സ്വജനപക്ഷപാതവും, കുടുംബക്കാരെ വഴിവിട്ട് സഹായിക്കലുമൊക്കെ ഏതെങ്കിലും ഒരു രാജ്യത്തെ രാഷ്ട്രീയക്കാരുടെ മാത്രം രീതിയല്ലെന്ന് ഗാർഡിയൻ ദിനപ്പത്രത്തിൽ വന്ന റിപ്പോർട്ട് തെളിയിക്കുന്നു. ഋഷി സുനക് ചാൻസലർ ആയിരുന്ന കാലത്ത് , കോവിഡ് പ്രതിസന്ധിയിൽ ഉഴറുന്ന സ്റ്റാർട്ട് അപ്പുകളെ സഹായിക്കാനായി രൂപീകരിച്ച സഹായ നിധിയിൽ നിന്ന് 2 മില്യൻ പൗണ്ട് ഭാര്യ അക്ഷതയുമായി ബന്ധമുള്ള കമ്പനികൾക്ക് നൽകിയതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

അക്ഷത മൂർത്തിയുടെ ഉടമസ്ഥതയിലുള്ള വെൻചർ ക്യാപിറ്റൽ സ്ഥാപനത്തിന് ഭാഗിക ഉടമസ്ഥാവകാശമുള്ള കരൗസർൽ വെൻചേഴ്സിന്, ഫ്യുച്ചർ ഫണ്ടിൽ നിന്നും 2,50,000 പൗണ്ട് ധനസഹായം ലഭിച്ചു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അവരുടെ ഉടമസ്ഥതയിലുള്ള ആഡംബര അടിവസ്ത്ര ബ്രാൻഡായ ഹീസ്റ്റ് സ്റ്റുഡിയോസിനെ സഹായിക്കാനായിരുന്നത്രെ ഈ സഹായം. കോവിഡ് കാലത്ത്, സ്റ്റാർട്ട് അപ്പുകളെ സഹായിക്കാൻ അന്ന് ചാൻസലർ ആയിരുന്ന ഋഷി സുനക് രൂപീകരിച്ച സഹായനിധിയിൽ നിന്നും സഹായം ലഭിക്കുന്ന, അക്ഷതാ മൂർത്തിയുമായി ബന്ധപ്പെട്ട നാലാമത്തെ സ്ഥാപനമാണിതെന്നും റിപോർട്ടിൽ പറയുന്നു.

ഫ്യുച്ചർ ഫണ്ടിൽ നിന്നുംസഹായം ലഭിക്കുന്ന, അക്ഷതാ മൂർത്തിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഒന്നും തന്നെ ഋഷി സുനകിന്റെ മിനിസ്റ്റീരിയൽ ഇന്ററസ്റ്റ് റെജിസ്റ്ററിൽരേഖപ്പെടുത്തിയിട്ടില്ല. ഈ ഇടപാടുകളിൽ സുതാര്യത ഇല്ലെന്നാണ് വിമർശകർ ആരോപിക്കുന്നത്. മാത്രമല്ല, സ്റ്റാർട്ട് അപ്പ് രംഗത്ത് അറിയപ്പെടുന്ന ഒരു നിക്ഷേപകയാണ് അക്ഷതാ മൂർത്തി. അതുകൊണ്ടു തന്നെ ഇത്തരമൊരു പദ്ധതി രൂപപ്പെടുത്തിയതിൽ ചില താത്പര്യങ്ങൾ ഉണ്ടെന്നും അവർ വിമർശിക്കുന്നു.

ഇപ്പോൾ സാമ്പത്തിക സഹായം ലഭിച്ചു എന്ന് പറയപ്പെടുന്ന കരൗസലിലെ മറ്റ് നിക്ഷേപകർ, നിലവിലെ ട്രഷറി മന്ത്രിയും കൺസർവേറ്റീവ് എം പിയുമായ ആൻഡ്രൂ ഗ്രിഫിത്ത്, ഇതുപോലൊരു പദ്ധതി ആവിഷ്‌കരിക്കാൻ പരസ്യമായി ഋഷി സുനകിനോട് അഭ്യർത്ഥിച്ച ബിസിനസ്സുകാരനായ ബ്രെന്റ് ഹോബെർമാൻ എന്നിവരാണ്. ''സേവ് അവർ സ്റ്റാർട്ട് അപ്'' എന്ന പദ്ധതി കൊണ്ടുവരണമെന്ന ആവശ്യം ആദ്യമായി ഉന്നയിക്കുന്നത് ഹോബെർമാൻ ആയിരുന്നു.

