മോസ്‌കോ: യുക്രൈനുമായുള്ള യുദ്ധത്തിന്റെ പേരിൽ ലോകത്തിന്റെ കണ്ണിൽ വില്ലനാണ് വ്‌ലാദിമിർ പുടിൻ. ലോകം ഭയക്കുന്ന നേതാവെന്നാണ് പുടിനെ വീണ്ടും ലോകം വിശേഷിപ്പിക്കുന്നത്. ഇപ്പോൾ റഷ്യൻ റഷ്യൻ പ്രസിഡന്റ് പദത്തിലേക്ക് നീങ്ങഉകയാണ് അദ്ദേഹം. റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വ്‌ലാദിമിർ പുടിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക നടപടികൾ പൂർത്തിയായി. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് മുമ്പാകെ പുടിന്റെ നാമനിർദേശ പത്രിക രജിസ്റ്റർ ചെയ്തു. സ്ഥാനാർത്ഥിത്വത്തിന് ആവശ്യമായ രേഖകൾ കമീഷന് കൈമാറിയതായി പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞതായി റഷ്യൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.

ഇത്തവണയും സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് പുടിൻ മത്സരിക്കുന്നത്. യുനൈറ്റഡ് റഷ്യൻ പാർട്ടിയിലെ ഭാരവാഹികളും റഷ്യൻ ചലച്ചിത്രതാരങ്ങളും ഗായകരും കായികതാരങ്ങളും മറ്റ് പ്രമുഖ വ്യക്തികളുമാണ് പുടിനെ പിന്തുണച്ചത്. റഷ്യൻ തെരഞ്ഞെടുപ്പ് നിയമപ്രകാരം സ്വതന്ത്ര സ്ഥാനാർത്ഥിയെ 40 പ്രദേശങ്ങളിൽ നിന്നുള്ള 3 ലക്ഷം പേർ പിന്തുണക്കണം. എന്നാൽ, പാർട്ടി ടിക്കറ്റിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയെ 500 പേർ പിന്തുണച്ചാൽ മതി.

അഞ്ചാമങ്കത്തിന് ഇറങ്ങുന്ന പുടിൻ കൂടുതൽ കാലം റഷ്യൻ പ്രസിഡന്റയ വ്യക്തിയാണ്. 1999ൽ ബോറിസ് യെൽറ്റ്‌സിന്റെ പെട്ടെന്നുള്ള രാജിയെ തുടർന്ന് താൽകാലിക പ്രസിഡന്റ് പദവി ഏറ്റെടുത്ത പുടിൻ 2000ൽ തെരഞ്ഞെടുപ്പിൽ വിജയിച്ച് പ്രസിഡന്റായി. 2004ൽ വീണ്ടും ജയിച്ചു. രണ്ടു തവണയിൽ കൂടുതൽ തുടർച്ചയായി പ്രസിഡന്റാകാൻ കഴിയില്ലെന്ന വ്യവസ്ഥയുള്ളതിനാൽ 2008 മെയ്‌ എട്ടു മുതൽ 2012വരെ പ്രധാനമന്ത്രി പദവിയാണ് അദ്ദേഹം വഹിച്ചത്. ദിമിത്രി മെദ്‌വദേവ് ആയിരുന്നു ഈ കാലയളവിൽ പ്രസിഡന്റ്. 2012ൽ തെരഞ്ഞെടുപ്പിലൂടെ വീണ്ടും പ്രസിഡന്റായ അദ്ദേഹത്തിന് പിന്നീട് മാറേണ്ടി വന്നിട്ടില്ല.

നാലു വർഷ കാലാവധിയിൽ തുടർച്ചയായി രണ്ടു തവണയെ ഒരാൾക്ക് പ്രസിഡന്റാകാൻ കഴിയൂ എന്ന വ്യവസ്ഥ 2008ൽ ഭരണഘടന ഭേദഗതിയിലൂടെ ഒഴിവാക്കിയിരുന്നു. ആറു വർഷമാണ് നിലവിൽ പ്രസിഡന്റ് പദവിയുടെ കാലാവധി. വീണ്ടും മത്സരിക്കുന്നതിനും തടസ്സമില്ല. അതേസമയം, പുടിന് വെല്ലുവിളി ഉയർത്താൻ തക്ക ആരും പ്രതിപക്ഷത്തില്ല. യുക്രെയ്ൻ അധിനിവേശത്തെ എതിർത്ത പ്രധാന പ്രതിപക്ഷ നേതാവായ അലക്‌സി നവാൽനി ജയിലിലാണ്. യുദ്ധാനുകൂലിയായ ദേശീയവാദി ഇഗർ ഗിർകിനും ജയിലിൽ വിചാരണ കാത്തുകഴിയുന്നു.

