സ്സ സിറ്റിയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫ ലക്ഷ്യമാക്കിയുള്ള ഇസ്രയേലിന്റെ സൈനിക നീക്കം ആഗോളവ്യാപകമായി അലപലപിക്കപ്പെടുകയാണ്. എന്നാൽ എന്തുകൊണ്ട് തങ്ങൾ ഈ സാഹചര്യത്തിലേക്ക് എത്തി എന്നതിന്റെ വിശദീകരണം നൽകുകയാണ് ഇസ്രയേൽ. ഈ ആശുപത്രിയിലാണ് 200ഓളം ഭീകരർ ഒളിച്ചിരുന്നതെന്നും, ഗസ്സയിലെ 500 കിലോമീറ്റർ വരുന്ന തുരങ്കത്തിന്റെ ഒരു ഭാഗം ഈ ആശുപത്രിക്ക് അടിയിലാണെന്നുമാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് ( ഐഡിഎഫ്) വക്താവ് പറയുന്നത്. ആശുപത്രിക്കടിയിൽ ഹമാസിന് കമാൻഡ് സെന്റർ ഉണ്ട്. അതും തകർക്കാനാണ് ഐഡിഎഫ് ശ്രമം.

ആശുപത്രിയിൽ പ്രവേശിക്കുന്നതിനു മുമ്പ് ഹമാസിനെ നേരിടേണ്ടിവന്നു. ഈ എറ്റുമുട്ടലിൽ അഞ്ച് ഭീകരരാണ് കൊല്ലപ്പെട്ടത്. എന്നാൽ ആശുപത്രിക്കുള്ളിൽ ഏറ്റുമുട്ടൽ ഉണ്ടായിട്ടില്ലെന്നും ഐഡിഎഫ് പറയുന്നു. രോഗികളുമായി ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. ഹോസ്പിറ്റലിൽ കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണമടക്കം എത്തിച്ചു. തങ്ങൾ ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തിയിട്ടില്ലെന്നും, ആവശ്യമായ ഓക്സിജനും, വെള്ളവും അടക്കമുള്ള എല്ലാ സംവിധാനവും തങ്ങൾ ഒരുക്കിയിട്ടുണ്ടെന്നാണ് ഐഡിഎഫ് പറയുന്നത്.

18 മണിക്കൂറിലധികം നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ ഹമാസിന്റെ ആയുധങ്ങൾ, സൈനിക ഉപകരണങ്ങൾ, രഹസ്യാന്വേഷണ സാങ്കേതികവിദ്യ എന്നിവയുടെ ദൃശ്യങ്ങൾ ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി ബുധനാഴ്ച രാത്രി പ്രദർശിപ്പിച്ചു. പക്ഷേ ഏതാനും ദിവസങ്ങൾക്ക് മുമ്പ് റാന്റിസി ഹോസ്പിറ്റലിൽ നിന്ന് കണ്ടെത്തിയ വിശാലമായ സ്ഫോടകവസ്തുക്കളും അത്യാധുനിക ആയുധങ്ങളും ഇവിടെനിന്ന് കണ്ടെടുത്തിട്ടില്ല.

ഒക്ടോബർ 7ന്റെ ആക്രമണത്തിൽ പങ്കെടുത്ത 200 ഓളം ഹമാസ് ഭീകരർ ശിഫ ഹോസ്പിറ്റലിൽ ഒളിച്ചരിക്കയാണെന്നാണ് പറയുന്നത്. അതുപോലെ ബന്ദികളെ ഇവിടെ സൂക്ഷിച്ചിരുന്നയായും ഐഡിഎഫ് ഇന്റലിജൻസ് സൂചിപ്പിച്ചതായി ഹഗാരി ചൂണ്ടിക്കാട്ടി. ശിഫ ആശുപത്രിയിൽ ഹമാസ് ഉപയോഗിച്ച സൈനിക ഉപകരണങ്ങളുടെ വീഡിയോയും ഐഡിഎഫ് പുറത്തിറക്കി. എംആർഐ മെഷീന്റെ പിന്നിൽ ഒളിപ്പിച്ച സൈനിക ഉപകരണങ്ങൾ ഇതിലുണ്ട്. ആശുപത്രിയിലുടനീളം വീഡിയോ ക്യാമറകൾ ആസൂത്രിതമായി മറച്ചിരിക്കയാണ്. ഉപേക്ഷിക്കപ്പെട്ട ധാരാളം ഹമാസ് യൂണിഫോമുകൾ ഇവിടെനിന്ന് ലഭിച്ചു. പക്ഷേ ബന്ദികളെ സൂക്ഷച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയില്ല.

രോഗികളെ ഉപദ്രവിക്കുക എന്നത് ഹമാസിന്റെ തന്ത്രമാണെന്നും അതിനാണ് ആശുപത്രികൾ താവളമാക്കുന്നുതെന്നും ഐഡിഎഫ് വക്താവ് പറഞ്ഞു. ' ഈ ദൗത്യം ഒരുപാട് സമയമെടുക്കും. ഇത് ഒരു സങ്കീർണ്ണമായ പ്രദേശമാണ്, ഇപ്പോഴും ധാരാളം സിവിലിയന്മാർ ചുറ്റും ഉണ്ട്. ''- ഐഡിഎഫ് വക്താവ് പറഞ്ഞു.ഇപ്പോഴും ശിഫ ആശുപത്രിയിൽ പരിശോധന തുടരുകയാണ്. കുട്ടികൾക്കുള്ള ഇൻകുബേറ്ററുകൾ, ഭക്ഷണം എന്നിവയും നിർണായക മെഡിക്കൽ ഉപകരണങ്ങളും എത്തച്ചതായും ഐഡിഎഫ് അറിയിച്ചു.

