സ്വീഡനിൽ ഖുറാൻ വിരുദ്ധ പ്രക്ഷോഭം തുടരുകയാണ്. നേരത്തേ ടർക്കിഷ് എംബസിക്ക് മുൻപിൽ ഖുറാൻ കത്തിച്ച്, ഇസ്ലാമത വിശ്വാസികളെ പ്രകോപിപ്പിച്ച തീവ്ര വലതുപക്ഷ നേതാവായ റസ്മസ് പലുഡൻ വീണ്ടും തന്റെ പ്രവർത്തനം തുടരുകയാണ്. കോപ്പൻഹേഗിലെ ഒരു മുസ്ലിം പള്ളിക്ക് മുൻപിലും ഈ നേതാവ് ഖുറാൻ കത്തിച്ചു. സ്വീഡനെ നാറ്റോ സഖ്യത്തിൽ ചേർക്കുന്നതു വരെ ഇത് തുടരും എന്നാണ് വലതു തീവ്രവാദികൾ പറയുന്നത്.

എന്നാൽ, ഇത്തരം പ്രകടനം നാറ്റോയിൽ ചേരുവാനുള്ള സ്വീഡന്റെ സാധ്യത കുറക്കുന്നതാണ്. നാറ്റോ സഖ്യത്തിന്റെ നിയമങ്ങൾ അനുസരിച്ച്, ഒരു പുതിയ രാജ്യത്തെ സഖ്യത്തിൽ ചേർക്കണമെങ്കിൽ നിലവിലെ എല്ലാ അംഗരാജ്യങ്ങളും ഏകകണ്ഠേൻ അംഗീകരിക്കണം. സ്വീഡന്റെ അപേക്ഷക്ക് അംഗീകാരം നൽകാത്തത് പോളണ്ടും ടർക്കിയും മാത്രമായിരുന്നു. പോളണ്ട് അടുത്തമാസം അംഗീകാരം നൽകാനിരിക്കുകയാണ്.

അതേസമയം, ടർക്കിയിൽ ആഭ്യന്തര യുദ്ധത്തിനു ശ്രമിച്ച കുർദ്ദിഷ് തീവ്രവാദികൾക്ക് അഭയം നൽകി എന്നാരോപിച്ചായിരുന്നു ടർക്കി സ്വീഡന്റെ പ്രവേശനത്തെ വിലക്കിയിരുന്നത്. മാത്രമല്ല, സ്വീഡനിൽ കൂടുതൽ കർശനമായ തീവ്രവാദ വിരുദ്ധ നിയമം കൊണ്ടു വരണമെന്നും ടർക്കി ആവശ്യപ്പെട്ടിരുന്നു. ആവോളം അഭിപ്രായ സ്വാതന്ത്ര്യം നിയമം ഉറപ്പു നൽകുന്നതിനാലാണ് ഖുറാൻ കത്തിക്കൽ പോലുള്ള വിഷയങ്ങളിൽ പൊലീസിന് ഇടപെടാൻ കഴിയാത്തത്.

സ്വീഡനിൽ പുതിയ തീവ്രവാദ വിരുദ്ധ നിയമം ചർച്ചയിൽ ഇരിക്കവെ ആണ് ടർക്കിയെ പ്രത്യേകിച്ചും ഇസ്ലാമിക രാജ്യങ്ങളെ പൊതുവേയും പ്രകോപിപ്പിക്കുന്ന ഇത്തരം നടപടികൾ ഉണ്ടാകുന്നത്., വലതു തീവ്രവാദികളുടേ ഖുറാൻ കത്തിക്കലിനും പുറകിൽ റഷ്യ ആകാം എന്നുംകരുതുന്നു. സ്വീഡനേയും ഫിൻലാൻഡിനേയും നാറ്റോ സഖ്യത്തിൽ എടുക്കാതിരിക്കാനുള്ള റഷ്യൻ തന്ത്രമാണിതെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

ഏറേ വയനക്കാരുള്ള നൈറ്റെർ എന്ന വെബ്സൈറ്റ് നടത്തുന്നയാളും, മുൻപ് റഷ്യ ടുഡെയിലെ ജീവനക്കാരനുമായ തീവ്ര വലതുപക്ഷ ചിന്താഗതിക്കാരനായ ചാംഗ് ഫ്രിക്ക് കഴിഞ്ഞയാഴ്‌ച്ച സ്റ്റോക്ക്ഹോമിലെ ടർക്കിഷ് എംബസിക്ക് മുന്നിൽ നടന്ന പ്രകടനത്തിന് പണം സംഭാവന ചെയ്തിരുന്നു എന്നൊരു ആരോപണവും ഉയർന്നിട്ടുണ്ട്.

ഏതായാലും ഈ നടപടിയിൽ പ്രതിഷേധിച്ച് ലോകമെമ്പാടും പ്രതിഷേധങ്ങൾ ഉയരുകയാണ്. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു. സ്വീഡിഷ് പതാക കത്തിച്ചായിരുന്നു പ്രകടനക്കാർ പ്രതിഷേധിച്ചത്. കറാച്ചിയിലും സമാനമായ പ്രതിഷേധ പ്രകടനം നടന്നു. ഇസ്ലാമിക രാജ്യങ്ങൾക്ക് വെളിയിലും പ്രക്ഷോഭങ്ങൾ കനക്കുന്നുണ്ട്.

ലണ്ടനിലെ ഇസ്ലാമത വിശ്വാസികൾ സംഘടിപ്പിച്ച പ്രതിഷേധത്തിൽ അറിയപ്പെടുന്ന വലതുപക്ഷക്കാരനായ ടൊമ്മി റോബിൻസൺ പങ്കെടുത്തത് ഏറെ ചർച്ചാവിഷയമായി സ്വീഡിഷ് എംബസിക്ക് മുൻപിലായിരുന്നു പ്രകടനം നടന്നത്. ഇംഗ്ലീഷ് ഡിഫൻസ് ലീഗിന്റെ സ്ഥാപകൻ കൂടിയായ റോബിൻസൺ പക്ഷെ പറഞ്ഞത് താൻ ഒരു നിരീക്ഷകനായിട്ടു മാത്രമാണ് അതിൽ പങ്കെടുത്തത് എന്നായിരുന്നു. പ്രതിഷേധത്തിന്റെ ഒരു വീഡിയോ അദ്ദേഹം തന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.