മാർച്ച് 17ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുക്രെയ്‌നിൽ അധിനിവേശം നടത്തി നിയന്ത്രണം സ്വന്തമാക്കിയ പ്രദേശങ്ങളും വോട്ടെടുപ്പിന്റെ ഭാഗമാകും. 11 കോടി വോട്ടർമാരുണ്ടെങ്കിലും 7-8 കോടി ആളുകളാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക എന്നാണ് വിലയിരുത്തൽ. 2018ൽ 67.5 ശതമാനമായിരുന്നു പോളിങ്.

തീവ്രദേശീയതയിലൂടെ വളർന്ന് ഏകാധിപതിയിലേക്ക്

ഇടത്തരം കുടുംബത്തിൽ ജനിച്ച് സ്വയം ലോകം വെട്ടിപ്പിടിച്ച കഥയാണ് വ്ളാദിമർ പുടിന്റെത്. 1952 ഒക്ടോബർ 7ന് സോവിയറ്റ് യൂണിയനിലെ ലെനിൻ ഗ്രാഡിൽ വ്ളാമിദർ സ്പിരഡണോവിച്ച് മരിയ ഷെലമോവ ദമ്പതികളുടെ മകനായാണ് ജനനം. പിതാവ് നാവികസേനയിൽ നാവികനും മാതാവ് ഫാക്ടറി തൊഴിലാളിയും ആയിരുന്നു. സ്‌കൂൾ വിദ്യാഭ്യാസകാലത്ത് സ്പോർട്സിൽ താല്പര്യം പ്രകടിപ്പിച്ച ഇദ്ദേഹം ജൂഡോയിൽ വൈദഗ്ധ്യം നേടിയിരുന്നു. കോളജിൽ പഠിക്കുമ്പോൾ ഉന്മേഷവാനായ സംഗീതപ്രേമിയായിരുന്നു അദ്ദേഹമെന്ന് സുഹൃത്തുക്കൾ ഓർമ്മിക്കുന്നുണ്ട്. കുറ്റാന്വേഷകനാകണമെന്നായിരുന്നു അക്കാലത്തെ ആഗ്രഹം. പുട്ടിൻ 1975 ൽ ലെനിൻഗ്രാഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും സാർവ്വദേശീയ നിയമത്തിൽ ബിരുദം നേടി. ഇക്കാലത്ത് അദ്ദേഹം സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുകയും 1991 ൽ പാർട്ടി പിരിച്ച് വിടുന്നതുവരെ അംഗത്വം തുടരുകയും ചെയ്തു.

1975 ൽ ബിരുദപഠനത്തിനുശേഷം റഷ്യൻ ചാരസംഘടനയായ കെ.ജി.ബി യിൽ ചേർന്നു. പരിശീലനത്തിനുശേഷം ലെനിൻ ഗ്രാഡിൽ വിദേശിക ളെയും, നയതന്ത്രപ്രതിനിധികളെയും നിരീക്ഷിക്കുന്ന വിഭാഗത്തിലാണു അദ്ദേഹം ജോലിചെയ്തത്. 1985 മുതൽ 1990 വരെ കിഴക്കൻ ജർമ്മനിയിലെ ഡ്രെസ്ഡനിലും സേവനം അനുഷ്ഠിച്ചു. കിഴക്കൻ ജർമ്മനിയുടെ പതനത്തിനുശേഷം പുട്ടിനെ സോവിയറ്റ് യൂണിയനിലേക്കു തിരിച്ചുവിളിച്ചു. രഹസ്യാന്വേഷണ രംഗത്തും ഗൂഢാലോചനകൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിലും പുടിനുള്ള വൈഭവം പേരുകേട്ടതാണ്. ഇതാണ് ബോറിസ് യെൽസിന്റെ ശ്രദ്ധ പിടിച്ചു പറിയത്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം പ്രസിഡന്റ് ബോറിസ് യെൽസിന്റെ ഭരണത്തിൽ റഷ്യ കലങ്ങിമറിഞ്ഞു കൊണ്ടിരിക്കേയായിരുന്നു 1999ൽ പ്രധാനമന്ത്രിയെന്ന നിലയിലുള്ള പുടിന്റെ രംഗപ്രവേശം.

