സ്സയിൽ ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) നടത്തുന്ന നീക്കം നിർണ്ണായക ഘട്ടത്തിലേക്ക്. രണ്ടുഡസനോളം കമാൻഡർമാരെ വധിച്ചുകൊണ്ട് ഹമാസിന് കടുത്ത വെല്ലുവിളി ഉയർത്തിയാണ് സൈനിക നീക്കം പുരോഗമിക്കുന്നത്. ഗസ്സയിൽ ഭരണം നടത്തുന്ന ഹമാസിന്റെ പാർലമെന്റ് മന്ദിരം ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) പിടിച്ചെടുത്തു. ഇസ്രയേൽ സൈന്യത്തിന്റെ എലൈറ്റ് ഗോലാനി ബ്രിഗേഡ് തിങ്കളാഴ്ച ഹമാസ് പാർലമെന്റ് മന്ദിരം പിടിച്ചെടുത്തതായി ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു. ഗസ്സയിലെ പാർലമെന്റ് മന്ദിരത്തിൽ ഐഡിഎഫ് സൈനികർ ഇസ്രയേൽ പതാക വീശുന്ന ചിത്രങ്ങൾ ഇപ്പോൾ സമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അതിനിടെ തെക്കൻ ഗസ്സയിലെ ജനങ്ങൾക്ക് ഒഴിഞ്ഞുപോകനായി ഇസ്രയേൽ മനുഷ്യ ഇടനാഴി തുറന്നു. ഗസ്സ സിറ്റിയിലെ സാബ്ര, ടെൽ അൽ-ഹവ, സെയ്ടൗൺ അയൽപക്കങ്ങളിൽ താമസിക്കുന്നവർക്ക് വൈകുന്നേരം 4 മണിക്കകം പ്രദേശം ഒഴിഞ്ഞ് പോകണമെന്ന് ഐഡിഎഫ് അടിയന്തര മുന്നറിയിപ്പ് നൽകി.

ചൊവ്വാഴ്ചയും സിവിലിയൻ ഒഴിപ്പിക്കൽ റൂട്ടുകൾ സുരക്ഷിതമാക്കാൻ ഐഡിഎഫ് സലാ അൽ-ദിൻ സ്ട്രീറ്റിലൂടെ തെക്കൻ ഗസ്സയിലേക്കുള്ള ഒഴിപ്പിക്കൽ ഇടനാഴി രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ തുറന്നിരിക്കുമെന്നും മാധ്യമങ്ങളുടെ ഐഡിഎഫ് വക്താവ് അവിചയ് അദ്രായി അറിയിച്ചു. രാവിലെ 10 മുതൽ 4വരെ ഇതിനായി സൈനിക നീക്കം നിർത്തിവെക്കുമെന്നും ഐഡിഎഫ് അറിച്ചിട്ടുണ്ട്.

'ഗസ്സ നിവാസികളേ, വടക്കൻ ഗസ്സ മുനമ്പിലെ നിയന്ത്രണം ഹമാസിന് നഷ്ടപ്പെട്ടു കഴിഞ്ഞു. നിങ്ങൾ അവർക്ക് മുന്നിൽ കീഴടങ്ങരുത്. നിങ്ങൾ വടക്കോട്ട് നീങ്ങുന്നത് തടയാൻ അവർ ശ്രമിക്കും. ഹമാസിന്റെ കൽപ്പനകൾക്ക് കീഴടങ്ങരുത്. ഗസ്സ നഗരത്തിലും അയൽപക്കങ്ങളിലും താമസിക്കുന്നത് നിങ്ങളെ അപകടത്തിലാക്കും'- ഐഡിഎഫ് വാർത്തക്കുറിപ്പിൽ പറയുന്നു. കുടിയൊഴിപ്പിക്കലിൽ നിന്ന് ഹമാസ് തടയുന്ന ഏതൊരാൾക്കും +97250-341-0322 എന്ന നമ്പറിലേക്ക് സന്ദേശമയയ്ക്കുകയോ @gaza_saver എന്ന ടെലിഗ്രാം അക്കൗണ്ടിലേക്ക് സന്ദേശമയയ്ക്കുകയോ ചെയ്യാമെന്നും ഐഡിഎഫ് അറിയിച്ചു.

പള്ളിയിൽ ഹമാസ് തുരങ്കം

അതിനിടെ ഗസ്സ മുനമ്പിലെ ഒരു പള്ളിയിൽ ഹമാസ് ഉപയോഗിച്ചിരുന്ന തുരങ്കം കണ്ടെത്തിയതായി ഐഡിഎഫ് വക്താവ് യൂണിറ്റ് ചൊവ്വാഴ്ച രാവിലെ അറിയിച്ചു. തങ്ങൾക്ക് നേരെ വെടിയുതിർക്കുന്ന ഹമാസ് ആന്റി ടാങ്ക് മിസൈൽ സ്‌ക്വാഡിനെയും ഇവർ ആക്രമിച്ച് തകർന്നു. കഴിഞ്ഞ ദിവസം, ആയുധ നിർമ്മാണ കേന്ദ്രങ്ങൾ, ടാങ്ക് വിരുദ്ധ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, സൈനിക ആസ്ഥാനങ്ങൾ എന്നിവയുൾപ്പെടെ 200 ഓളം ഹമാസിന്റെ ലക്ഷ്യങ്ങൾ ഇസ്രയേൽ വ്യോമസേന തകർത്തിരുന്നു. ഹമാസിന്റെ നാവികസേന പരിശീലനത്തിനും ആയുധങ്ങൾ സൂക്ഷിക്കുന്നതിനുമായി ഉപയോഗിച്ചിരുന്ന സൈനിക ക്യാമ്പും ഐഡിഎഫ് തകർത്തതായി ജറുസലേം പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തു.

