ലണ്ടൻ: ബ്രിട്ടണിലെ അഭിപ്രായ സർവ്വേകളിൽ ലേബർ പാർട്ടി മുന്നിട്ടു നിൽക്കുകയാണെങ്കിലും, ലീഡിൽ കാര്യമായ കുറവ് വരുന്നതായി റിപ്പോർട്ട്. ഏറ്റവും പുതിയ സർവ്വേയിൽ ലേബർ, ടോറികളേക്കാൾ 13 പോയിന്റുകൾക്കാണ് മുന്നിട്ട് നിൽക്കുന്നത്. പാർട്ടി സമ്മേളനങ്ങൾക്ക് മുൻപുള്ളതിൽ വെച്ച് ഏറ്റവും കുറഞ്ഞ ലീഡ് ആണിത്. അതേസമയം, കഴിഞ്ഞയാഴ്‌ച്ച ഇടിഞ്ഞ കിയർ സ്റ്റാർമറുടെയും ഋഷി സുനകിന്റെയും ജനപ്രീതി ഈയാഴ്‌ച്ചയും വലിയ മാറ്റമില്ലാതെ തുടരുകയാണ്. സ്റ്റാർമറുടെ ജനപ്രീതി കഴിഞ്ഞയാഴ്‌ച്ചയിലേത് പോലെ മൈനസ് 9 ആയി തുടരുമ്പോൾ ഋഷിയുടെ ജനപ്രീതി മൂന്ന് പോയിന്റ് വർദ്ധിച്ച് മൈനസ് 29 ൽ എത്തിയിട്ടുണ്ട്.

റുവാണ്ടൻ പദ്ധതി സുഗമമാക്കുന്നതിനായി നിർമ്മിച്ച പുതിയ നിയമം പാസ്സാക്കിയെടുക്കാൻ ആയതാണ് ഋഷിക്ക് തുണയായത് എന്ന് കരുതുന്നു. വിമതശല്യം സാമർത്ഥ്യപൂർവ്വം മറികടന്ന് ബിൽ പാസ്സാക്കുകയായിരുന്നു ഋഷി സുനക്. ആഴ്‌ച്ചകളോളം പാർട്ടിക്കുള്ളിൽ ആഭ്യന്തര കലഹം തുടർന്നെങ്കിലും ബിൽ അവതരണ വേളയിൽ ആരും എതിർപ്പുമായി വന്നില്ല എന്നത് ശ്രദ്ധേയമായി.

ലേബർ പാർട്ടിയുടെ മേൽക്കൈ ഇപ്പോഴും രണ്ടക്കത്തിൽ തുടരുന്നുണ്ടെങ്കിലും അതിൽ കാര്യമായ തകർച്ച സംഭവിച്ചിട്ടുണ്ട്. ഏറ്റവും അവസാനം നടന്ന തെരഞ്ഞെടുപ്പിൽ 40 ശതമാനം വോട്ടായിരുന്നു ലേബർ പാർട്ടിക്ക് നേടാനായത്. അതേസമയം കൺസർവേറ്റീവ് പാർട്ടിക്ക് 27 ശതമാനം മാത്രമെ നേടാനായുള്ളു. അതേസമയം, അടുത്ത പ്രധാനമന്ത്രി ആരെന്ന കാര്യത്തിൽ സ്റ്റാർമർ, ഋഷിക്ക് മേൽ ആറ് പോയിന്റിന്റെ ലീഡ് നേടിയിട്ടുണ്ടെങ്കിലും, ഇവരൊന്നുമല്ല എന്ന ഓപ്ഷനു തന്നെയാണ് ഇപ്പോഴും ഏറ്റവും അധികം വോട്ട് ലഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

അടുത്ത കാലത്ത് പാർട്ടിക്കുള്ളിൽ ഋഷി സുനകിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും, ഋഷി ഇപ്പോൾ രാജിവയ്ക്കാൻ പൊതുജനങ്ങൾ ആഗ്രഹിക്കുന്നില്ല എന്നാണ് അഭിപ്രായ സർവ്വേകൾ പറയുന്നത്. നേരെ മറിച്ച് ബോറിസ് ജോൺസന്റെയും ലിസ് ട്രസ്സിന്റെയും പ്രധാനമന്ത്രി പദത്തിലുള്ള അവസാന നാളുകളിൽ, അവർ രാജിവയ്ക്കണം എന്ന ആവശ്യം ജനങ്ങൾക്കിടയിൽ ശക്തമായിരുന്നു എന്നതോർക്കണം.

ജോൺസൺ രാജിവയ്ക്കണമോ എന്ന ചോദ്യത്തിന് അന്ന് 67 ശതമാനം പേരായിരുന്നു വേണം എന്ന് അഭിപ്രായപ്പെട്ടത്. ലിസ് ട്രസ്സിന്റെ കാര്യത്തിൽ അത് 80 ശതമാനമായിരുന്നു. ഇപ്പോൾ 40 ശതമാനം പേർ മാത്രമാണ് ഋഷി സുനക് രാജിവയ്ക്കണം എന്ന് ആവശ്യപ്പെടുന്നത്. 34 ശതമാനം പേർ ഋഷി ആ സ്ഥാനത്ത് തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ്.

കുടിയേറ്റം രാഷ്ട്രീയ രംഗത്ത് സജീവ ചർച്ചയായി തുടരുമ്പോഴും വോട്ടർമാർ പ്രഥമ പരിഗണന നൽകുന്നത് എൻ എച്ച് എസ്സ് വെയിറ്റിങ് സമയം കുറക്കുന്നതിനാണെന്ന് അഭിപ്രായ സർവ്വേ ഫലം തെളിയിക്കുന്നു. കോസ്റ്റ് ഓഫ് ലിവിങ്, ഇന്ധന വില എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത് ഉള്ളത്. കുടിയേറ്റത്തിന് ഇപ്പോൾ നാലാം സ്ഥാനത്ത് മാത്രമാണ് ജനങ്ങളുടെ പരിഗണന ലിസ്റ്റിൽ സ്ഥാനം. എന്നിരുന്നാലും കൂടുതൽ ജനങ്ങൾ കുടിയേറ്റത്തിനും പരിഗണന നൽകാൻ തയ്യാറായിട്ടുണ്ട്.