യെൽസിന് പറ്റിയ ഒരു അബദ്ധമാണ് പുടിന്റെ വരവ് എന്ന് പലരും പിന്നീട് വിലയിരുത്തിയിട്ടുണ്ട്. യെൽസിനു കീഴിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പുട്ടിന്റെ കടന്നുവരവ് നേതൃത്വത്തിലെ പലരെയും കടപുഴക്കിക്കൊണ്ടായിരുന്നു. മോസ്‌കോയിൽ നടന്ന തീവ്രവാദി ആക്രമണങ്ങൾക്ക് പിന്നിൽ ചെചൻ തീവ്രവാദികളാണെന്ന് പുടിൻ പറയുന്നുണ്ടെങ്കിലും, അധികാരത്തിലേക്ക് വരാൻ അദ്ദേഹം തന്നെ സ്വീകരിച്ച കുതന്ത്രമായിരുന്നോ ഇതെന്ന് സംശയിക്കുന്നവരും ഏറെയാണ്. ചെചൻവാസികൾക്കുനേരെ നടത്തിയ ആക്രമണങ്ങളിലൂടെയാണ് പുടിൻ വളർന്നുവന്നത്. ചെച്‌നിയയെ തുടച്ചുനീക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കിക്കൊണ്ട് റഷ്യക്കാരുടെ മനസ്സിൽ ദേശീയതയെന്ന വികാരം കുത്തിവെക്കാനും പുടിനായി. ഈ ദേശീയ വികാരമാണ് ഇപ്പോഴും പുടിൻ തിരഞ്ഞെടുപ്പ് വേളകളിൽ ആളിക്കത്തിക്കുന്നത്. റഷ്യയില്ലെങ്കിൽ ലോകമുണ്ടാവില്ലെന്ന മുദ്രാവാക്യം ജനങ്ങൾക്കിടയിൽ വളർത്തിയെടുക്കാൻ അദ്ദേഹം വിജയിച്ചത് ഈ തിരഞ്ഞെടുപ്പിലും പ്രകടമായിരുന്നു.

യെൽസിൻ വിരമിച്ചതോടെ അടുത്ത വർഷം പ്രസിഡന്റായി. രണ്ടു തവണയായി എട്ടു വർഷം ആ സ്ഥാനത്തിരുന്നു. തുടർച്ചയായി മൂന്നാം തവണയും പ്രസിഡന്റാകുന്നതിനു ഭരണഘടന തടസ്സമായപ്പോഴാണ് 2008ൽ സ്ഥാനമൊഴിഞ്ഞു പ്രധാനമന്ത്രിയായത്. തന്റെ കീഴിൽ ഒന്നാം ഉപപ്രധാനമന്ത്രിയായിരുന്ന മെദ്വദേവിനെ പ്രസിഡന്റാക്കുകയും ചെയ്തു. പക്ഷേ, ഭരണത്തിന്റെ കടിഞ്ഞാൺ അപ്പോഴും പുടിന്റെ കൈകളിൽ തന്നെയായിരുന്നു. ഭരണഘടനയെ അങ്ങനെ മറികടന്നശേഷം 2012ൽ മൂന്നാം തവണയും പ്രസിഡന്റായി. മെദ്വദേവിനെ പ്രധാനമന്ത്രിയാക്കി. പക്ഷേ, ജനങ്ങൾ പ്രതിഷേധിച്ചു. തലേവർഷത്തെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന പേരിൽ മോസ്‌ക്കോയിലെ തെരുവുകൾ ഇളകി മറിയുകയായിരുന്നു അപ്പോൾ. പുടിൻ മൂന്നാമതും പ്രസിഡന്റാകുന്നതിനെതിരായ സമരവുമായി അതു മാറി. പുടിൻ ഗൗനിച്ചില്ല. അതിനുശേഷമാണ് പ്രസിഡന്റിന്റെ സേവന കാലാവധി നാലു വർഷത്തിൽനിന്ന് ആറു വർഷമാക്കി വർധിപ്പിക്കാൻ പാർലമെന്റ് തീരുമാനിച്ചത്. 2016ൽ നടക്കേണ്ടിയിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് അങ്ങനെ 2018ലേക്കു നീണ്ടു. അതിലും മൽസരിച്ചു ജയിച്ചാണ് 2024 മാർച്ചുവരെ അധികാരത്തിലിരിക്കാൻ പുടിൻ അർഹത നേടിയത്. രണ്ടു തവണയും തിരഞ്ഞെടുപ്പിൽ വ്യാപകമായ കൃത്രിമം നടന്നുവെന്ന ആരോപണവും ഉയരുകയുണ്ടായി. ആയുസ്സും ആരോഗ്യവും ഉണ്ടെങ്കിൽ 2024നു ശേഷം 71 വയസ്സുകഴിഞ്ഞു നിൽക്കുമ്പോഴും പുടിൻ തന്നെയായിരിക്കും അധികപക്ഷവും റഷ്യയുടെ നായകൻ. അതിനുള്ള കരുനീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

സ്വവർഗപ്രണയികളുടെ അവകാശങ്ങൾക്കായി വാദിക്കുന്നതും എഴുതുന്നതും കുറ്റകരമാക്കി തുടങ്ങിയ നിരവധി മനുഷ്യവകാശ ലംഘനങ്ങളും പുടിന്റെ പേരിലുണ്ട്. ഇങ്ങനെ ചെയ്യുന്നവർക്ക് ഒരുലക്ഷം റൂബിൾ വരെയാണ പിഴ. ഇന്റർനെറ്റ് സൈറ്റുകളെയും ബ്ലോഗുകളെയും നിരീക്ഷിക്കാനും റഷ്യൻ സെക്യൂരിറ്റി സർവീസിന് കൂടുതൽ അധികാരം നൽകി. റാലികളിലും പ്രതിഷേധ പ്രകടനങ്ങളിലും അനുവാദമില്ലാതെ പങ്കെടുക്കുന്നതിലും വിലക്കേർപ്പെടുത്തി. യുക്രൈൻ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ ഉൾപ്പെടുന്ന വസ്ത്രങ്ങൾ ധരിക്കുന്നതിനും പുടിൻ വിലക്കേർപ്പെടുത്തി.

