മാലെ: കേരള നിയമസഭയിലെ 'ശിവൻകുട്ടി' ഇഫക്ട് മാലദ്വീപിലും. വർഷങ്ങൾക്ക് മുമ്പ് കേരള നിയമസഭ സാക്ഷിയായതിലും വലിയ അക്രമമാണ് മാലദ്വീപ് പാർലമെന്റിൽ ഉണ്ടായത്. മാലദ്വീപിൽ ഭരണ, പ്രതിപക്ഷ എംപിമാരുടെ കൂട്ടയടി സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇന്ത്യയുമായുള്ള നിലവിലെ സർക്കാരിന്റെ അകൽച്ച വലിയ പ്രതിഷേധമായി മാറുന്നുണ്ട് മാലദ്വീപിൽ. അതിനൊപ്പമാണ് പാർലമെന്റിലെ കൂട്ടയടിയും.

ഭരണകക്ഷികളായ പ്രോഗ്രസീവ് പാർട്ടി ഓഫ് മാലദ്വീപ് (പിപിഎം), പീപ്പിൾസ് നാഷനൽ കോൺഗ്രസ് (പിഎൻസി) അംഗങ്ങളും, പ്രതിപക്ഷ പാർട്ടിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) അംഗങ്ങളും തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘർഷത്തിൽ നിരവധി എംപിമാർക്ക് പരുക്കേറ്റു. ഒരു എംപിയുടെ തല പൊട്ടി. ഗുരുതര പരിക്ക് ഈ നേതാവിനുണ്ടായി. സമാനതകളില്ലാത്ത കൈയാങ്കളിയാണ് സംഭവിച്ചത്.

പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ മന്ത്രിസഭ ഭരണത്തിൽ തുടരുന്നതുമായി ബന്ധപ്പെട്ടുള്ള നിർണായക പാർലമെന്റ് സമ്മേളനം പ്രതിപക്ഷ അംഗങ്ങൾ തടസപ്പെടുത്താൻ ശ്രമിച്ചതോടെയാണ് കയ്യാങ്കളിയായത്. മന്ത്രിസഭയ്ക്ക് പാർലമെന്റ് അംഗീകാരം നൽകുന്നതിനുള്ള നിർണായക വോട്ടെടുപ്പ് ഇന്നു നടക്കാനിരിക്കുകയായിരുന്നു.

എന്നാൽ ചില കാബിനറ്റ് അംഗങ്ങളെക്കുറിച്ച് എതിർപ്പ് പ്രകടിപ്പിച്ച പ്രതിപക്ഷ അംഗങ്ങൾ നാല് മന്ത്രിമാർക്ക് അംഗീകാരം നൽകുന്നതിനെ എതിർത്തു. മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയും (എംഡിപി) ഡെമോക്രാറ്റുകളും ഈ മന്ത്രിമാർക്ക് അംഗീകാരം നൽകാനാകില്ലെന്ന് അറിയിച്ചു.

വോട്ടെടുപ്പിനു മുൻപ് പ്രതിപക്ഷ എംപിമാർ പാർലമെന്റ് ഫ്‌ളേറിൽ പ്രവേശിക്കുന്നത് വിലക്കിയതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വിയോജിപ്പ് പ്രകടിപ്പിക്കാൻ ചില എംപിമാർ സംഗീതോപകരണങ്ങൾ ഉൾപ്പെടെ വായിച്ചപ്പോൾ ചേംബറിനുള്ളിൽ സ്പീക്കർ ചെവി പൊചത്തിപ്പിടിക്കുന്നത് ഉൾപ്പെടെ കാണാമായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിലവിലെ പ്രസിഡന്റ് മുയിസു ചൈനീസ് അനുകൂലിയാണ്. ഇന്ത്യയെ എതിർക്കാനുള്ള മുയിസുവിന്റെ നീക്കങ്ങൾ മാലദ്വീപിൽ വൻ എതിർപ്പിന് വഴിവച്ചിരുന്നു.