കരൗസൽ വെൻചേഴ്സിന് നൽകിയ 2,50,000 പൗണ്ടിന്റെ വായ്പ ഇപ്പോൾ ഓഹരികളായി മാറ്റിയിരിക്കുകയാണ്. അതുവഴി ഈ ആഡംബര അടിവസ്ത്ര നിർമ്മാണ കമ്പനിയിൽ യു കെ നികുതിദായകർക്കും ചെറിയ രീതിയിലൊരു ഉടമസ്ഥാവകാശം കൈവന്നിട്ടുണ്ട്. ഇതിനു പുറമെ അക്ഷത മൂർത്തിക്ക് ഓഹരിയുൾല ന്യു ക്രാഫ്റ്റ്സ്മെൻ എന്ന സ്ഥാപനത്തിനും 2,50,000 പൗണ്ടിന്റെ ധനസഹായം ഫ്യുച്ചർ ഫണ്ടിൽ നിന്നും ലഭിച്ചിട്ടുണ്ട് എന്ന് റിപ്പോർട്ടിൽ പറയുന്നു.

കൂടാതെ മിസിസ്സ് വേർഡ്സ്മിത്ത് എന്ന സ്ഥാപനത്തിന് 1.3 മില്യൻ പൗണ്ടും, ഡിഗ്മി ഫിറ്റ്നെസ്സ് എന്ന സ്ഥാപനത്തിന് 1.25,000 പൗണ്ടിലധികവും സഹായമായി ലഭിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ അഡ്‌മിനിസ്ട്രേഷനിലേക്ക് പോയിരിക്കുന്നു. 2020 മെയ് മാസത്തിലായിരുന്നു ഉയർന്ന് വരുന്ന ബിസിനസ്സുകാരെ കോവിഡ് പ്രത്യാഘാതങ്ങളിൽ നിന്നും രക്ഷിക്കാനായി ഫ്യുച്ചർ ഫണ്ട് എന്ന സഹായ നിധി ഋഷി സുനക് രൂപീകരിച്ചത്. ഇതിൽ നിന്നും സഹായം ലഭിച്ച കമ്പനികളിൽ പലതിനും ആവശ്യത്തിനുള്ള വളർച്ചയുണ്ടാകാൻ പരിമിതമായ സാധ്യതകളെ ഉള്ളു എന്നും അതുകൊണ്ട് വായ്പ തിരിച്ചടക്കാൻ കൂടുതൽ മൂലധനം തേടേണ്ടതായി വരും എന്നും 2021 ലെ ഓഡിറ്റ് കമ്മിറ്റി മീറ്റിംഗിൽ ഋഷി പറഞ്ഞിരുന്നു.

ഈ പദ്ധതി ആവിഷ്‌കരിച്ചപ്പോൾ തന്നെ നിരവധി ആരോപണങ്ങൾ നേരിടേണ്ടതായി വന്നിരുന്നു. ഇത് രൂപീകരിക്കാൻ ബിസിനസ്സ് ഡിപ്പാർട്ട്മെന്റിന് മന്ത്രിതല നിർദ്ദേശങ്ങൾ ആവശ്യമാണെന്ന് അന്നു തന്നെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. അതില്ലാതെ കൊറ്റുക്കുന്ന പണത്തിന് മൂല്യമുണ്ടാകുമോ എന്നറിയാൻ കഴിയില്ല എന്നായിരുന്നു കാരണമായി പറഞ്ഞിരുന്നത്. മാത്രമല്ല, ബ്രിട്ടീഷ് ബാങ്ക് ചീഫ് എക്സിക്യുട്ടീവ് ആയിരുന്ന കീത്ത് മോർഗനും അന്ന് ഈ പദ്ധതിക്കെതിരെ ചില ആശങ്കകൾ ഉയർത്തിയിരുന്നു.

ഈ പദ്ധതി പ്രധാനമായും ആകർഷിക്കുന്നത് രണ്ടാം നിരയിൽ പെട്ട സ്ഥാപനങ്ങളെ ആയിരിക്കുമെന്നും അവയ്ക്ക് മറ്റിടങ്ങളിൽ നിന്നും മൂലധനം ആകർഷിക്കുവാൻ കഴിഞ്ഞേക്കില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ സഹായം ലഭിച്ച 1,191 സ്ഥാപനങ്ങളിൽ 130 എണ്ണം കഴിഞ്ഞ മൂന്ന് വർഷക്കാലത്തിനുള്ളിൽ അടച്ചു പൂട്ടി എന്നതും ശ്രദ്ധേയമാണ്.