ടക്ക് കിഴക്കൻ സിറിയയിലെ,ഐസിസ് അഭയാർത്ഥി ക്യാമ്പിൽ 11 ഉം 13 ഉം വയസ്സുള്ള രണ്ടു പെൺകുട്ടികളെ ഐസിസ് ഭീകരർ കഴുത്തറുത്തുകൊന്നു. ഐസിസുമായി ബന്ധപ്പെട്ട പതിനായിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും താമസിപ്പിച്ചിരിക്കുന്ന ക്യാമ്പിലാണ് ഈ അതിക്രമം നടന്നത്. കുപ്രസിദ്ധമായ അൽ-ഹോൾ ഡിറ്റെൻഷൻ ക്യാമ്പിലെ സീവേജ് സിസ്റ്റത്തിനുള്ളിലായിരുന്നു പെൺകുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. അവരെ കാണാതായതിന് ഏതാനും ദിവസങ്ങൾക്കകമാണ് മൃതദേഹം കണ്ടെത്തിയതെന്ന് സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് പറയുന്നു.

അവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയതായും മനുഷ്യാവകാശ സംഘടന അറിയിച്ചു. അമേരിക്കൻ പിന്തുണയുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസിന്റെ വക്താവും ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ഐ എസ് സ്ലീപ്പർ സെല്ലിലെ അംഗങ്ങളാണ് സാധാരണയായി അഭയാർത്ഥി ക്യാമ്പുകൾക്കകത്ത് ഇത്തരത്തിലുള്ള ക്രൂരകൃത്യങ്ങൾ നിർവഹിക്കുന്നത്. സംഘടനയുടെ തീവ്രവാദ നയവുമായി പൊരുത്തപ്പെടാൻ വിസമ്മതിക്കുന്ന സ്ത്രീകളെയും കുട്ടികളേയുമാണ് അവർ ഉന്നം വയ്ക്കുന്നത്.

സെപ്റ്റംബർ മദ്ധ്യത്തിൽ അമേരിക്കൻ പിന്തുണയുള്ള സിറിയൻ സൈനികർ അൽ ഹോൾ ക്യാമ്പിൽ റെയ്ഡ് നടത്തുകയും നിരവധി തീവ്രവാദികളെ പിടികൂടുകയും ചെയ്തിരുന്നു. അതിനു ശേഷം നടക്കുന്ന ആദ്യ അതിക്രമമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ക്യാമ്പിനുള്ളിൽ സ്ലീപ്പർ സെല്ലുകളുടെ അതിക്രമം വർദ്ധിച്ചതോടെയായിരുന്നു റെയ്ഡ് നടത്തിയത്. 2014-ൽ ഐസിസ് ഉദയം ചെയ്യുകയും, സിറിയയിലേയും ഇറാഖിലേയും ഭാഗങ്ങൾ കൂട്ടിച്ചേർത്ത് ഇസ്ലാമിക് ഖിലാഫത്ത് പ്രഖ്യാപിക്കുകയും ചെയ്തതിനു ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പുരുഷന്മാരും സ്ത്രീകളും ഇസ്ലാമിക സ്റ്റേറ്റിൽ അംഗങ്ങളായി എത്തിയിരുന്നു.

എന്നാൽ, 2019-ൽ മാർച്ചിൽ അവസാന തുണ്ടുഭൂമിയും ഐ എസ്സിനു നഷ്ടമായതോടെ അവരുടെസ്ലീപ്പർ സെല്ലുകൾ സിറിയയിലും ഇറാഖിലും നിരവധി ആക്രമണങ്ങൾ അഴിച്ചു വിട്ടിരുന്നു. എന്നാൽ, ഇപ്പോൾ പിഞ്ചു കുഞ്ഞുങ്ങളെ തലയറുത്തുകൊന്നത് ലോക മനസാക്ഷിയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ക്യാമ്പിനകത്തെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ വേണമെന്ന് സിറിയയിലെ ഇന്റർനാഷണൽ റെസ്‌ക്യു കമ്മിറ്റി ഡയറക്ടർ തന്യ ഇവാൻസ് ആവശ്യപ്പെട്ടു.

ഇറാഖികളും സിറിയക്കാരുമായ 50,000 ഓളം പേരെയാണ് വേലികെട്ടി സംരക്ഷിച്ചിട്ടുള്ള ക്യാമ്പിൽ പാർപ്പിച്ചിരിക്കുന്നത്. അവരിൽ 20,000 ഓളം പേർ കുട്ടികളാണ്. ബാക്കിയുള്ളവർ സ്ത്രീകളും, ഐസിസ് ഭീകരരുടെ ഭാര്യമാരും വിധവകളുമാണിവർ. ക്യാമ്പിൽ അതിക്രൂരമായ രീതിയിലുള്ള അക്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്ന സംഘടന ഈ മാസമാദ്യം റിപ്പോർട്ട് ചെയ്തിരുന്നു.

പ്രധാന ക്യാമ്പിൽ നിന്നും മാറിയുള്ള, അതീവ സുരക്ഷയുള്ള ക്യാമ്പ് അനക്സ് എന്ന ഭാഗത്താണ് പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഈ പ്രദേശത്താണ് 57 ഓളം രാജ്യങ്ങളിൽ നിന്നായി എത്തിയ, അതി തീവ്ര ഐസിസ് അനുയായികളായ 2000 ഓളം സ്ത്രീകളെ പാർപ്പിച്ചിരിക്കുന്നത്. 8000 കുട്ടികളും ഈ ക്യാമ്പിലുണ്ട്. ഈ വർഷം ആദ്യം മുതലുള്ള കണക്കെടുത്താൽ, ഇതുവരെ ഈ ക്യാമ്പിൽ 30 പേരാണ് വധിക്കപ്പെട്ടിട്ടുള്ളത്.