ജനാധിപത്യ രീതിയിലാണ് അധികാരത്തിലേറുന്നതെങ്കിലും, ഏകാധിപത്യ പ്രവണതകളാണ് പുടിൻ പ്രകടിപ്പിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. പ്രതിപക്ഷമില്ലാതെയാണ് റഷ്യയിൽ പുടിന്റെ ഭരണം. തീരുമാനങ്ങളെ ആരും ചോദ്യം ചെയ്യുന്നുമില്ല. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടുവെന്നത് ഇപ്പോൾ ഏവരും അംഗീകരിച്ചിട്ടുള്ള കാര്യമാണ്. ട്രംപിന്റെ രഹസ്യങ്ങൾ പലതും പുടിന്റെ പക്കലുണ്ടെന്നും തിരഞ്ഞെടുപ്പിനെ റഷ്യ നിയന്ത്രിച്ചിരുന്നുവെന്നതും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. പുടിനെ ആരാധനയോടെയാണ് താൻ കാണുന്നതെന്ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. റഷ്യക്കെതിരേ കടുത്ത പ്രയോഗങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഇപ്പോഴും മുതിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

എതിർക്കുന്നവരെല്ലാം ദുരൂഹമായി കൊല്ലപ്പെടുന്നു

എതിർക്കുന്നവരെ കൊന്നുതള്ളുകയെന്നതാണ് പുട്ടിന്റെ രീതി. ആദ്യം അധികാരത്തിലെത്തിയപ്പോൾ തന്നെ രാഷ്ട്രീയ എതിരാളിയാവുമെന്ന് പുടിൻ ഭയന്ന മിഖായിൽ കൊഡർക്കോവ്‌സ്‌കിയെ സാമ്പത്തിക തിരിമറികൾ ആരോപിച്ച് തടവിലാക്കിയത് 10 വർഷമാണ്. മുൻ ലോക ചെസ് ചാംപ്യനും പുടിന്റെ വിമർശകനുമായ ഗാരി കാസ്പറോവ് ഭരണകൂടത്തിന്റെ പീഡനം ഭയന്ന് റഷ്യയിൽ നിന്ന് പലായനം ചെയ്തു. മുൻ സുഹൃത്തും പിന്നീട് പുടിന്റെ മുഖ്യ ശത്രുവുമായി മാറിയ കോടീശ്വരൻ ബോറിസ് ബെറെസോവ്‌സ്‌കി ബ്രിട്ടനിൽ രാഷ്ട്രീയാഭയം തേടിയെങ്കിലും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 'സോവിയറ്റ് റഷ്യാനന്തര കാലത്തെ റാസ്പുട്ടിൻ' എന്നാണ് ബെറെസോവ്‌സ്‌കി വിശേഷിപ്പിക്കപ്പെട്ടിരുന്നത്. വ്ളാദിമിർ പുട്ടിന്റെ കടുത്ത വിമർശകനായ മുൻ ഉപപ്രധാനമന്ത്രി ബോറിസ് നെംത്സോവ് 2015 ഫെബ്രുവരി 27നു ക്രെംലിൻ പാലത്തിലൂടെ വീട്ടിലേക്കു നടന്നുപോകുമ്പോൾ വെടിയേറ്റു മരിച്ചു.

2019 നവംബറിൽ ഒരു മരണം റഷ്യയെ പിടിച്ചുകുലുക്കിയിരുന്നു. ജയിംസ് ലേ മെസൂരിയർ എന്ന ബ്രിട്ടീഷ് ആർമി ഓഫിസർ മരിച്ചതോ അതോ റഷ്യൻ ചാരന്മാരാൽ കൊല്ലപ്പെട്ടതോ എന്നാണോ അന്ന് ഉയർന്ന പ്രധാനവിവാദം. പുടിന്റെ വിമർശകരെല്ലാം ബാൽക്കണിയിൽ നിന്നും വീണ് മരിക്കുന്നതാണ് ഇങ്ങനെ ഒരു സംശയത്തിന് കാരണം. ഇസ്താംബൂളിലെ മുൻ ബ്രിട്ടീഷ് ആർമി ഓഫിസറായ ജെയിംസ് ലേയുടെ മരണം ഉയർത്തുന്നത് മറ്റൊരു ഗൂഢാലോചനാ തിയറിയാണ്. കാരണം ജെയിംസ് ലേ അടക്കം നിരവധി റഷ്യൻ വിമർശകരാണ് ബാൽക്കണിയിൽ നിന്നും വീണ് മരിച്ചിട്ടുള്ളത്. ഇത് റഷ്യൻ ഗൂഢാലോചനയാണെന്നാണ് ഇപ്പോൾ വിമർശകർ ഉന്നയിക്കുന്നത്

