ലണ്ടന്‍: ചരിത്രത്തിലെ ഏറ്റവും നാണംകെട്ട പരാജയം ഏറ്റുവാങ്ങുമെന്ന് സൂചിപ്പിച്ചുകൊണ്ട് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ ഋഷി സുനകിന്റെ നേതൃത്വത്തിനെതിരെ വിമതനീക്കം ശക്തമായി. ഋഷി പാര്‍ട്ടി നേതൃസ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പല മുതിര്‍ന്ന നേതാക്കളും രംഗത്തെത്തിക്കഴിഞ്ഞു. ലേബര്‍ പാര്‍ട്ടി മൃഗീയ ഭൂരിപക്ഷം നേടുന്നത് ആപത്താണ് എന്ന് അഭിപ്രായമുള്ള ഒരു മുന്‍ ക്യാബിനറ്റ് മന്ത്രി പറഞ്ഞത് ബോറിസ് ജോണ്‍സനെ പുറകില്‍ നിന്നും കുത്തിയ ഋഷി സുനക്, ചരിത്രത്തിലെ ഏറ്റവും മോശം പ്രധാനമന്ത്രിയായി ഓര്‍മ്മിക്കപ്പെടും എന്നാണ്.

മറ്റൊരു മുതിര്‍ന്ന നേതാവ് പറഞ്ഞത്, എക്സിറ്റ് പോളില്‍ പ്രവചിച്ചതിനേക്കാള്‍ അല്‍പം മെച്ചപ്പെട്ട നിലയില്‍ എത്തിയാല്‍ പോലും ഋഷി സുനക് രാജിവയ്ക്കണം എന്നത് ഉറച്ച ആവശ്യമാണ് എന്നാണ്. സെപ്റ്റംബറില്‍ നടക്കുന്ന പാര്‍ട്ടി സമ്മേളനത്തിന് മുന്‍പായി പുതിയ നേതാവ് സ്ഥാനമേല്‍ക്കുമോ എന്നത് മാത്രമെ അറിയാനുള്ളു എന്നും ഈ നേതാവ് പറയുന്നു.

ടോറികള്‍ക്ക് വോട്ട് ലഭിക്കുന്നതിനുള്ള ദൈവീക നിയോഗമൊന്നുമില്ല എന്നായിരുന്നു. ജനങ്ങള്‍ തെരഞ്ഞെടുക്കുന്നവര്‍ പ്രധാനമന്ത്രിയായി തുടരണം എന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഇടക്ക് നടത്തിയ നേതൃമാറ്റം പാര്‍ട്ടിയെ കുറിച്ചുള്ള ജനാഭിപ്രായത്തിന് മങ്ങളേല്‍പിച്ചു എന്നും ജേക്കബ് റീസ്- മോഗ് കൂട്ടിച്ചേര്‍ത്തു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ജനഹിതം മനസ്സിലാക്കാതെ പെരുമാറിയതാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ണ്ണ വിവേചനത്തെ കുറിച്ചും വംശീയ വിവേചനത്തെ കുറിച്ചും ഒക്കെയുള്ള വായ്ത്താരികള്‍ ജനങ്ങള്‍ക്ക് മടുത്തു എന്നായിരുന്നു ഇത്തവണ തെരഞ്ഞെടുപ്പില്‍ നിന്നും മാറി നിന്ന ഡെയിം ആന്‍ഡ്രിയ ലീഡ്‌സം പറഞ്ഞത്.

ഇന്നലെ വോട്ടിംഗ് പൂര്‍ത്തിയായ ഉടന്‍ പുറത്തുവന്ന എക്സിറ്റ് ഫലങ്ങളില്‍ മൊത്തം 650 സീറ്റുകളില്‍ 410 സീറ്റുകള്‍ വരെ ലേബര്‍ പാര്‍ട്ടി നേടുമെന്നാണ് പ്രവചിച്ചിരുന്നത്. അതായത് 170 സീറ്റുകളുടെ ഭൂരിപക്ഷം ലഭിക്കും. നേരത്തെ അഭിപ്രായ സര്‍വ്വേകള്‍ പ്രവചിച്ചിരുന്നതു പോലെ ടോണി ബ്ലെയറിന്റെ 179 സീറ്റിന്റെ ഭൂരിപക്ഷം എന്ന റെക്കോര്‍ഡ് തകരുകയില്ല എന്നര്‍ത്ഥം.ടോറികള്‍, അഞ്ചു വര്‍ഷം മുന്‍പ് നേടിയ 365 സീറ്റുകളില്‍ നിന്നും 131 സീറ്റുകളിലെക്ക് എത്തുമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു.

ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 61 സീറ്റുകളും നെയ്ജല്‍ ഫരാജിന്റെ റിഫോം യു കെ പാര്‍ട്ടിക്ക് 13 സീറ്റുകളുമായിരുന്നു പ്രവചിച്ചിറ്റുന്നത്. എന്നാല്‍, പല മണ്ഡലങ്ങളിലും വലിയ തോതില്‍ വോട്ടുകള്‍ പിടിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അന്തകനാകാന്‍ റീഫോം പാര്‍ട്ടിക്ക് കഴിയുമെന്നും പ്രവചിച്ചിരുന്നു. ഇതുവരെ എത്തിയ ഫലങ്ങള്‍ അത് സത്യമാണെന്നു തന്നെയാണ് തെളിയിക്കുന്നതും. എന്നിരുന്നാലും, റിഫോം യു കെയുടെ വോട്ടുകള്‍ രാജ്യമാകെ ചിതറി കിടക്കുന്നതിനാല്‍, അവര്‍ക്ക് കാര്യമായ സീറ്റുകള്‍ നേടാനാകില്ലെന്നും ചില രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.