അമ്മാൻ: ജോർദാനിൽ സിറിയൻ അതിർത്തിക്ക് സമീപമുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടു. 25 സൈനികർക്കു പരുക്കേറ്റു. സിറിയൻ അതിർത്തിയോടു ചേർന്നാണ് ആക്രമണമുണ്ടായതെന്ന് യുഎസ് അധികൃതർ അറിയിച്ചു. ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആരോപിച്ചു. സിറിയയിലും ഇറാഖിലും പ്രവർത്തിക്കുന്ന, ഇറാന്റെ പിന്തുണയുള്ള സംഘങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് ആരോപണം.

കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം നടത്തിയതിനു പിന്നാലെ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഈ മേഖലയിൽ യുഎസ് സൈനികർ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. യുഎസ് സൈനിക താവളങ്ങൾക്കു നേരെ മുൻപും ആക്രമണങ്ങൾ നടന്നിട്ടുണ്ടെങ്കിലും, ജീവഹാനി ഉണ്ടാകുന്നതും ആദ്യമാണ്. ഇറാൻ പിന്തുണയുള്ള സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും ശക്തമായി തിരിച്ചടിയുണ്ടാകുമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി.

ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവർക്ക് കൃത്യസമയത്ത് തക്ക തിരിച്ചടി നൽകുമെന്ന് ജോ ബൈഡൻ പ്രസ്താവനയിൽ അറിയിച്ചു. വീരമൃത്യു വരിച്ച സൈനികരുടെ ജീവത്യാഗം പാഴാകാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, അതിർത്തിക്ക് പുറത്തുള്ള യു.എസ് സൈനിക താവളത്തിന് നേരെയാണ് ഡ്രോൺ ആക്രമണം നടന്നതെന്ന് ജോർദാൻ അറിയിച്ചു.

ഇറാഖിലും സിറിയയിലുമുള്ള യുഎസ് സൈനികരെ ഉന്നമിട്ട് ആക്രമണങ്ങൾ വർധിക്കുന്നതിനിടെയാണ് മൂന്നു പേർ കൊല്ലപ്പെട്ടത്. സമീപകാലത്തായി യുഎസ് സൈനികർക്കെതിരെ ഈ മേഖലയിൽ 158 ചെറിയ ആക്രമണങ്ങൾ ഉണ്ടായതായാണ് കണക്ക്. ഡ്രോണുകളും റോക്കറ്റുകളും മിസൈലുകളും ഉപയോഗിച്ച് പലതവണ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, അവയൊന്നും യുഎസ് സൈന്യത്തിന് കാര്യമായ നാശമുണ്ടാക്കിയിരുന്നില്ല.