ഗസ്സ: യുദ്ധകെടുതിയിൽ വലയുന്ന ഗസ്സയിലെ ജനങ്ങൾക്ക് ആശ്വാസമായിരിക്കുന്നത് യു.എൻ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയുടെ പ്രവർത്തനങ്ങളാണ്. കിഴക്കൻ ജറുസലേമിൽ പ്രവർത്തിക്കുന്ന ഏജൻസിയെ കെട്ടുകെട്ടിക്കാനുള്ള ശ്രമമാണ് ഇസ്രയേലിന്റെ ഭാഗത്തു നിന്നും ഇപ്പോൾ ഉണ്ടാകുന്നത്. കിഴക്കൻ ജറുസലേമിൽ 75 വർഷമായി ആസ്ഥാനമായി പ്രവർത്തിക്കുന്ന കെട്ടിടത്തിൽനിന്ന് ഉടൻ ഒഴിഞ്ഞുപോകാൻ ഇസ്രയേലി ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതായി യു.എൻ.ആർ.ഡബ്ല്യു.എ മേധാവി ഫിലിപ്പ് ലസാരിനി പറഞ്ഞു.

ഇസ്രയേലി ഉദ്യോഗസ്ഥരുടെ സംഘടിത ശ്രമത്തിൽ ഫലസ്തീനി അഭയാർത്ഥികൾക്കായുള്ള യു.എൻ.ആർ.ഡബ്ല്യു.എ ചക്രശ്വാസം വലിക്കുകയാണെന്ന് യു.എൻ ജനറൽ അസംബ്ലി പ്രസിഡന്റിനോട് ഫിലിപ്പ് ലസാരിനി പറഞ്ഞു. വർഷങ്ങളായി കിഴക്കൻ ജറുസലേമിൽ പ്രവർത്തിക്കുന്ന തൊഴിൽ പരിശീലന കേന്ദ്രം ഒഴിയാനും ഇതുവരെ ഉപയോഗിച്ചതിന് പിഴയായി 4.5 മില്ല്യൺ ഡോളർ (37.29 കോടി രൂപ) ഫീസ് നൽകാനും ഇസ്രയേൽ ലാൻഡ് അഥോറിറ്റി യു.എൻ.ആർ.ഡബ്ല്യു.എയോട് ഉത്തരവിട്ടതായി അദ്ദേഹം വെളിപ്പെടുത്തി. 1952ൽ ജോർദാനാണ് ഈ കേന്ദ്രം യു.എൻ.ആർ.ഡബ്ല്യു.എക്ക് നൽകിയത്.

ഏജൻസിക്ക് വിവിധ രാജ്യങ്ങൾ നൽകുന്ന സാമ്പത്തിക സഹായം റദ്ദാക്കാൻ ഇസ്രയേൽ അന്താരാഷ്ട്ര തലത്തിൽ നീക്കം നടത്തുകയും വിവിധ രാജ്യങ്ങൾ ഇതിന് പിന്തുണ നൽകുകയും ചെയ്തിരുന്നു. ഇതോടെ സാമ്പത്തികമായി ഞെരുങ്ങിയ യു.എൻ.ആർ.ഡബ്ല്യു.എ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

ഇതിനുപുറമേ, മറ്റുരാജ്യങ്ങളിൽനിന്നുള്ള ഏജൻസിയുടെ ജീവനക്കാർക്കുള്ള എൻട്രി വിസ ഒന്നോ രണ്ടോ മാസത്തേക്ക് മാത്രമായി ഇസ്രയേൽ പരിമിതപ്പെടുത്തുകയും ചെയ്തു. യു.എൻ.ആർ.ഡബ്ല്യു.എയുടെ നികുതി ഇളവ് ആനുകൂല്യങ്ങൾ റദ്ദാക്കുമെന്ന് ഇസ്രയേലി ധനമന്ത്രി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഏജൻസിയുടെ ബാങ്ക് അക്കൗണ്ട് ഇസ്രയേൽ ബാങ്ക് മരവിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ ഏജൻസിക്ക് വരുന്ന ചരക്കുകൾ ഇസ്രയേലി കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയും ചെയ്യുന്നുണ്ട്.

ഇസ്രയേലിന്റെ ഈ നീക്കം യു.എൻ.ആർ.ഡബ്ല്യു.എയുടെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുകയും ജീവനക്കാരുടെ ജീവൻ തന്നെ അപകടത്തിലാക്കുകയും ചെയ്യുന്നതായി ലസാരിനി പറഞ്ഞു. അതേസമയം ഇസ്രയേൽ- ഫലസ്തീൻ സംഘർഷം അവസാനിപ്പിക്കാൻ ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന് ചൈന അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ആവശ്യപ്പെട്ടു. ഇസ്രയേൽ തുടരുന്ന വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ തുടരുന്ന വാദത്തിലാണ് ചൈന നിലപാട് വ്യക്തമാക്കിയത്.

ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശത്തിന് ചൈന എന്നും പിന്തുണ നൽകിയിട്ടുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിയമോപദേശകനായ മാ സിന്മിൻ പറഞ്ഞു. സമഗ്രമായ വെടി നിർത്തൽ വേണമെന്ന് നിരവധിതവണ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ആവശ്യപ്പെട്ടിട്ടുണ്ട്.

ചർച്ചകളിലൂടെ ദ്വിരാഷ്ട്ര പരിഹാരം സാധ്യമാക്കണം. വിദേശ അടിച്ചമർത്തൽ ചെറുക്കാനും സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനും വേണ്ടിയുള്ള ഫലസ്തീൻ ജനത നടത്തുന്ന പോരാട്ടം അവരുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര കോടതിയുടെ അഭിപ്രായത്തിന് ആയിരക്കണക്കിന് നിരപരാധികളായ സ്ത്രീകളുടെയും കുട്ടികളുടെയും ജീവൻ രക്ഷിക്കാനാകുമെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി റാസാ നജഫ് കോടതിയിൽ പറഞ്ഞു. ഫലസ്തീനികളുടെ സ്വയം നിർണയാവകാശത്തിനുള്ള ന്യായമായ അവകാശം സാധ്യമാക്കാനും കോടതിയുടെ അഭിപ്രായത്തിന് വഴിയൊരുക്കാനാവും. അധിനിവേശ ഇസ്രയേൽ സേന തുടർച്ചയായ നിയമലംഘനങ്ങൾ നടത്തുകയാണ്-അദ്ദേഹം പറഞ്ഞു.