ജയിംസ് ലേ ബ്രിട്ടീഷ് ചാരനാണെന്ന് ക്രെംലിൻ പരസ്യ പ്രസ്താവന നടത്തിയതിന് മൂന്ന് ദിവസത്തിന് ശേഷമാണ് 48കാരനായ ജെയിംസിനെ ഇസ്താംബൂളിലെ ഒരു സ്ട്രീറ്റിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തുന്നത്. അർധരാത്രിയിൽ കെട്ടിടത്തിന്റെ മുകളിലെ ജനൽ വഴി താഴേക്ക് വീണതായാണ് കരുതുന്നത്. അദ്ദേഹം താഴേയ്ക്ക് ചാടിയതാണോ അതോ ആരെങ്കിലും തള്ളി താഴേയ്ക്ക് ഇട്ടതാണോ എന്നതാണ് ഇപ്പോഴത്തെ ചർച്ച. തിങ്കളാഴ്ച രാവിലെ പള്ളിയിലേക്ക പോയ നാട്ടുകാരണ് റോഡിൽ അദ്ദേഹം മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. മരിക്കുമ്പോൾ വെള്ള ഷർട്ടും ചാര നിരത്തിലുള്ള ട്രൗസറും കയ്യിൽ വാച്ചും ധരിച്ചിരുന്നു അദ്ദേഹം. മൃതദേഹത്തിന്റെ തലയോട്ടിക്കും കാലിനും ഒടിവുകളും ചതവുകളും ഉണ്ട്. മുഖം കൂർത്ത എന്തോ ഒന്ന് കൊണ്ട് മുറിഞ്ഞിട്ടുണ്ട്. ആത്മഹത്യയാകുമെന്നാണ് ടർക്കിഷ് പൊലീസ് കരുതുന്നത്.അതി സമ്മർദ്ദത്തെ അതിജീവിക്കാൻ അദ്ദേഹം മരുന്നുകൾ കഴിച്ചിരുന്നതായി ഭാര്യ എമ്മ വിൻബർഗ് പറയുന്നു. ആത്മഹത്യയാണെന്ന നിലപാടിലാണ് പൊലീസ്.

എന്നാൽ റഷ്യയെ കുറിച്ച് അറിയാൻ ശ്രമിച്ച നിരവധി പേരുടെ കെട്ടിടത്തിൽ നിന്നും വീണുള്ള മരണമാണ് പാശ്ചാത്യ രാജ്യങ്ങളെ ഇങ്ങനെ ഒരു സംശയത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുന്നത്. പത്രപ്രവർത്തകരും, നിയമജ്ഞരും എയ്ഡ് വർക്കർമാരും അടക്കം ക്രെംംലിൻ കടന്ന നിരവധി പേരാണ് കെട്ടിടത്തിൽ നിന്നും വീണ് മരിച്ചിട്ടുള്ളത്. അല്ലെങ്കിൽ താഴേക്ക് വലിച്ചെറിയപ്പെട്ടിട്ടുള്ളത്. റഷ്യൻ മിഷണറീസിനെ കുറിച്ചും റഷ്യയിലെ അഴിമതിയെ കുറിച്ചും വാർത്തകൾ പുറത്തുകൊണ്ടു വന്ന മാക്സിം ബോർഡിൻ എന്ന റഷ്യൻ പത്ര പ്രവർത്തകൻ കഴിഞ്ഞ വർഷമാണ് മരിച്ചത്. ബാൽക്കണിയിൽ നിന്നും താഴേക്ക് വീണായിരുന്നു അദ്ദേഹത്തിന്റെ മരണം. 12 മാസങ്ങൾക്ക് മുമ്പ് നിയമജ്ഞനായ നികോൽ ഗോർഖോവും നാല് നിലക്കെട്ടിടത്തിന്റെ ജനലിൽ നിന്നും താഴേയ്ക്ക് വീണ് മരിച്ചിരുന്നു. ടാക്സ് വെട്ടിപ്പിന് റഷ്യൻ സർക്കാർ ജയിലിലടച്ചതിനെ തുടർന്ന് 2009ൽ കൊല്ലപ്പെട്ട സെർജി മാഗ്‌നറ്റ്സ്‌കിയുടെ വക്കീലായിരുന്നു അദ്ദേഹം.

