ടെഹ്‌റാൻ: പർദ്ദ വിരുദ്ധ സമരത്തിനിറങ്ങിയവരെ ഒറ്റയ്‌ക്കൊറ്റയ്ക്ക് വേട്ടയാടി ഇറാനിയൻ സർക്കാർ പ്രതികാരം തുടരുകയാണ്. 25കാരിയെ പത്തു വർഷം ജയിലിൽ അടച്ചത് തല വെളിയിൽ കാട്ടിയത് വേശ്യാവൃത്തിക്ക് ക്ഷണിച്ചെന്ന് ആരോപിച്ചാണ്. പ്രതിഷേധത്തിനിടെ ശിരോവസ്ത്രം അഴിച്ചുമാറ്റിയ ഇറാനിയൻ യുവതിയെയാണ് വേശ്യാവൃത്തി പ്രോത്സാഹിപ്പിച്ചതിന് പത്ത് വർഷം തടവിന് ശിക്ഷിച്ചത്.

ടെഹ്റാനിലെ മഹ്സ പെയ്‌രവി (25) യ്ക്കെതിരെ ഡിസംബർ 25 ന് ടെഹ്റാൻ റെവല്യൂഷണറി കോടതി കുറ്റം ചുമത്തി. 'അഴിമതിയും വേശ്യാവൃത്തിയും പ്രോത്സാഹിപ്പിച്ചു' എന്നതിൽ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. അതിന് ശേഷമാണ് ശിക്ഷ വിധിച്ചത്. പർദ്ദ സമരത്തിൽ പങ്കെടുത്ത ആരേയും വെറുതെ വിടില്ലെന്ന സൂചയനാണ്. ഇത്. ഇത്തരം ശിക്ഷകൾക്കെതിരെ അതിശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്.

മഹ്സ അമിനി എന്ന 22കാരിയുടെ മരണത്തെ തുടർന്ന് ഇറാനിൽ പ്രതിഷേധം കത്തിപ്പടർന്നത്. മഹ്സയുടെ മരണത്തിന് ഉത്തരവാദികളായ സദാചാര പൊലീസിനും സർക്കാരിനുമെതിരെയായിരുന്നു ജനരോഷം. കേവലം ഹിജാബ് ധരിക്കാതെ ഒരു പെൺകുട്ടി രാജ്യത്തുകൊല്ലപ്പെടുമ്പോൾ അത് ഉയർത്തുന്ന ഭീഷണികൾ ചെറുതല്ല. ഇറാനിലെ ഭരണകൂടത്തിനെതിരെ ആയത്തുല്ല ഖൊമേനിയുടെ നേതൃത്വത്തിൽ ഇസ്ലാമിസ്റ്റുകൾ നടത്തിയ വിപ്ലവമാണ് പിന്നീട് ഇറാന്റെ സ്വഭാവം തന്നെ മാറ്റി മറച്ചത്.

നിലവിലുള്ള ഭരണാധികാരി ഇബ്രാഹിം റെയ്‌സി ഈ നിയമങ്ങളെല്ലാം കടുപ്പിച്ച് കൊണ്ട് ജൂലൈ 5ന് വീണ്ടും ഉത്തരവ് പുറത്തിറക്കി. ഇതിൽ സ്ത്രീകൾ എങ്ങനെ വസ്ത്രം ധരിക്കണമെന്ന പട്ടിക വരെ തയ്യാറാക്കി. ഇത് പരിശോധിക്കാൻ ഗൈഡൻസ് പെട്രോൾ എന്ന സദാചാര പൊലീസിന് ചുമതലയും നൽകി. ഇറാന്റെ തെരുവുകൾ ഇപ്പോഴും കലുഷിതമാണ്. പ്രതിഷേധങ്ങളും ശക്തം. അതിനെ കർശനമായ നടപടികളിലൂടെ നേരിടാനാണ് ഇറാൻ സർക്കാരിന്റെ തീരുമാനം.

മതപരമായ എല്ലാ വൈകൃതങ്ങളേയും അഗ്‌നിക്കിരയാക്കുന്നുവെന്ന് പ്രഖ്യാപിച്ചാണ് ഇറാനിലെ വനിതകൾ പ്രതിഷേധിക്കുന്നത്. തെരുവിൽ തീകൂട്ടി അതിന് ചുറ്റും നൃത്തം ചവിട്ടി കൈകോർത്തുപിടിച്ച് യുവാക്കളും യുവതികളും ഇസ്ലാമിക പ്രാകൃത നിയമങ്ങളെ അവർ വെല്ലുവിളിച്ചു. പ്രസംഗങ്ങളും മുദ്രാവാക്യം വിളികളും നടക്കുന്നതിനിടെ യുവതികൾ ഹിജാബുകളും പർദ്ദയും അഴിച്ചുമാറ്റി തീയിലേ യ്ക്ക് ഇട്ടുകൊണ്ടിരിക്കുന്ന വീഡിയോകളും വ്യാപകമായി പ്രചരിപ്പിച്ചു. ഈ സാഹചര്യത്തിലാണ് നടപടി ഇറാനും കടുപ്പിക്കുന്നത്.

തോക്കുകൊണ്ടും വെടിയുണ്ടകൊണ്ടും തങ്ങളെ തടയാനാകില്ല. ഇനിയും മതനിയമങ്ങളുടെ വേർതിരിവുകളെ അംഗീകരിക്കാനാകില്ല. ലോകം മുഴുവൻ മാറിക്കഴിഞ്ഞു. ഞങ്ങളുടെ വ്യക്തിത്വം ബലികഴിച്ചുകൊണ്ട് ഇനിയും ജീവിക്കാനാകില്ലെന്നും പ്രതിഷേധക്കാർ വിളിച്ചു പറയുകയും ചെയ്തിരുന്നു.