ലണ്ടൻ: 2025ലെ ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ലേബർ പാർട്ടി ഷോർട്ട് ലിസ്റ്റ് ചെയ്ത സ്ഥാനാർത്ഥികൽ മലയാളി വനിതയും. 2025 ജനുവരി 24-ന് ശേഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ബോൾട്ടൺ വെസ്റ്റിലേക്കുള്ള ലേബർ പാർട്ടിയുടെ പരിഗണനാ പട്ടികയിലാണ് മഞ്ജു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നിലവിൽ ക്രോയ്ഡൺ ബ്രോഡ് ഗ്രീൻ വാർഡ് കൗൺസിലറായി പ്രവർത്തിക്കുകയാണ് മഞ്ജു.

മുമ്പ്, ബാരോ ആൻഡ് ഫർണസിന്റെ ലേബർ പാർട്ടിയുടെ പാർലമെന്ററി സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട അഞ്ച് മത്സരാർത്ഥികളിൽ ഒരാളായി മഞ്ജുവിന്റെ പേരുണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം പിന്തള്ളപ്പെടുകയായിരുന്നു. അതിനു പിന്നാലെയാണ് ബോൾട്ടൺ വെസ്റ്റിലേക്കുള്ള സ്ഥാനാർത്ഥികളിൽ ഒരാളായി മഞ്ജു എത്തുന്നത്. കുടുംബസമേതം ക്രോയിഡോണിൽ താമസിക്കുന്ന മഞ്ജു തിരുവനന്തപുരം സ്വദേശിയാണ്. വർഷങ്ങളായി യുകെ മലയാളി സമൂഹത്തിലും ബ്രിട്ടനിലെ രാഷ്ട്രീയ രംഗത്തും സജീവമായി പ്രവർത്തിക്കുന്ന മഞ്ജുവിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് യുകെ മലയാളികൾ.

താൻ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട വിവരം സോഷ്യൽ മീഡിയയിൽ കുറിച്ചുകൊണ്ട് മഞ്ജു പറഞ്ഞത് ഇങ്ങനെയാണ്: ''അടുത്ത തിരഞ്ഞെടുപ്പിൽ ബോൾട്ടൺ വെസ്റ്റിലേക്കുള്ള ലേബർ പാർട്ടി പാർലമെന്ററി സ്ഥാനാർത്ഥിയായി ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ജനങ്ങൾക്ക് പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചും ടോറികളെ തോൽപ്പിച്ച് ഒരു ലേബർ ഗവൺമെന്റിനെ എങ്ങനെ തിരിച്ചുകൊണ്ടുവരാമെന്നും നിയോജക മണ്ഡലത്തിലുടനീളമുള്ള അംഗങ്ങളോട് സംസാരിക്കാൻ കാത്തിരിക്കുകയാണ്.

2014 ൽ മഞ്ജു ക്രോയ്‌ഡോണിന്റെ മേയറായിരുന്നു. 1996 ൽ ലണ്ടൻ ട്രാൻസ്പോർട്ടിൽ ജോലി ചെയ്യുന്ന റാഫി ഷാഹുൽ ഹമീദിനെ വിവാഹം കഴിച്ചാണ് യുകെയിൽ എത്തുന്നത്. ചെമ്പഴന്തി എസ്എൻ കോളേജിൽ നിന്നും ബിരുദം നേടിയ മഞ്ജു ലണ്ടനിലെ ഗ്രീൻവിച്ച് യൂണിവേഴ്സിറ്റിയിൽ നിന്നും സയന്റിഫിക് ആൻഡ് എൻജിനീയറിങ് സോഫ്റ്റ്‌വെയറിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ലണ്ടനിലെ പഠനകാലത്ത് വിദ്യാർത്ഥി യൂണിയനിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ലണ്ടനിൽ രാഹുൽ ഗാന്ധി പങ്കെടുത്ത ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ പ്രവാസി സമ്മേളനത്തിൽ പങ്കെടുത്ത മഞ്ജു അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കൺസർവേറ്റീവ് എംപിയായ ക്രിസ് ഗ്രീൻ 2015 മുതൽ മത്സരിക്കുന്ന മണ്ഡലമാണ് ബോൾട്ടൺ വെസ്റ്റ്. 8855 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ക്രിസ് ഗ്രീൻ വിജയിച്ചത്. അദ്ദേഹത്തെ നേരിടാൻ ശക്തയായ ലേബർ പാർട്ടി സ്ഥാനാർത്ഥി തന്നെ വേണമെന്ന തീരുമാനമാണ് മഞ്ജുവിനെ തെരഞ്ഞെടുക്കുന്നതിന് കാരണമായത്. മഞ്ജുവിനെ കൂടാതെ, ലങ്കാഷെയർ കൗണ്ടി കൗൺസിലിലെ സോബിയ മാലിക്, മാഞ്ചസ്റ്റർ കൗണ്ടി കൗൺസിലിലെ ഫിൽ ബ്രിക്കൽ എന്നിങ്ങനെ മൂന്ന് കൗൺസിലർമാരാണ് ഷോർട്ട്ലിസ്റ്റിലുള്ള മറ്റുള്ളവർ.

ലേബറിനെ പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്നവരെ തിരഞ്ഞെടുക്കുന്നത് ലോക്കൽ ബ്രാഞ്ചിലെ അംഗങ്ങളാണ്. അതേസമയം, സ്ഥാനാർത്ഥി നിർണയത്തിൽ ലേബർ പാർട്ടിക്കുള്ളിൽ വിമർശനമുണ്ട്. എങ്കിലും ഈ ലിസ്റ്റും ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങൾക്ക് അനുസൃതമായുമാണ് സ്ഥാനാർത്ഥികളെ തെരഞ്ഞെടുത്തതെന്ന് ലേബർ പാർട്ടി വക്താവ് പറഞ്ഞു. എന്തെങ്കിലും കാരണവശാൽ രാജാവ് യുകെ പാർലമെന്റ് പിരിച്ചു വിട്ടില്ലെങ്കിൽ നിലവിലെ യുകെ പാർലമെന്റ് 2024 ഡിസംബർ 17 ചൊവ്വാഴ്ചയാണ് സ്വയം പിരിച്ചുവിടുക.

ആ സാഹചര്യത്തിൽ അടുത്ത യുകെ പൊതുതെരഞ്ഞെടുപ്പ് 2025 ജനുവരി 24-ന് ശേഷമായിരിക്കും നടക്കുക. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് വൻ വിജയം നേടാനാകുമെന്നാണ് ഏറ്റവും പുതിയ സർവേകൾ സൂചിപ്പിക്കുന്നത്.