ചൊവ്വാഴ്ച രാവിലെ ഗസ്സയിലെ മിലിട്ടറി പൊലീസ് സ്റ്റേഷനിൽ ഇസ്രയേൽ പതാകകളും ഗോലാനി ബ്രിഗേഡിന്റെ പതാകയും പിടിച്ച് ഐഡിഎഫ് സൈനികർ ഫോട്ടോയെടുത്തു.ഏഴാം ബ്രിഗേഡിലെയും ഗൊലാനി ബ്രിഗേഡിലെയും ഐഡിഎഫ് സൈനികർ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗസ്സയിലെ ഷെയ്ഖ് എജലിൻ, റിമാൽ അയൽപക്കങ്ങളിലെ ഹമാസിന്റെ കേന്ദ്ര നിയന്ത്രണ കേന്ദ്രങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്. സർക്കാർ ഓഫീസുകൾ, പൊലീസ് ആസ്ഥാനം, ആയുധ നിർമ്മാണ കേന്ദ്രം എന്നിവയും ഐഡിഎഫ് ഏറ്റെടുത്തിട്ടുണ്ട്. ഹമാസിന്റെ ഓപ്പറേഷൻ ആസ്ഥാനം, ചോദ്യം ചെയ്യൽ തടങ്കൽ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്ന 'ജിസാത്' സമുച്ചയത്തിന്റെ നിയന്ത്രണവും ഇസ്രയേൽ പിടിച്ചു. സൈനിക, പൊലീസ് ഓഫീസുകൾ, െരഹസ്യാന്വേഷണ ഓഫീസുകൾ, സംഘടനയുടെ ആസ്ഥാനം എന്നിവയ്ക്കായി ഹമാസ് ഉപയോഗിച്ചിരുന്ന ഗസ്സയിലെ ഗവർണർ ഹൗസ് കെട്ടിടത്തിലും ഗോലാനി ബ്രിഗേഡ് റെയ്ഡ് നടത്തി. ഒക്ടോബർ ഏഴിലെ കൂട്ടക്കൊലയ്ക്ക് പരിശീലനം നൽകാൻ ഹമാസ് ഉപയോഗിച്ചിരുന്ന ഔട്ട്‌പോസ്റ്റുകളിലും ഐഡിഎഫ് റെയ്ഡ്നടത്തി.

സൈനിക ആവശ്യങ്ങൾക്കായി ഹമാസ് ഉപയോഗിക്കുന്ന സ്‌കൂളുകൾ, വീടുകൾ, ആശുപത്രികൾ എന്നിവയുൾപ്പെടെയുള്ള ഒന്നിലധികം കേന്ദ്രങ്ങൾ കണ്ടെത്തിയതായി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇതിന്റ വീഡിയോകളും അവർ പുറത്തുവിടുന്നുണ്ട്. ഒരു ഹമാസ് ഭീകരന്റെ വീട്ടിൽ നിന്ന് കുട്ടികളുടെ ആശുപത്രിയിലേക്കുള്ള ഒരു തുരങ്കവും ആശുപത്രിയുടെ ബേസ്‌മെന്റിൽ നിന്ന് ചാവേർ ബോംബർ വസ്ത്രങ്ങളും മറ്റ് ആയുധങ്ങളും കണ്ടെത്തിയിരുന്നു. ആശുപത്രിയുടെ ബേസ്‌മെന്റിൽ ഇസ്രയേൽ ബന്ദികളാക്കിയതിന്റെ സൂചനകളും ഐഡിഎഫ് കണ്ടെത്തി. പക്ഷേ ബന്ദികളെക്കുറിച്ച് ഇനിയും വിവരമില്ല.

തട്ടിക്കൊണ്ടുപോയ ബന്ദികളെ ഒളിപ്പിച്ചിരുക്കുന്നത്, ഗസ്സ മെട്രോ എന്ന് ഇസ്രയേൽ വിളിക്കുന്ന തുരങ്കങ്ങളിലാണ്. ഗസ്സയിൽ 500 കിലോമീറ്ററിൽ ചിലന്തിവലപോലെ വ്യാപിച്ച് കിടക്കുന്ന 1,600 ഓളം തുരങ്കങ്ങൾ ഉണ്ടെന്നാണ് കണക്ക്. ഇത്തരം പല തുരങ്കങ്ങളും പണിതിരിക്കുന്നത് സ്‌കുളുകൾക്കും ആശുപത്രികൾക്കും ഉള്ളിലായാണ്. ഈ ടണലുകൾ പൂർണ്ണമായും നിർവീര്യമാക്കുന്നുതുവരെ യുദ്ധം തുടരുമെന്നാണ് ഇസ്രയേൽ പറയുന്നത്.