്റെ സന്ദർശന വേളയിൽ സ്വതന്ത്ര റിപ്പബ്ലിക്ക് ആകുന്നതിനെ കുറിച്ച് ആലോചനകൾ ശക്തിപ്പെടുത്തും എന്ന കാര്യവും രാജാവിന് ഉറപ്പുണ്ട്. ഏതായാലും ചാൾസ് രാജാവും കാമില രാജ്ഞിയും അടുത്ത മാസം ആദ്യം തന്നെ ദക്ഷിണാഫ്രിക്ക സന്ദർശിക്കും എന്നറിയുന്നു. അവരെ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ അവിടെ നടന്നുകൊണ്ടിരിക്കുന്നതായാണ് അറിയുന്നത്. തന്റെ അമ്മ ഹൃദയത്തോട് ചേർത്ത് വച്ച, കണ്ടു കഴിഞ്ഞിട്ട് വിശ്വസിക്കുക എന്ന ആദർശം തന്നെയാണ് രാജാവും ഹൃദയത്തിൽ പേറുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹം പുറത്തിറങ്ങി കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കാൻ ആഗ്രഹിക്കുന്നു എന്നാണ് ബക്കിങ്ഹാം പാലസ് വൃത്തങ്ങൾ പറയുന്നത്.

അതേസമയം, അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്ന രാജകുടുംബാംഗങ്ങളുടെ എണ്ണം ചുരുക്കുന്ന നടപടിയുമായി ചാൾസ് മുന്നോട്ട് പോയേക്കാൻ ഇടയില്ല എന്ന് അറിയുന്നു. നിലവിൽ വിവിധ ചുമതലകൾ വഹിക്കുന്ന 11 രാജകുടുംബാംഗങ്ങളും തുടർന്നും അതാത് പദവികളിൽ ഉണ്ടാകും. പല വിമർശകരും, വിദഗ്ധരും പ്രതീക്ഷിച്ചിരുന്നതിലും യാഥാസ്ഥിതികമായാണ് രാജാവ് ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും. അതുപോലെ, തന്റെ മാതാവിന്റെ വഴികൾ പിന്തുടർന്ന് കൊണ്ട് 73 കാരനായ ചാൾസ് നികുതി നൽകുകയും ചെയ്യും. നികുതി ഇളവുമായി ബന്ധപ്പെട്ട് ജോർജ്ജ് ആറാമൻ രാജാവ് നെവിൽ ചേംബർലെയിനുമായി ഉണ്ടാക്കിയ കരാർവേണ്ടെന്ന് വച്ച് 1993 മുതൽ രാജ്ഞി നികുതി നൽകുമായിരുന്നു.

അധികാരം വഹിക്കുന്ന രാജകുടുംബാംഗങ്ങളുടെ എണ്ണം കുറച്ചാൽ പ്രതിവർഷമുള്ള 3500 പരിപാടികളിൽ പലതും വെട്ടിച്ചുരുക്കേണ്ടി വരും. അങ്ങനെ സംഭവിച്ചാൽ, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി, രാജകുടുംബത്തിന്റെ സാന്നിദ്ധ്യമുള്ളതുകൊണ്ട് മാത്രം ഒഴുകിയെത്തുന്ന ലക്ഷക്കണക്കിന് പൗണ്ടുകളുടെ ഭാവി എന്താകുമെന്ന് ചിലർ സംശയം പ്രകടിപ്പിച്ചിരുന്നു.

ഇതെല്ലാം വിശാലമായി തന്നെ കാണേണ്ടതുകൊണ്ടാണ് പദവികൾ വഹിക്കുന്ന രാജകുടുംബാംഗങ്ങളുടെ എണ്ണം കുറയ്ക്കാത്തതെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.