റഷ്യയുടെ സിറിയയും ഇറാനുമായുള്ള ആയുധ കച്ചവടത്തെ കുറിച്ച് അന്വേഷണം നടത്തിയ ഇവാൻ സർഫ് നോവ് 2007ൽ അഞ്ച് നില കെട്ടിടത്തിന്റെ ജനലിലൂടെ താഴേക്ക് വീണും മരിച്ചിരുന്നു. അതിനും രണ്ട് വർഷങ്ങൾക്ക് ശേഷം സർക്കാരിനെതിരെ വാർത്ത നൽകിയ ബ്രോഡ് കാസ്റ്റർ ഒൾഗ കോട്ടോസ്‌ക്യ 14-ാം നിലയിൽ നിന്നാണ് വീണ് മരിച്ചത്. അതും ആത്മഹത്യയായി വിധി എഴുതി. ഒരു ബ്രിട്ടീഷ് പൗരനും ഇതേ വിധിയുണ്ടായി. പ്രോപ്പർട്ടി ഡവലപ്പറായ സ്‌കോട്ട് യങും റഷ്യൻ ചാരന്മാരാൽ 2014ൽ ബ്രിട്ടനിൽ വെച്ച് കൊല്ലപ്പെട്ടു. ഇതിനാൽ തന്നെ ജെയിംസ് ലേയുടെ മരണത്തിൽ സംശയിക്കത്തക്കതായി എന്തോ ഉണ്ടെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ജെയിംസ് ലേയുടെ മരണത്തിൽ ആംനെസ്റ്റി ഇന്റർനാഷണൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. വൈറ്റ് ഹെൽമെറ്റ്സിന്റെ പബ്ലിക്ക് ഫേസ് എന്ന നിലയിൽ ജെയിംസ് ലേ നിരവധി വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. വെള്ളിയാഴ്ച വൈറ്റ് ഹെൽമെറ്റ്സ് നിരവധി അപകരടകാരികളായ തീവ്രവാദി ഗ്രൂപ്പുകൾക്ക് സഹായം നൽകുന്നതായി റഷ്യയുടെ വിദേശ മന്ത്രാലയം ആരോപിച്ചിരുന്നു. ജെയിംസ് ലേ ബ്രിട്ടന്റെ എം 16ന്റെ മുൻ ഏജന്റാണെന്നും ആരോപിച്ചിരുന്നു. ഇതിന് മുന്ന് ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ മരണം.

2015ൽ പുടിന്റെ സ്ഥിരം വിമർശകനായ പ്രതിപക്ഷ നേതാവ് ബോറിസ് നെംറ്റ്‌സോവ് തെരുവിൽ വെടിയേറ്റ് മരിച്ചിരുന്നു. തന്റെ അധികാരം നിലനിർത്താൻ ഹിറ്റ്‌ലർക്ക് സമാനമായ ചെയ്തികളാണ് പുട്ടിൻ കാട്ടിക്കൂട്ടുന്നത്. വൈകുന്നേരം ഒരു സ്ത്രീക്കൊപ്പം ഒരു പാലത്തിലൂടെ നടന്ന് പോകുന്നതിനിടെയാണ് മോസ്‌കോയിലെ തെരുവിൽ വച്ച് നെംറ്റ്‌സോവ് വെടിയേറ്റ് മരിച്ചിരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്ന് തിരിച്ചറിയപ്പെടാത്തയാണ് ഇദ്ദേഹത്തിനെതിരെ നാല് വട്ടം വെടിവച്ചത്. തുടർന്ന് മുൻ ഉപപ്രധാനമന്ത്രി കൂടിയായിരുന്ന നെംറ്റ്‌സോവ് മരണമടയുകായിരുന്നു. ക്രെംലിന് തൊട്ടടുത്ത് നിന്നാണ് ഈ വെടിവയ്പ് നടന്നത്. എന്നാൽ കൂടെയുള്ള സ്ത്രീ ആക്രമിക്കപ്പെട്ടിട്ടില്ല. ഇവർ ഉക്രയിൻ കാരിയാണെന്നാണ് സൂചന.

സംഭവത്തെ പ്രസിഡന്റ് പുടിൻ അപലപിച്ചിട്ടുണ്ട്. ഇതിന് പുറകിൽ കോൺട്രാക്ട് കില്ലർമാരാണെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രതിപക്ഷം മോസ്‌കോയിൽ സംഘടിപ്പിക്കാനിരുന്ന വലിയ പ്രതിഷേധത്തിനെതിരെയുള്ള പ്രതികരണമാണീ വെടിവയ്‌പെന്നാണ് പുട്ടിന്റെ വക്താവായ ദിമിത്രി പെസ്‌കോവ് പറയുന്നത്.1990കളിലാണ് നെംറ്റ്‌സോവ് റഷ്യയിലെ ഉപപ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നത്. ഒരു വേള ഇദ്ദേഹം ബോറിസ് യെൽറ്റ്‌സിന്റെ പിന്തുടർച്ചാവകാശിയായി ഉയർന്ന് വരാനുള്ള സാധ്യതയും തെളിഞ്ഞിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടന്ന ആശങ്ക അദ്ദേഹം ഈ മാസമാദ്യം പ്രകടിപ്പിച്ചിരുന്നു. പുട്ടിൻ സർക്കാരിന്റെ കഴിവ് കേടിനെ നെംറ്റ്‌സോവ് കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഇതിന് പുറമെ അഴിമതി, ഉക്രയിനിന്റെ കാര്യത്തിലുള്ള റഷ്യയുടെ നിലപാട് തുടങ്ങിയവയെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. അഴിമതിക്കെതിരെ തെരുവുകളിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ച നെറ്റ്‌സോവ് അഴിമതിയെ വിമർശിച്ച് ശക്തമായ ഭാഷയിൽ എഴുതുകയും ചെയ്തിരുന്നു. ഈ ഞായറാഴ്ച ഏററവും വലിയ പ്രതിഷേധം മോസ്‌കോയിൽ സംഘടിപ്പിക്കാനിരിക്കെയാണ് അദ്ദേഹം കൊല്ലപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ച ഫിനാൻഷ്യൽ ടൈംസിൽ പുടിനെ വിമർശിച്ച് കൊണ്ട് എഴുതിയതിന് തൊട്ടുപിറകയൊണ് നെറ്റ്‌സോവ് കൊല്ലപ്പെട്ടിരിക്കുന്നത്.