ജീവനക്കാർ ഭീതിയിൽ

ഐ.ഡി.എഫ് ദൗത്യം ആരംഭിച്ചതോടെ കടുത്ത ആശങ്കയിലാണ് ആശുപത്രിയിലുള്ളവർ. സൈനിക നീക്കംമൂലം ജീവനക്കാർ സുരക്ഷിതസ്ഥാനത്ത് ഒളിക്കേണ്ടിവന്നുവെന്ന് ഡോക്ടർമാർ പറയുന്നു. ജീവനക്കാർ വെടിയേൽക്കുമെന്ന ഭയംമൂലം ജനാലകൾക്കരികിൽനിന്ന് അകലം പാലിക്കുകയാണെന്നും ഡോക്ടർമാർ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. .അൽ-ശിഫയിലെ അത്യാഹിതവിഭാഗം, റിസപ്ഷൻ കെട്ടിടങ്ങൾക്കുള്ളിൽ ധാരാളം ഇസ്രയേൽ സൈനികരും കമാൻഡോകളുമുണ്ടെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ യൂസഫ് അബുൽ റീഷ് പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. മുറികളിലടക്കം സൈനികർ പരിശോധന നടത്തുന്നുണ്ട്.

ഇസ്രയേൽ സേനയുടെ നടപടിയിൽ ഐക്യരാഷ്ട്രസഭ (യു.എൻ) യും റെഡ് ക്രോസും ആശങ്ക അറിയിച്ചു. ആശുപത്രികൾ യുദ്ധക്കളങ്ങൾ അല്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ വിഭാഗം തലവൻ മാർട്ടിൻ ഗ്രിഫിത്സ് പറഞ്ഞു. അൽ-ശിഫയിലെ സൈനിക നീക്കം ഞെട്ടിക്കുന്നതാണെന്നും നവജാത ശിശുക്കൾ, രോഗികൾ, ആരോഗ്യപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'അൽ-ഷിഫ ആശുപത്രിയിലേക്കുള്ള സൈനിക നീക്കത്തിന്റെ റിപ്പോർട്ടുകൾ വളരെ ആശങ്കാജനകമാണ്. ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരുമായി ഞങ്ങൾക്ക് ബന്ധം നഷ്ടപ്പെട്ടു. അവരുടെയും രോഗികളുടെയും സുരക്ഷയിൽ ഞങ്ങൾ വളരെയധികം ആശങ്കാകുലരാണ്.' ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഭീകരത അവസാനിപ്പിക്കണമെന്ന് റെഡ് ക്രോസും ആവശ്യപ്പെട്ടു.

വൈദ്യുതിയില്ലാത്തതിനാൽ അടിസ്ഥാന ഉപകരണങ്ങളുടെ വരെ പ്രവർത്തനം നിലച്ച ആശുപത്രിയിൽ കുടുങ്ങിയ നൂറുകണക്കിനു രോഗികളുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ സംബന്ധിച്ചും ആശങ്ക ഉയരുന്നുണ്ട്. കുഞ്ഞുങ്ങൾ കൂടി വൈദ്യസഹായം കിട്ടാതെ മരിച്ചതായി അധികൃതർ അറിയിച്ചു. കിഴക്കൻ ഗേറ്റ് തകർത്ത് ഇസ്രയേൽ ടാങ്കുകൾ ആശുപത്രി വളപ്പിൽ പ്രവേശിച്ചെന്നും ഇത് എമർജൻസി വാർഡിനു മുന്നിലാണു നിർത്തിയിട്ടതെന്നും ഒരു ഡോക്ടറെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 7നു ശേഷം ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഫലസ്തീൻകാരുടെ എണ്ണം 11,300 ആയി.

ജനറേറ്ററുകൾ പ്രവർത്തിക്കാനുള്ള ഇന്ധനവും കിട്ടാതായതോടെ ഗസ്സയിൽ ആശുപത്രികൾ ഒന്നൊന്നായി അടക്കയാണ്. ഇതിനിടെ ഇന്ധനവുമായുള്ള ആദ്യ ട്രക്ക് ഇന്നലെ ഈജിപ്തിൽനിന്ന് റഫ ഇടനാഴിയിലൂടെ ഗസ്സയിൽ പ്രവേശിച്ചു. ചെക് പോസ്റ്റിൽ രണ്ട് ട്രക്കുകൾ കൂടി എത്തിയിട്ടുണ്ട്. ഇസ്രയേൽ ഉപരോധം തുടങ്ങിയശേഷം ഇതാദ്യമാണ് ഇന്ധനമെത്തുന്നത്. ആയുധങ്ങൾ കണ്ടെത്തിയെന്ന അവകാശവാദം ഗസ്സയിലെ കൂട്ടക്കൊലയ്ക്കുള്ള ന്യായീകരണം മാത്രമാണെന്നു പ്രതികരിച്ച ഹമാസ്, ആശുപത്രി ആക്രമണം യുദ്ധക്കുറ്റമാണെന്നും ഇസ്രയേലിനു പുറമേ യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇതിന് ഉത്തരവാദിയാണെന്നും പറഞ്ഞു.