20,000കോടി ഡോളറിന്റെ സ്വത്തുക്കൾ; ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ

എല്ലാ ഏകാധിപതികളെയുംപോലെ കോടികളുടെ സമ്പാദ്യം പുടിനുമുണ്ട്. പക്ഷേ ഒരു വാഹനവും പ്രസിഡന്റ് പദവിയുടെ ശമ്പളവും അല്ലാതെ മറ്റൊന്നും താൻ സമ്പാദിച്ചിട്ടില്ലെന്നാണ് പറയുന്നത്. പക്ഷേ ഇത് ശുദ്ധ തട്ടിപ്പാണെന്ന് ഡെയ്ലിമെയിൽ, ബിബിസി തുടങ്ങിയ മാധ്യമങ്ങൾ നിരവധി തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 20,000കോടി ഡോളറിന്റെ സ്വത്തുക്കൾ, 58 സ്വകാര്യ വിമാനങ്ങൾ, 20 ഇടങ്ങളിൽ ആഡംബര സൗധങ്ങൾ, അഞ്ച് ലക്ഷം ഡോളർ വിലയുള്ള വാച്ച്, തുടങ്ങിയവ അവയിൽ ചിലത് മാത്രമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി ഫോർബ്സ് മാഗസിൻ ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒി കണക്കാക്കിയിരിക്കുന്നത് മൈക്രോസോഫ്റ്റ് ഉടമ ബിൽ ഗേറ്റ്സിനെയാണ്. 75 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ മൊത്തം ആസ്തി. എന്നാൽ ഏറ്റവും പുതിയ വിവരങ്ങൾ വച്ച് കണക്ക് കൂട്ടുമ്പോൾ പുട്ടിന്റെ മൊത്തം ആസ്തി 200ബില്യൺ ഡോളറാണ്.

പുടിന് 2007ൽ മൊത്തം ആസ്തി 40 ബില്യൺ ഡോളറുണ്ടായിരുന്നുവെന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ധനായ സ്റ്റാൻസ്ലേവ് ബെൽകോവ്സ്‌കി കണക്കാക്കിയിരുന്നത്. എന്നാൽ എഴുത്തുകാരനും റഷ്യയിലെ മുൻ ഫണ്ട് മാനേജരുമായ ബിൽ ബ്രൗഡർ നിരത്തുന്ന കണക്കുകൾ പ്രകാരം പുടിന്റെ മൊത്തം ആസ്തി 200 ബില്യൺ ഡോളറാണ്. ഇത്രയൊക്കെ സമ്പത്തുണ്ടായിട്ടും ഫോർബ്സ് തങ്ങളുടെ സമ്പന്നരുടെ പട്ടികയിൽ പുട്ടിനെ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ പൊതു-സ്വകാര്യ കമ്പനികളിലുള്ള ഓഹരികൾ, റിയൽ എസ്റ്റേറ്റ്, യാട്ടുകൾ, പണം എന്നിവടയക്കമുള്ള വ്യക്തിപരമായ ആസ്തികളെ കണക്കാക്കിയാണ് തങ്ങൾ സമ്പന്നരുടെ പട്ടിക തയ്യാറാക്കാറുള്ളതെന്നും എന്നാൽ ലോകനേതാക്കളെ പ്രത്യേകിച്ച് സ്വേച്ഛാധിപതികളുടെ സമ്പത്തിനെ ഇതിൽ ഉൾപ്പെടുത്താറില്ലെന്നും അവർ അവ സമ്പാദിക്കുന്നത് തങ്ങളുടെ അധികാരമുപയോഗിച്ചാണെന്നും ഫോർബ്സ് വിശദീകരണം നൽകിയിട്ടുണ്ട്. ഇത് 2007ലെ കണക്കാണ്. ഇപ്പോൾ ഇത് എത്രകോടിയായി ഉയർന്നെന്ന് ആർക്കും അറിയില്ല. അതുകൊണ്ടുതന്നെ ഇന്ന് ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി പുടിൽ തന്നെയാണെന്ന് വ്യക്തമാണ്.

ബെൽകോവ്സ്‌കി നിരത്തുന്ന കണക്കുകൾ പ്രകാരം എണ്ണ വ്യവസായമാണ് പുടിന്റെ വരുമാനത്തിന്റെ പ്രധാന സ്രോതസ്. എണ്ണകമ്പനിയായ സർജുന്റ്നെഫ്ടെഗസ്സിന്റെ 37 ശതമാനവും പുട്ടിനാണ് നിയന്ത്രിക്കുന്നത്. പ്രകൃതിവാതക കമ്പനിയായ ഗാർസ്പ്രോമിന്റെ 4.5 ശതമാനവും കമ്മോദിറ്റീസ് ട്രേഡറായ ഗൺവോറിന്റെ നല്ലൊരു പങ്കും പുട്ടിന്റെ കൈയിലാണുള്ളത്. എന്നാൽ പുട്ടിന് ഇതിൽ ഉടമസ്ഥാവകാശം ഉണ്ടെന്ന വാർത്ത ഗൺവോർ നിഷേധിച്ചിട്ടുണ്ട്. 2012ൽ 93 ബില്യൺ ഡോളർ വരുമാനമുണ്ടാക്കിയ കമ്പനിയാണിത്. ആദ്യം പുട്ടിന്റെ ആസ്തി 40 ബില്യൺ എന്ന് കണക്കാക്കിയ ബെൽകോവ്സ്‌കി പിന്നീട് ഇത് 70 ബില്യൺ ഡോളറാക്കി ഉയർത്തിയിരുന്നു. കോർപറേഷനുകളിലെ നിഗൂഡ ഉറവിടങ്ങളിൽ നിന്നും തനിക്ക് പുട്ടിന്റെ സമ്പത്തിനെ പറ്റി കൂടുതൽ വിവരങ്ങൾ ലഭിച്ചുവെന്നായിരുന്നു ബെൽകോവ്സ്‌കി ഇതിന് നൽകിയ ന്യായീകരണം.

പുടിന്റെ സമ്പത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ് 35 മില്യൺ ഡോളർ വില വരുന്ന ചെറുകപ്പലായ ഒളിമ്പിയ. ചെൽസിയ ഫുട്ബോൾ ക്ലബ് ഉടമയായ റോമൻ അബ്രമോവിച്ചാണിത് പുടിന് നൽകിയിരിക്കുന്നതെന്നാണ് സൂചന. പ്രസിഡന്റായതിനെ തുടർന്നുള്ള സമ്മാനമായിരുന്നു ഇത്. എന്നാൽ കരിങ്കടലിലെ ഒരു കൊട്ടാരമാണ് പുടിന്റെ സമ്പത്തിന്റെ ഏറ്റവും വലിയ മൂർത്ത രൂപം. അതിന് ഒരു ബില്യൺ ഡോളർ വില വരും. പുട്ടിന് 58 വിമാനങ്ങളും ഹെലികോപ്റ്ററുകളുമുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ ഒരു രാഷ്ട്രീയ എതിരാളി വെളിപ്പെടുത്തുന്നത്. കൂടാതെ 20 കൊട്ടാരങ്ങളും കൺട്രി റിട്രീറ്റുകളും പുടിനുണ്ട്. പുടിൻ ഉപയോഗിക്കുന്ന പ്രൈവറ്റ് ജെറ്റിന്റെ വില 137 മില്യൺ ഡോളറാണ്. ഇതിന്റെ കാബിനിലെ ബാത്ത് റൂമിൽ സ്വർണം കൊണ്ട് പിടിപ്പിച്ച അലങ്കാരങ്ങൾ വരെയുണ്ട്.നോർത്ത് വെസ്റ്റ് റഷ്യയിലെ ലേക്ക് വാൽദായിൽ ഉള്ള 2300 ഏക്കർ സ്ഥലമാണ് മറ്റൊരു സ്വത്ത്. ഫോർബ്സ് മാഗസിന്റെ സമ്പന്നരുടെ ലിസ്റ്റിൽ പുടിൻ ഇല്ലെങ്കിലും ലോകത്തിലെ ഏറ്റവും ശക്തരായ നേതാക്കളുടെ ലിസ്റ്റിൽ പുടിൻ സ്ഥാനം പിടിച്ചിട്ടുണ്ട്. എന്നാൽ തനിക്ക് 119,000 ഡോളറും രണ്ട് അപാർട്ട് മെന്റുകളും ഒരു കാർ പാർക്കിങ് ഗാരേജിൽ ഓഹരിയും മാത്രമേയുള്ളുവെന്നായിരുന്നു 2015ൽ പുടിൻ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നത്.